Friday, October 11, 2019

പൈലി ദ ഗ്രേറ്റ്!!

പൈലി പള്ളീലെ കപ്യാരായിരുന്നു. ഒട്ടും തന്നെ പഠിച്ചിട്ടില്ല. വായിക്കാനും എഴൂതാനും അറിയില്ല. പുതിയ വികാരിയച്ചൻ ചാർജെടുത്തത് പൈലിക്ക് പ്രശ്നമായി. പള്ളിയിൽ കൈക്കാരന്റെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. എഴുത്തറിയാവുന്ന ഒരാളെ നിയമിച്ചാൽ കപ്യാരുടെ പണിയും കൈക്കാരന്റപണിയും ഒരാളെക്കൊണ്ട് ചെയ്യിക്കാമല്ലൊ എന്നായി പുതിയ അച്ചന്റെ ഐഡിയ. പൈലിയെ അച്ചൻ പിരിച്ച് വിട്ടു.
എഴുതാനും വായിക്കാനുമറിയാത്ത പൈലിക്കെന്ത് ജോലി കിട്ടാനാണ്? പൈലി തേങ്ങാക്കച്ചവടം തുടങ്ങി. നാട്ടിലെ തേങ്ങ വാങ്ങി പൊളിച്ചുടച്ച് കൊപ്പരയാക്കി മില്ലിൽകൊണ്ടുപോയി വിൽക്കും.   ചെയ്യുന്ന ജോലി ചെയ്യേണ്ടവണ്ണം വൃത്തിയായി ചെയ്യുക, ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യുക.....ഇതാണ് പൈലിയുടെ രീതി. അതുകൊണ്ട് തന്നെ കച്ചവടം കൊഴുത്തു വന്നു. കൃഷിക്കാർക്ക് ന്യായമായ വില, മില്ലുകാർക്ക് നല്ലകൊപ്പര!! അങ്ങിനെയിരിക്കെ,  പൈലി സ്ഥിരമായി കൊപ്ര കൊടുത്തിരുന്ന മില്ല് വില്പനക്ക് വെച്ചു. നോക്കിനടത്താൻ വയ്യ.  മക്കൾക്ക് തീരെതാല്പര്യമില്ല.  ചെയ്യുന്ന ജോലിയിലെ നിഷ്കർഷയുടെ കാര്യത്തിൽ മില്ലുടമസ്തൻ ഗോപാലേട്ടൻ പൈലിയെപ്പോലെയുള്ള ഒരാളായിരുന്നു.  പറ്റിയ ഒരാളെത്തന്നെ ഏല്പിക്കണമെന്ന് ആഗ്രഹിച്ച ഗോപാലേട്ടൻ മില്ല് പൈലിക്ക്കൊടുത്തു.  പിന്നീടങ്ങോട്ട് വെച്ചടിവെച്ചടി കയറ്റം. എണ്ണമില്ലിൽനിന്ന് ഹെയർഓയിലിലേക്ക്, പിന്നെ സോപ്പ്, പേസ്റ്റ്........വാണിജ്യ വ്യവസായികളുടെ ഭാഷയിൽ forward and horizontal integration !! ഒരൂ വ്യവസായപ്രമുഖൻ ആയിത്തീർന്നൂ  നമ്മുടെ കപ്യാരു് പൈലി.

ഇന്റർവ്യൂ ചെയ്ത പത്രപ്രതിനിധി പൈലി നിരക്ഷരനാണ് എന്നറിഞ്ഞ് അത്ഭുതം കൊണ്ടു!! അദ്ദേഹം ചോദിച്ചു "പൈലിസ്സാർ! വിദ്യാഭ്യാസം കൂടിയൂണ്ടായിരുന്നു എങ്കിൽ അങ്ങ് എവിടെ എത്തുമായിരുന്നു?!!!!" പൈലി പറഞ്ഞു  " അത്യാവശ്യം എഴുതാനും വായിക്കാനും അറിയുമായിരുന്നുവെങ്കിൽ  ഞാൻ ഇപ്പോഴും പള്ളീലെ കപ്യാരായി കഴിയുന്നൂണ്ടാകും!" ‹

Thursday, October 3, 2019

പടച്ചോന്റെ ചിരീ

യ: കൃത്വാ വിശ്വ രംഗം രജനിയവനികം പ്രോജ്വലൽ ഭാനുദീപം ശശ്വൽസന്തുഷ്ട സമ്പ്രേക്ഷകമഖിലജഗത് ഭ്രാന്തിനാട്യം വിതത്യ കർമ്മൗഘോച്ചണ്ഡമാർ- ദ്ദംഗികലയവശഗാൻ വാസനാഗാനസക്താൻ ജീവച്ഛാത്രാൻമുകുന്ദ: സ്വയമഭിരമതേ ക്രീഡയൻ സോസ്തു ഭൂത്യൈ 

ലോകം ഒരുകളിത്തട്ട്. രാത്രിയുടെ തിരശ്ശീല, സൂര്യന്റെ വെളിച്ചസംവിധാനം...മനുഷ്യനും മറ്റുജീവജാലങ്ങളും കഥാപാത്രങ്ങൾ. അവർ ആടിത്തീർക്കുന്ന കഥാമുഹൂർത്തങ്ങൾ,  പലപ്പോഴും തനി പച്ചപ്രാന്ത്!  ഈ പ്രാന്ത് കണ്ട്  തമ്പുരാൻ ചിരിക്കുനചിരിയേയാണോ  മേൽപ്പത്തൂർ ശ്ളോകത്തിൽ കാണിച്ചുതരുന്നത്?

നമുക്ക് വെള്ളപ്പൊക്കം മറക്കാം, തകർന്ന റോഡുകളും വീടുകളും മറക്കാം, കടലിലേക്കൊഴുകിപ്പോയ വളക്കൂറുള്ളമണ്ണ് മറക്കാം, കാലാവസ്ഥാ വ്യതിയാനം മറക്കാംപട്ടിണിമരണങ്ങൾ മറക്കാം, വർദ്ധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങൾ മറക്കാം, ആർടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ കടന്നു കയറ്റം മറക്കാം!  കാരണം  നമ്മുടെ ഇന്നത്തെ നീറുന്ന പ്രശ്നങ്ങൾ ഇവയൊന്നമല്ലല്ലോ!   ശബരിമല സ്ത്രീ പ്രവേശമാണല്ലൊ മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. (ദിലീപിനേയും സോളാറിനേയും വെട്ടിച്ചു ശബരിമല മുന്നേറുകയാണ്) ".....ഭ്രാന്തി നാട്യം വിതത്യ....മുകുന്ദ: സ്വയമഭിരമതേ..." വാൽക്കഷണം: അമ്ബാനി- കിമ്ബാനിമാരുടെ "ജീബി" ക്കച്ചവടം പൊടിപൊടിക്കട്ടെ