Thursday, February 28, 2019

ഗുരുകഥാവലി അഞ്ച്

ഗുരു ഇരിക്കുന്ന ആൽത്തറയിൽ വിശ്രമിക്കാനിരുന്ന വഴിപോക്കൻ ഗുരുവിനോടാരാഞ്ഞു: "ഞാനൊരു ചന്ദ്രദേശക്കാരനാണ്. സൂര്യദേശത്തെക്ക് പോകുന്നു. അവിടെ താമസമാക്കിയാലോ എന്നാലോചിക്കുകയാണ്. എങ്ങനെയാണ് സൂര്യദേശക്കാർ, നല്ലവരാണോ?"

ഗുരു പറഞ്ഞു " പറയാം. അതിനു മുമ്പ്...പറയൂ: എങ്ങിനെയുണ്ട് ചന്ദ്രദേശക്കാർ,  അവർ നല്ലവരാണോ? "

"പറയാതിരിക്കുകയാണ് ഭേദം. വളരെ മോശം! പരസ്പരസ്നേഹമില്ലാത്തവരാണ്, സ്വാർത്ഥികളാണ്, ദുഷ്ടൻമാരാണ്.......

" ഓഹ്! അങ്ങിനെയാണോ? പറയട്ടെ! സൂര്യദേശക്കാരും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട. നിങ്ങടെ ചന്ദ്രദേശക്കാരെ പോലെത്തന്നെ വളരെമോശക്കാരാണ്". ഗുരു പറഞ്ഞു
സമയം കഴിഞ്ഞു. മറ്റൊരു വഴിപോക്കൻ ഗുരുവിന്നടുത്തത്തി. അയാൾ പറഞ്ഞു "ഞാൻ സൂര്യദേശക്കാരനാണ്. ചന്ദ്രദേശത്തേക്ക് പോകുന്നു. അവിടെതാമസമാക്കിയാലോ എന്നാലോചിക്കുന്നു. എങ്ങിനെയാണ് ചന്ദ്രദേശക്കാർ, നല്ലവരാണോ? "

"പറയാം. അതിനുമുമ്പ് നിങ്ങൾ പറയൂ: എങ്ങിനെയാണ് സൂര്യദേശക്കാർ, നല്ലവരാണോ?"

"സൂര്യദേശക്കാരോ? അവർ വളരെ നല്ലവരാണ്. സ്നേഹസമ്പന്നർ, വിശ്വസതർ, എന്ത് സഹായത്തിനും എപ്പോഴും തയ്യാർ...,..." വഴിപോക്കൻ

"ഓഹ്! അങ്ങിനെയാണോ? ചന്ദ്രദേശക്കാരും ഒരുമാറ്റവുമില്ല. വളരെ വളരെ നല്ലവർ!!! " ഗുരൂ മൊഴിഞ്ഞു.

ഗുരുപാഠം: നൻമതേടുന്നവർ കാണുന്നതെല്ലാം നന്മ

Monday, February 18, 2019

ഗുരുകഥാവലി നാല്

ലോകത്തെ ഏറ്റവും വിലയേറിയ ഭൂപ്രദേശം ഏത്? ഗുരു ചോദിച്ചു.

"അറേബിയ! എണ്ണ എന്ന അവശ്യ വസ്തുവിന്റെ ഒടുങ്ങാത്ത ഉറവിടമാണല്ലൊ". ഒരു ശിഷ്യൻ മൊഴിഞ്ഞു.
" സ്വർണ്ണവും രത്നവും ഒളിഞ്ഞ് കിടക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡമാണ്" മറ്റൊരു ശിഷ്യൻ. "ഏതുവിത്തെറിഞ്ഞാലും നൂറുമേനി, ഏതുതൈ നട്ടാലും ഫലസമൃദ്ധി! നല്ല മണ്ണ്നിറഞ്ഞ ദക്ഷിണ അമേരിക്ക!" അടുത്ത ശിഷ്യൻ.
പലർക്കും പല അഭിപ്രായം!

ഒടുവിൽ ഗുരൂപറഞ്ഞു: " നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ ഞാനെന്റെ ശരി പറയട്ടെ? ഗുരുകാരണവൻമാർ അന്ത്യ വിശ്രമം കൊള്ളുന്ന ശ്മശാനഭൂമിയാണ് ഏറ്റവും വിലയേറിയ ഭൂമി! കാരണം, അവരിൽ മിക്കവരും മഹത്തായ ആശയങ്ങൾക്ക് ഉടമകളായിരുന്നു. ചെയ്ത് തീർക്കണമെന്ന് കരുതിയ പല മഹത്കൃത്യങ്ങളും ചെയ്ത്തീർക്കാനാകതെ അവർ ബാക്കിവെച്ച് പോയിട്ടുണ്ട്. അവരുടെ ആശയങ്ങൾ, അവർ ബാക്കി വെച്ച്പോയ കർമ്മപദ്ധതികൾ!!!! അവയെന്തെന്നറിയുക! അവയോളം വിലപിടിച്ചതായി ലോകത്ത് മറ്റെന്തുണ്ട്??!!!!