Friday, September 29, 2023

നിരോക്സീകാരികൾ

നിരോക്സീകാരികൾ

     കോടാനുകോടി കോശങ്ങളാൽ നിർമ്മിച്ചതാണ് നമ്മുടെ ശരീരം.  ഈ കോശങ്ങൾക്കോരോന്നിനും  പുറത്തുനിന്നുള്ള ചില ശത്രുക്കളെ നേരിടേണ്ടി വരുന്നു.  അവയെ നമ്മൾ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിങ്ങനെ വിളിക്കുന്നു.  അവയെ നേരിടാനുള്ള ശക്തമായ രോഗപ്രതിരോധ സംവിധാനം നമുക്കുണ്ട്.   എന്നാൽ നമ്മുടെ കോശങ്ങളെക്കേടാക്കുന്ന,  നമ്മുടെ ഉള്ളിൽ നിന്നു തന്നെയുള്ള കുറെ ശത്രുക്കൾ നമുക്കുണ്ട്.  ഫ്രീറാഡിക്കൽ എന്നു വിളിക്കുന്ന ഈ ശത്രുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.   നാമേറെ ഭയപ്പെടുന്ന ഹാർട്ടറ്റാക്ക്,  കാൻസർ എന്നിവക്ക് പോലും ഇവ കാരണമാകുന്നു.

ഓക്സിജൻ ജീവവായുവാണ്.  ഇല്ലാതെ ജീവൻ നിലനിൽക്കില്ല.  ഇതേ ഓക്സിജൻ ചില സാഹചര്യങ്ങളിൽ ഒരു നാശക രൂപമെടുക്കുന്നു.  ശരീരത്തിൽ സദാസമയത്തും നടന്നുകൊണ്ടിരിക്കുന്ന പല അവശ്യ പ്രവർത്തനങ്ങളുടേയും ഉപോൽപ്പന്നമാണ് ഫ്രീ റാഡിക്കലുകൾ.   ഫ്രീ റാഡിക്കലുകൾ റിയാക്ടീവ് ഓക്സിജൻ ആറ്റങ്ങളാണ്. 
ഇവ നല്ല ആരോഗ്യമുള്ള കോശങ്ങളിൽ നിന്നും ഇലക്ട്രോണുകൾ മോഷ്ടിച്ചെടുക്കുന്നു.  ഈ ഇലക്ട്രോൺ മോഷണം ആരോഗ്യമുള്ള കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു-  അങ്ങിനെ അവയുടെ ഘടനയും പ്രവർത്തന ശേഷിയും നഷ്ടപ്പെടുന്നു.   ഫ്രീ റാഡിക്കലുകൾ  ശരീരത്തിലെ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ഡിഎൻഎ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

  ഫ്രീറാഡിക്കലുകൾക്കെതിരെയും നമുക്കൊരു  പ്രതിരോധ സംവിധാനമുണ്ട്.   വെള്ളം തീ കെടുത്തുന്ന പോലെ  ഫ്രീ റാഡിക്കലുകളെ നിർവ്വീര്യമാക്കുന്ന ചില തൻമാത്രകളെ ശരീരം,  ഉൽപ്പാദിപ്പിക്കുന്നുണ്ട്.  പ്രധാനമായുംനമ്മുടെ ഭക്ഷണത്തിൽനിന്നുൽപ്പാദിക്കപ്പെടുന്ന ഈ പോരാളികളെ നിരോക്സീകാരികൾ എന്ന് വിളിക്കുന്നു.   

     നിരോക്സീകാരികൾ എലക്ട്രോൺ ദാതാക്കളാണ്.  എലക്ട്രോൺ കൊള്ളക്കാരായ ഫ്രീറാഡിക്കലുകൾക്കെതിരെ  എലക്ട്രോണുകളുടെ വെടിയുതിർത്ത്  അവയെ നിർവ്വീര്യരാക്കുന്ന പോരാളികളാണ്  നീരോക്സീകാരികൾ.  ഫ്രീറാഡിക്കൽ ആക്രമണത്തിൽപ്പെട്ട് എലക്ട്രോൺ ചേതം വന്ന കോശങ്ങളുടെ കേടു പാടുകൾ നിരോക്സീകാരികൾ പരിഹരിക്കുകയും ചെയ്യുന്നു.   

  (19ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ  ലോഹങ്ങളുടെ കൊറോഷൻ,   റബ്ബർ വ്യവസായം,  എൻജിനുകളിൽ ഉപയോഗിക്കുന്ന ഇന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട്   വ്യവസായരംഗത്ത് നിരോക്സീകാരികളുടെ പലവിധ പഠനങ്ങൾ നടത്താൻ തുടങ്ങിയിരുന്നു.)
   
    ഫ്രീ റാഡിക്കലുകളും ആന്റിഓക്‌സിഡന്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ആരോഗ്യകരമായ ശാരീരിക പ്രവർത്തനത്തിന് ആവശ്യമാണ്.  ഫ്രീ റാഡിക്കലുകളുകളുടെ എണ്ണത്തിന്നനുസരിച്ച്  ആന്റിഓക്‌സിഡന്റ് ശേഷി ഇല്ലാത്ത,  അവസ്ഥയെ ഓക്സിഡേറ്റീവ് സ്ട്രെസ് എന്ന് വിളിക്കുന്നു.

 ഫ്രീ റാഡിക്കലുകൾക്ക് കാരണമായ ശരീരത്തിന്നകത്തെ ചില പ്രവർത്തനങ്ങൾ:  
      ശരീരം പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്.  ഓരോ കോശത്തിന്നകത്തും മൈറ്റോകോൺഡ്രിയ എന്ന ചൂളയിൽ,  ഭക്ഷണത്തിലടങ്ങിയ ഗ്ലൂക്കോസ് കത്തുന്നതിലൂടെയാണ് ഈ ഊർജ്ജോൽപാദനം നടക്കുന്നത്.   ഈ പ്രക്രിയയുടെ പാ ശ്വോൽപ്പന്നമായി ഫ്രീ റാഡിക്കലുകൾ ഉൽപ്പാദിക്കപ്പെടുന്നു.
        സദാ സമയവും നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ബാക്ടീരിയ,  വൈറസ് തുടങ്ങിയ സൂക്ഷ്‌മജീവികളെ ചെറുത്തു തോല്പിക്കുന്ന പ്രക്രിയയും ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്നു
    വ്യായാമം,  കഠിനാദ്‌ധ്‌വാനം എന്നിവയാണ് മറെറാരു കാരണം.
      കൂടാതെ ശരീരത്തിന് ഒഴിവാക്കാൻ കഴിയാത്ത മറ്റ് പല ആന്തരിക പ്രവർത്തനങ്ങളും  ഫ്രീ റാഡിക്കലിന് കാരണമാകുന്നുണ്ട്.

    ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്ന ചില ബാഹ്യ ഘടകങ്ങൾ.
       പരിസ്ഥിതി മലിനീകരണം (നാം ദിവസം തോറും ശ്വസിക്കുന്നത് 11,000 ലിറ്റർ വായുവാണത്രെ!)
       സിഗരറ്റ് പുക --(മറ്റൊരാൾ
               വലിച്ചു വിടുന്ന പുക  
               കൂടുതൽ അപകടം)
      ഓസോൺ 
      റേഡിയേഷൻ
      അൾട്രാ വൈലറ്റ് രശ്മികൾ
      ചില മരുന്നുകൾ
      കീടനാശിനികൾ
      വീട്ടിൽ ഉപയോഗിക്കുന്ന
                               കെമിക്കൽസ്
       വ്യാവസായിക ലായകങ്ങൾ
   
  പ്രധാന നിരോക്സീകാരികൾ
     
    വിറ്റാമിൻ A, , വിറ്റാമിൻ C,  വൈറ്റമിൻ E,  ബീറ്റാ കരോട്ടിൻ,  
അനുബന്ധ കരോട്ടിനോയിഡുകൾ,   സെലിനിയം, മാംഗനീസ്, സിങ്ക് എന്നിവയുമാണ്  പോഷകങ്ങളിൽ ഉൾപ്പെട്ട നിരോക്സീകാരികൾ.
 ശരീരത്തിന് ഈ ആന്റിഓക്‌സിഡന്റുകൾ നിർമ്മിക്കാൻ കഴിയില്ല.  ഗ്ലൂട്ടത്തയോൺ, കോഎൻസൈം ക്യു 10, ലിപ്പോയിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ,   പോളിഫെനോൾസ്, ഫൈറ്റോ ഈസ്ട്രജൻ എന്നിങ്ങനെ പല പേരുകളിലറിയപ്പെട്ടുന്ന മറ്റു നിരോക്സീകാരികളുമുണ്ട്.
 ഓക്സിഡേറ്റീവ് സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് ഭക്ഷണത്തിൽ ഇവയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

    വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്):  അടിക്കടി ബാധിക്കുന്ന ഫ്ലൂ,  ജലദോഷം എന്നിവ ഇതിന്റെ കുറവു മൂലമായേക്കാം.  മിക്ക പച്ചക്കറി-പഴവർഗ്ഗങ്ങളിലും സി വൈറ്റമിൻ അടങ്ങിയിരിക്കുന്നു.  എന്നാൽ അസറോള ചെറി,  ചെറുനാരങ്ങ എന്നിവ മികച്ച അളവിലുള്ള സ്റോതസ്സാണ്.   വൈറ്റമിൻ സി
 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കാനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ ഇ: കായ്കൾ, വിത്തുകൾ, സസ്യ എണ്ണകൾ, ഇലക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കോശ സ്തരങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.  വിറ്റാമിൻ സിയുമായി സഹകരിച്ചാണ് വൈറ്റമിൻ ഇ യുടെ പ്രധാന പ്രവർത്തനം.  മുഖകാന്തിക്കു നിദാനമായതിനാൽ ഇവയെ ബ്യൂട്ടീ വൈററമിൻ എന്ന് വിളിക്കുന്നു.
   ബീറ്റാ കരോട്ടിൻ: വിറ്റാമിൻ എയുടെ മുൻഗാമിയായ ബീറ്റാ കരോട്ടിൻ കാരറ്റ്, മധുരക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയ വർണ്ണാഭമായ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു പിഗ്മെന്റാണ്.  ആരോഗ്യകരമായ ചർമ്മം, കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം എന്നിവ നിലനിർത്താൻ  ഇവ അത്യാവശ്യമാണ്.

  സെലിനിയം:   
 കടൽ മത്സ്യം,  കക്ക,   ധാന്യങ്ങൾ,  പയർവർഗ്ഗങ്ങൾ,  ബ്രസീൽ പരിപ്പ്, എന്നിവയിൽ നിന്നുമാണ് സെലെനിയം ലഭ്യമാകുന്നതു്.    ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രതിരോധ സംവിധാനത്തിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ്ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്  സെലെനിയം ആവശ്യമാണ്.

 ഫ്ലേവനോയ്ഡുകൾ: വിവിധ പഴങ്ങൾ, പച്ചക്കറികൾ, ചായ, കൊക്കോ,  സോയ എന്നിവയിൽ കാണപ്പെടുന്ന ഫൈറ്റോകെമിക്കലുകളുടെ (ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രാസപദാർത്ഥങ്ങളുടെ) ഒരു കൂട്ടമാണിത്.  ഫ്ലേവനോയ്ഡുകൾ നിരോക്സീകാരികളാണ്.  കൂടാതെ നീർക്കെട്ട് തടയാനും ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയാനും  സഹായിക്കുന്നു.

നിരോക്സീകാരികളുടെ വിവിധ പ്രയോജനങ്ങൾ:

 വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.  
ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദ്രോഗം, കാൻസർ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ  അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

രോഗപ്രതിരോധം: ആന്റിഓക്‌സിഡന്റുകൾ ഓക്സീകരണത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.  കൂടാതെ
  പനി,  ജലദോഷം തുടങ്ങിയ . വൈറസ്,  ബാക്ടീരിയ തുടങ്ങിയവയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.   

 ചർമ്മത്തിന്റെ ആരോഗ്യം: അൾട്രാവയലറ്റ് വികിരണത്തിന്റെയും പാരിസ്ഥിതിക മലിനീകരണത്തിന്റെയും ദോഷകരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.  മുഖ സൌന്ദര്യത്തെബ്ബാധിക്കുന്ന ചുളിവുകൾ,  കരിമംഗല്യം എന്നിവ വരാതെ സംരക്ഷിക്കാൻ സഹായകരമാകുന്നു.  ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.  

 പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു: ഓക്‌സിഡേറ്റീവ് സ്ട്രെസ് വാർദ്ധക്യ കാല ജരാനരകൾക്ക് കാരണമാകുന്നു.  ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് കേടുപാടുകൾ നിയന്ത്രിച്ച്,   ഈ ജരാനരകളെ മന്ദഗതിയിലാക്കുന്നു,  സുഖകരമായ വാർദ്ധക്യത്തിന് സഹായകരമാകന്നു. 
     
    പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം,   തടിയനങ്ങുന്ന ജീവിതക്രമം,  വേണ്ടത്ര ഉറക്കം,  സ്ട്രെസ് മാനേജ്മെന്റ് എന്നിവയ്‌ക്കൊപ്പമേ നിരോക്സീകാരികൾ  ശരിയായി പ്രവർത്തിക്കൂ !

ഉപസംഹാരം
    നിരോക്സീകാരി സമൃദ്ധമായ പച്ചക്കറി- പഴവർഗ്ഗങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളുമടങ്ങിയ ഭക്ഷണം ശീലമാക്കിയവർക്ക് അല്ലാത്തവരേക്കാൾ രോഗസാദ്ധ്യത
കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
     ദിവസേന 400 ഗ്രാം വിവിധതരം,  പഴക്കം ചെല്ലാത്ത  പച്ചക്കറി-പഴവർഗ്ഗങ്ങൾ ദക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്  ലോകാരോഗ്യ സംഘടനയുടെ ശുപാർശ.