Sunday, April 14, 2019

ഗുരുകഥാവലി രണ്ട്

ആരാണ് സംപൃപ്തൻ, ഗുരോ?

ഗുരു കഥ പറഞ്ഞു:   ഗുരുപുരത്തെ വൃദ്ധസദനത്തിലെ അന്തേവാസികളിൽ ഒരാൾ തീരെ കിടപ്പാണ്.   എണീറ്റിരിക്കാൻ കഴിയുന്ന മറ്റൊരന്തേവാസി ജനലരികിൽ വന്നിരിക്കും.   അയാൾ ജനൽതുറന്ന് പുറത്തേക്ക് നോക്കി പുറത്തെ കാഴ്ചകൾ ഒന്നൊന്നായി കിടക്കുന്നയാൾക്ക് വിവരിച്ചു കൊടുക്കും.
"തടാകം,  തടാകത്തിൽ നീന്തി നടക്കുന്ന അരയന്നങ്ങൾ,  പൂത്തു നിൽക്കുന്ന വാകമരം, ഓടിക്കളിക്കുന്ന കുട്ടികൾ...നിറയെ സുന്ദരമായ ദൃശ്യങ്ങൾ."  കിടപ്പായ അന്തേവാസി വിവരണത്തിന്റ മാധുര്യം ആവോളം നുണയും. 
തന്റെ കട്ടിൽ ജനലരികിലേക്ക് മാറ്റിയിട്ടുതരാൻ പരിചാരകരോടയാൾ ഒരുദിനം അഭ്യർത്ഥിക്കുന്നു ,   പുറംകാഴ്ചകൾ നേരിൽക്കണ്ട് ആനന്ദിക്കാമല്ലൊ!! ജനലരികിലെത്തി പുറത്തേക്കയാൾ എത്തിനോക്കി.  അയാൾ അന്തംവിട്ടു.   തടാകമില്ല, അരയന്നങ്ങളില്ല, കുട്ടികളില്ല..,.. ഉള്ളത് വെറും  മൊട്ടപ്പറമ്പ്,  വിജനത,  നിശ്ശബ്ദത,  നിശ്ചലത,  കട്ടി പിടിച്ച വിരസത!! ......

അയാൾ പരിചാരകരോടാരാഞ്ഞു : എന്തിനയാൾ ഇങ്ങിനെയൊക്കെ പറയുന്നു?  പരിചാരകർ പറഞ്ഞു  "അയാൾ ഒരന്ധനാണ്!! അയാളുടെ വിവരണം കേൾക്കുമ്പോൾ  താങ്കൾ സന്തോഷിക്കുകയായിരുന്നുവല്ലൊ! താങ്കളുടെ ആ സന്തോഷമാണ് അയാളുടെ സംതൃപ്തി!"

അന്യരെ സന്തോഷിപ്പിക്കാൻ ആകുന്നവനത്രെ ഏറ്റവും വലിയ സംതൃപ്തൻ!!!

Wednesday, March 20, 2019

ഗൂരുകഥാവലി ഒന്ന്

ആഹ്ളാദത്തിന് നിദാനമായ ഘടകങ്ങളെന്തൊക്കെയാണ്, ഗുരോ?

ഗുരു പറഞ്ഞു: ഒരു സംഭവം പറയാം. വിജയിച്ച ക്രിക്കറ്റ് ടീമിലെ വിജയശില്പികളായ രണ്ടു പേരിൽ ഒരാൾ മാത്രം മറ്റുള്ളവരെപ്പോലെ ആഹ്ളാദിക്കുന്നില്ല. ഇന്റർവ്യൂ ചെയ്ത പത്രപ്രതിനിധിയോട് അയാൾ പറഞ്ഞു
"എനിക്കേറ്റവും ഇഷ്ടപ്പെട്ട കളി ബാസ്കറ്റ് ബാളാണ്. ഒരു മികച്ച ബാസ്കറ്റ് ബാൾ കളിക്കാരനാകണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ഇന്ത്യയിൽ കൂടുതൽ പണം സമ്പാദിക്കണമെങ്കിൽ ക്രിക്കറ്റ് കളിക്കണം. എനിക്കന്ന് പണം അത്യാവശ്യമായിരുന്നു. എന്റെ മനസ്സ് ഇപ്പോഴും ബാസ്കറ്റ്ബാൾ കോർട്ടിലാണ്

ഗുരുപാഠം :  സന്തുഷ്ട ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരുഘടകമാണ് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകാനാകുക എന്നത്

Friday, March 15, 2019

ഗുരുകഥാവലി മൂന്ന്

ഗുരുപുരത്തെ കണ്ണാടിമാളിക ആത്മജ്ഞാനവേദിയെന്നാണറിയപ്പെട്ടിരുന്നത്.  കണ്ണാടി മാളികയുടെ ചുമരുകളും, നിലവും തട്ടും എല്ലാംതന്നെ കണ്ണാടികൊണ്ടുള്ളതായിരുന്നു. ആത്മജ്ഞാനാന്വേഷിയായ ശ്വാനകുമാരനൊരുവൻ ഒരുനാൾ മാളികയിലെത്തി.   മാളികയുടെ നടുത്തളത്തിൽ കയറിയ ശ്വാനകുമാരൻ തന്റെ മുന്നിലും പിന്നിലും ഇടത്തും വലത്തും കാൽക്കീഴിലും  തലക്കുമുകളിലും മറ്റ് നോക്കുന്നിടത്തെല്ലാംതന്നെ തെളിഞ്ഞ തന്റെ പ്രതിരൂപങ്ങൾ കണ്ട് അമ്പരന്നു,   അവനുറക്കെ കുരച്ചു!    കണ്ണാടിച്ചുമരുകൾക്കുള്ളിൽ കുരയൊച്ച ചെകിടടക്കും വിധം പ്രതിധ്വനിച്ചു ! ഭയവിഹ്വലനായ ശ്വാനൻ മോങ്ങി  മോങ്ങിക്കരഞ്ഞു! കണ്ണാടികൾക്കുപിന്നിൽ ശ്വാനൻമാർ കൂടെനിന്ന് മോങ്ങി.   ഭയം, അമ്പരപ്പ്, വിഭ്രാന്തി......എല്ലാം ചേർന്നപ്പോൾ ശ്വാനകുമാരൻ മാളികയുടെ പുറത്തേക്ക് ഓടിയിറങ്ങി.  നേരെച്ചന്ന് നിന്നത് ഗുരുവിന്ന് മുന്നിൽ.
ഗുരു പറഞ്ഞു: "കുമാരാ! നീ കാണുന്ന ലോകം നിന്റെ പ്രതിബിംബമാണ്! നീകേൾക്കുന്ന ശബ്ദം നിന്റെ പ്രതിധ്വനിയാണ്! നീ കുരച്ചാൽ കൂടെക്കുരക്കും ! നീ കൊടുത്തത് നിനക്ക് കിട്ടും, നീ വിതച്ചത് നീ കൊയ്യും, നിന്നിൽ നീ കാണുന്നത് നീ മറ്റുള്ളവരിൽ കാണും"

Thursday, February 28, 2019

ഗുരുകഥാവലി അഞ്ച്

ഗുരു ഇരിക്കുന്ന ആൽത്തറയിൽ വിശ്രമിക്കാനിരുന്ന വഴിപോക്കൻ ഗുരുവിനോടാരാഞ്ഞു: "ഞാനൊരു ചന്ദ്രദേശക്കാരനാണ്. സൂര്യദേശത്തെക്ക് പോകുന്നു. അവിടെ താമസമാക്കിയാലോ എന്നാലോചിക്കുകയാണ്. എങ്ങനെയാണ് സൂര്യദേശക്കാർ, നല്ലവരാണോ?"

ഗുരു പറഞ്ഞു " പറയാം. അതിനു മുമ്പ്...പറയൂ: എങ്ങിനെയുണ്ട് ചന്ദ്രദേശക്കാർ,  അവർ നല്ലവരാണോ? "

"പറയാതിരിക്കുകയാണ് ഭേദം. വളരെ മോശം! പരസ്പരസ്നേഹമില്ലാത്തവരാണ്, സ്വാർത്ഥികളാണ്, ദുഷ്ടൻമാരാണ്.......

" ഓഹ്! അങ്ങിനെയാണോ? പറയട്ടെ! സൂര്യദേശക്കാരും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട. നിങ്ങടെ ചന്ദ്രദേശക്കാരെ പോലെത്തന്നെ വളരെമോശക്കാരാണ്". ഗുരു പറഞ്ഞു
സമയം കഴിഞ്ഞു. മറ്റൊരു വഴിപോക്കൻ ഗുരുവിന്നടുത്തത്തി. അയാൾ പറഞ്ഞു "ഞാൻ സൂര്യദേശക്കാരനാണ്. ചന്ദ്രദേശത്തേക്ക് പോകുന്നു. അവിടെതാമസമാക്കിയാലോ എന്നാലോചിക്കുന്നു. എങ്ങിനെയാണ് ചന്ദ്രദേശക്കാർ, നല്ലവരാണോ? "

"പറയാം. അതിനുമുമ്പ് നിങ്ങൾ പറയൂ: എങ്ങിനെയാണ് സൂര്യദേശക്കാർ, നല്ലവരാണോ?"

"സൂര്യദേശക്കാരോ? അവർ വളരെ നല്ലവരാണ്. സ്നേഹസമ്പന്നർ, വിശ്വസതർ, എന്ത് സഹായത്തിനും എപ്പോഴും തയ്യാർ...,..." വഴിപോക്കൻ

"ഓഹ്! അങ്ങിനെയാണോ? ചന്ദ്രദേശക്കാരും ഒരുമാറ്റവുമില്ല. വളരെ വളരെ നല്ലവർ!!! " ഗുരൂ മൊഴിഞ്ഞു.

ഗുരുപാഠം: നൻമതേടുന്നവർ കാണുന്നതെല്ലാം നന്മ

Monday, February 18, 2019

ഗുരുകഥാവലി നാല്

ലോകത്തെ ഏറ്റവും വിലയേറിയ ഭൂപ്രദേശം ഏത്? ഗുരു ചോദിച്ചു.

"അറേബിയ! എണ്ണ എന്ന അവശ്യ വസ്തുവിന്റെ ഒടുങ്ങാത്ത ഉറവിടമാണല്ലൊ". ഒരു ശിഷ്യൻ മൊഴിഞ്ഞു.
" സ്വർണ്ണവും രത്നവും ഒളിഞ്ഞ് കിടക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡമാണ്" മറ്റൊരു ശിഷ്യൻ. "ഏതുവിത്തെറിഞ്ഞാലും നൂറുമേനി, ഏതുതൈ നട്ടാലും ഫലസമൃദ്ധി! നല്ല മണ്ണ്നിറഞ്ഞ ദക്ഷിണ അമേരിക്ക!" അടുത്ത ശിഷ്യൻ.
പലർക്കും പല അഭിപ്രായം!

ഒടുവിൽ ഗുരൂപറഞ്ഞു: " നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ ഞാനെന്റെ ശരി പറയട്ടെ? ഗുരുകാരണവൻമാർ അന്ത്യ വിശ്രമം കൊള്ളുന്ന ശ്മശാനഭൂമിയാണ് ഏറ്റവും വിലയേറിയ ഭൂമി! കാരണം, അവരിൽ മിക്കവരും മഹത്തായ ആശയങ്ങൾക്ക് ഉടമകളായിരുന്നു. ചെയ്ത് തീർക്കണമെന്ന് കരുതിയ പല മഹത്കൃത്യങ്ങളും ചെയ്ത്തീർക്കാനാകതെ അവർ ബാക്കിവെച്ച് പോയിട്ടുണ്ട്. അവരുടെ ആശയങ്ങൾ, അവർ ബാക്കി വെച്ച്പോയ കർമ്മപദ്ധതികൾ!!!! അവയെന്തെന്നറിയുക! അവയോളം വിലപിടിച്ചതായി ലോകത്ത് മറ്റെന്തുണ്ട്??!!!!

Monday, August 20, 2018

സാന്ത്വനം

മക്കൾ വഴിപിഴക്കുന്നുവോ? മാലിന്യം മനസ്സിലും പടരുകയാണോ?? അമ്മ ഭയന്നു. ഒന്നുകുളിപ്പിക്കാം ! കോരിയൊഴിച്ച കുടവെള്ളം കുറെകൂടിപ്പോയോ? അമ്മക്ക് നൊന്തു!! ഇനി സാന്ത്വനം...ഇളവെയിൽ, ചാറ്റമഴ, ഇത്തിരി മുക്കുറ്റിm!!!!
                           ആഗസ്റ്റ് 23, 2018

Sunday, April 15, 2018

പാരഡൈം

Friday, 25 September 2015

ട്രെയിനി ൽ തിരക്കില്ല,  കൂപ്പേയിൽ രണ്ടോ മൂന്നോപേർമാത്റം.   പത്റം വായിച്ചു കൊണ്ടിരിക്കുന്ന ഒരു ജൻറിൽമാൻ,   മുകളിൽ കിടന്നുറങ്ങുന്ന ചെറുപ്പക്കാരൻ, സ്മാർട്ഫോണിൽ അലസമായിവിരലോടിച്ച് സമയം കൊല്ലുന്നു  "ലോവേയ്സ്റ്റ്ജീൻസ്" പയ്യന്‍. ..മൊത്തത്തിലൊരു വിരസശാന്തത!
മണി  അഞ്ചോടടുത്തിട്ടും വെയിലിന്ചൂടാണ്.  ഏതോ സ്റ്റേഷൻ അടുക്കാറായെന്നുതോന്നുന്നു, സ്പീഡ്കുറഞ്ഞു കുറഞ്ഞ്  ഒരാസുര ഞരക്കത്തോടെ  ട്രെയിൻ നിശ്ചലമായി.   വളരെ കുറച്ചുപേരേ ഇറങ്ങാനുള്ളൂ,  കയറുവാനും..

മാറ്റം പെട്ടെന്നായിരുന്നു.   വരുന്നൂ രണ്ടാൺകുട്ടികളേയും കൊണ്ട് ഒരുമാന്യൻ... നാൽപ്പതിനോടടുത്തായിക്കാണും.  പയ്യൻമാരിലൊരുവന്  അഞ്ചോ ആറോ,  മറ്റവന് മൂന്നോ നാലോ. രണ്ടും നല്ല പൊരിഞ്ഞ വിത്തുകൾ. രണ്ടുപേരുടേയും കയ്യും കാലും നാവും ഫുൾസ്റ്റോപ്പില്ലാതെ അതിവേഗം ചലിച്ചുകൊണ്ടിരുന്നു.   കുട്ടിക്കളി പരിധിവീട്ട് മറ്റുയാത്റക്കാരുടെമേലുള്ള കയ്യാങ്കളിയായി മാറുന്നത് തീരെ ഗൗനിക്കാതെ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരുപ്പാണ് കുട്ടികളുടെ അച്ഛൻ. പത്റവായനക്കാരൻറെ  കണ്ണടക്കും സ്മാർട്ഫോണിൽക്കോർത്ത ഇയർഫോണിനും ക്ഷതമേൽക്കുന്ന ഘട്ടം വരെ സ്ഥിതിയെത്തിയിട്ടും, ഒന്നുമറിയാതെ,  കുട്ടികളെ  നിയന്ത്രിക്കാൻ തീരെശ്റമിക്കാതെയിരിക്കുന്ന അച്ഛൻ!!!  യാത്രക്കാരുടെ ക്ഷമകെട്ടു.  അച്ഛനോട് കയർത്തൂ : " സർ, താങ്കളുടെ കുട്ടികൾ...."  സ്വപ്നത്തിൽനിന്നൂണർന്ന പോലെ ആ അച്ഛൻ  പറഞ്ഞു  "ക്ഷമിക്കണം! ഞാന്‍  ഇവരുടെ അമ്മയുടെ  ശവസംസ്കാരം കഴിഞ്ഞുള്ള മടക്കമാണ്"  ഒരു  തേങ്ങലിൽ അവസാനിച്ച വാക്കുകൾ! !!
പെട്ടെന്ന് കനംകൊണ്ട മഹാമൂകത കുട്ടികളുതിർത്ത ബഹളങ്ങൾക്കുമപ്പുറത്തിയിരുന്നു!!!!  

       ('സ്റ്റീഫൻ കോവെ യോട്  കടപ്പാട്)