Wednesday, March 20, 2019

ഗൂരുകഥാവലി ഒന്ന്

ആഹ്ളാദത്തിന് നിദാനമായ ഘടകങ്ങളെന്തൊക്കെയാണ്, ഗുരോ?

ഗുരു പറഞ്ഞു: ഒരു സംഭവം പറയാം. വിജയിച്ച ക്രിക്കറ്റ് ടീമിലെ വിജയശില്പികളായ രണ്ടു പേരിൽ ഒരാൾ മാത്രം മറ്റുള്ളവരെപ്പോലെ ആഹ്ളാദിക്കുന്നില്ല. ഇന്റർവ്യൂ ചെയ്ത പത്രപ്രതിനിധിയോട് അയാൾ പറഞ്ഞു
"എനിക്കേറ്റവും ഇഷ്ടപ്പെട്ട കളി ബാസ്കറ്റ് ബാളാണ്. ഒരു മികച്ച ബാസ്കറ്റ് ബാൾ കളിക്കാരനാകണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ഇന്ത്യയിൽ കൂടുതൽ പണം സമ്പാദിക്കണമെങ്കിൽ ക്രിക്കറ്റ് കളിക്കണം. എനിക്കന്ന് പണം അത്യാവശ്യമായിരുന്നു. എന്റെ മനസ്സ് ഇപ്പോഴും ബാസ്കറ്റ്ബാൾ കോർട്ടിലാണ്

ഗുരുപാഠം :  സന്തുഷ്ട ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരുഘടകമാണ് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകാനാകുക എന്നത്

Friday, March 15, 2019

ഗുരുകഥാവലി മൂന്ന്

ഗുരുപുരത്തെ കണ്ണാടിമാളിക ആത്മജ്ഞാനവേദിയെന്നാണറിയപ്പെട്ടിരുന്നത്.  കണ്ണാടി മാളികയുടെ ചുമരുകളും, നിലവും തട്ടും എല്ലാംതന്നെ കണ്ണാടികൊണ്ടുള്ളതായിരുന്നു. ആത്മജ്ഞാനാന്വേഷിയായ ശ്വാനകുമാരനൊരുവൻ ഒരുനാൾ മാളികയിലെത്തി.   മാളികയുടെ നടുത്തളത്തിൽ കയറിയ ശ്വാനകുമാരൻ തന്റെ മുന്നിലും പിന്നിലും ഇടത്തും വലത്തും കാൽക്കീഴിലും  തലക്കുമുകളിലും മറ്റ് നോക്കുന്നിടത്തെല്ലാംതന്നെ തെളിഞ്ഞ തന്റെ പ്രതിരൂപങ്ങൾ കണ്ട് അമ്പരന്നു,   അവനുറക്കെ കുരച്ചു!    കണ്ണാടിച്ചുമരുകൾക്കുള്ളിൽ കുരയൊച്ച ചെകിടടക്കും വിധം പ്രതിധ്വനിച്ചു ! ഭയവിഹ്വലനായ ശ്വാനൻ മോങ്ങി  മോങ്ങിക്കരഞ്ഞു! കണ്ണാടികൾക്കുപിന്നിൽ ശ്വാനൻമാർ കൂടെനിന്ന് മോങ്ങി.   ഭയം, അമ്പരപ്പ്, വിഭ്രാന്തി......എല്ലാം ചേർന്നപ്പോൾ ശ്വാനകുമാരൻ മാളികയുടെ പുറത്തേക്ക് ഓടിയിറങ്ങി.  നേരെച്ചന്ന് നിന്നത് ഗുരുവിന്ന് മുന്നിൽ.
ഗുരു പറഞ്ഞു: "കുമാരാ! നീ കാണുന്ന ലോകം നിന്റെ പ്രതിബിംബമാണ്! നീകേൾക്കുന്ന ശബ്ദം നിന്റെ പ്രതിധ്വനിയാണ്! നീ കുരച്ചാൽ കൂടെക്കുരക്കും ! നീ കൊടുത്തത് നിനക്ക് കിട്ടും, നീ വിതച്ചത് നീ കൊയ്യും, നിന്നിൽ നീ കാണുന്നത് നീ മറ്റുള്ളവരിൽ കാണും"