Friday, October 11, 2019

പൈലി ദ ഗ്രേറ്റ്!!

പൈലി പള്ളീലെ കപ്യാരായിരുന്നു. ഒട്ടും തന്നെ പഠിച്ചിട്ടില്ല. വായിക്കാനും എഴൂതാനും അറിയില്ല. പുതിയ വികാരിയച്ചൻ ചാർജെടുത്തത് പൈലിക്ക് പ്രശ്നമായി. പള്ളിയിൽ കൈക്കാരന്റെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. എഴുത്തറിയാവുന്ന ഒരാളെ നിയമിച്ചാൽ കപ്യാരുടെ പണിയും കൈക്കാരന്റപണിയും ഒരാളെക്കൊണ്ട് ചെയ്യിക്കാമല്ലൊ എന്നായി പുതിയ അച്ചന്റെ ഐഡിയ. പൈലിയെ അച്ചൻ പിരിച്ച് വിട്ടു.
എഴുതാനും വായിക്കാനുമറിയാത്ത പൈലിക്കെന്ത് ജോലി കിട്ടാനാണ്? പൈലി തേങ്ങാക്കച്ചവടം തുടങ്ങി. നാട്ടിലെ തേങ്ങ വാങ്ങി പൊളിച്ചുടച്ച് കൊപ്പരയാക്കി മില്ലിൽകൊണ്ടുപോയി വിൽക്കും.   ചെയ്യുന്ന ജോലി ചെയ്യേണ്ടവണ്ണം വൃത്തിയായി ചെയ്യുക, ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യുക.....ഇതാണ് പൈലിയുടെ രീതി. അതുകൊണ്ട് തന്നെ കച്ചവടം കൊഴുത്തു വന്നു. കൃഷിക്കാർക്ക് ന്യായമായ വില, മില്ലുകാർക്ക് നല്ലകൊപ്പര!! അങ്ങിനെയിരിക്കെ,  പൈലി സ്ഥിരമായി കൊപ്ര കൊടുത്തിരുന്ന മില്ല് വില്പനക്ക് വെച്ചു. നോക്കിനടത്താൻ വയ്യ.  മക്കൾക്ക് തീരെതാല്പര്യമില്ല.  ചെയ്യുന്ന ജോലിയിലെ നിഷ്കർഷയുടെ കാര്യത്തിൽ മില്ലുടമസ്തൻ ഗോപാലേട്ടൻ പൈലിയെപ്പോലെയുള്ള ഒരാളായിരുന്നു.  പറ്റിയ ഒരാളെത്തന്നെ ഏല്പിക്കണമെന്ന് ആഗ്രഹിച്ച ഗോപാലേട്ടൻ മില്ല് പൈലിക്ക്കൊടുത്തു.  പിന്നീടങ്ങോട്ട് വെച്ചടിവെച്ചടി കയറ്റം. എണ്ണമില്ലിൽനിന്ന് ഹെയർഓയിലിലേക്ക്, പിന്നെ സോപ്പ്, പേസ്റ്റ്........വാണിജ്യ വ്യവസായികളുടെ ഭാഷയിൽ forward and horizontal integration !! ഒരൂ വ്യവസായപ്രമുഖൻ ആയിത്തീർന്നൂ  നമ്മുടെ കപ്യാരു് പൈലി.

ഇന്റർവ്യൂ ചെയ്ത പത്രപ്രതിനിധി പൈലി നിരക്ഷരനാണ് എന്നറിഞ്ഞ് അത്ഭുതം കൊണ്ടു!! അദ്ദേഹം ചോദിച്ചു "പൈലിസ്സാർ! വിദ്യാഭ്യാസം കൂടിയൂണ്ടായിരുന്നു എങ്കിൽ അങ്ങ് എവിടെ എത്തുമായിരുന്നു?!!!!" പൈലി പറഞ്ഞു  " അത്യാവശ്യം എഴുതാനും വായിക്കാനും അറിയുമായിരുന്നുവെങ്കിൽ  ഞാൻ ഇപ്പോഴും പള്ളീലെ കപ്യാരായി കഴിയുന്നൂണ്ടാകും!" ‹

Thursday, October 3, 2019

പടച്ചോന്റെ ചിരീ

യ: കൃത്വാ വിശ്വ രംഗം രജനിയവനികം പ്രോജ്വലൽ ഭാനുദീപം ശശ്വൽസന്തുഷ്ട സമ്പ്രേക്ഷകമഖിലജഗത് ഭ്രാന്തിനാട്യം വിതത്യ കർമ്മൗഘോച്ചണ്ഡമാർ- ദ്ദംഗികലയവശഗാൻ വാസനാഗാനസക്താൻ ജീവച്ഛാത്രാൻമുകുന്ദ: സ്വയമഭിരമതേ ക്രീഡയൻ സോസ്തു ഭൂത്യൈ 

ലോകം ഒരുകളിത്തട്ട്. രാത്രിയുടെ തിരശ്ശീല, സൂര്യന്റെ വെളിച്ചസംവിധാനം...മനുഷ്യനും മറ്റുജീവജാലങ്ങളും കഥാപാത്രങ്ങൾ. അവർ ആടിത്തീർക്കുന്ന കഥാമുഹൂർത്തങ്ങൾ,  പലപ്പോഴും തനി പച്ചപ്രാന്ത്!  ഈ പ്രാന്ത് കണ്ട്  തമ്പുരാൻ ചിരിക്കുനചിരിയേയാണോ  മേൽപ്പത്തൂർ ശ്ളോകത്തിൽ കാണിച്ചുതരുന്നത്?

നമുക്ക് വെള്ളപ്പൊക്കം മറക്കാം, തകർന്ന റോഡുകളും വീടുകളും മറക്കാം, കടലിലേക്കൊഴുകിപ്പോയ വളക്കൂറുള്ളമണ്ണ് മറക്കാം, കാലാവസ്ഥാ വ്യതിയാനം മറക്കാംപട്ടിണിമരണങ്ങൾ മറക്കാം, വർദ്ധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങൾ മറക്കാം, ആർടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ കടന്നു കയറ്റം മറക്കാം!  കാരണം  നമ്മുടെ ഇന്നത്തെ നീറുന്ന പ്രശ്നങ്ങൾ ഇവയൊന്നമല്ലല്ലോ!   ശബരിമല സ്ത്രീ പ്രവേശമാണല്ലൊ മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. (ദിലീപിനേയും സോളാറിനേയും വെട്ടിച്ചു ശബരിമല മുന്നേറുകയാണ്) ".....ഭ്രാന്തി നാട്യം വിതത്യ....മുകുന്ദ: സ്വയമഭിരമതേ..." വാൽക്കഷണം: അമ്ബാനി- കിമ്ബാനിമാരുടെ "ജീബി" ക്കച്ചവടം പൊടിപൊടിക്കട്ടെ



Monday, September 16, 2019

ഗുരുകഥാവലി ഏഴ്

ജീവിതത്തിന്റെ പൊരുളെന്താണ് ഗുരോ? അതിന്റെ തനതായ നിലയിൽ ജീവിതത്തിൽ പൊരുളൊന്നുമില്ല! നമുക്കിഷ്ടപ്പെട്ട പൊരുളെന്തും നിറക്കാനുള്ളനുള്ള ഒരവസരമാണ് ജീവിതം!!

Thursday, July 11, 2019

ഗുരുകഥാവലീ ആറ് മഹാക്ഷേത്രോൽപ്പത്തി ചരിതം

ഗുരുപുരത്തെ മഹാക്ഷേത്രോൽപ്പത്തിചരിതം ഗുരു ഒരിക്കൽ വിവരിച്ചു. പണ്ട് ഇവിടെ ഈ മഹാക്ഷേത്രമോ ഈ മഹാസൗധങ്ങളോ ഈ രാജവീഥികളോ ഉണ്ടായിരുന്നില്ല! ഉണ്ടായിരുന്നത് ഈ പുഴ, ഈ ആൽമരം, ഗ്രാമീണർക്ക് പുഴകടന്ന് അക്കരെ പോകാനൊ രൊറ്റയടിപ്പാത!!
അന്നൊരുനാൾ ഒരു ശില്പി ശില്പമുണ്ടാക്കാൻ കല്ലന്വേഷിച്ച് പുഴക്കരയിൽ എത്തി. ഭാഗ്യമെന്നേ പറയേണ്ടു തന്റെ ശില്പത്തിന് ഏറ്റവുംപറ്റിയ അതി സുന്ദരമായ ഒരുകല്ല്തന്നെ ശില്പിക്ക് കിട്ടി. ശില്പിക്ക് സന്തോഷമായി. ആൽമരത്തണലിലിരുന്ന് ശില്പി തന്റെ പണി തുടങ്ങി. കല്ലിന്റെ എക്കും മുഴകളും തന്റെ മൂർച്ചയുള്ള ഉളി കൊണ്ട് ചെത്തി മാറ്റാൻ തുടങ്ങി. പക്ഷെ നമ്മുടെ കല്ലിന്നിതൊട്ടും സഹിക്കാനയില്ല. കല്ലുറക്കെ കരയാൻ തുടങ്ങി. "എന്താണ് താങ്കൾ ചെയ്യുന്നത്? എന്തിനിങ്ങനെയെന്നെ ചെത്തി നോവിക്കുന്നത്? ദയവുചെയ്ത് എന്നെ വെറുതെ വിടൂ!". ശില്പി ദയാലുവാണ്. സുന്ദരൻ കല്ലുപേക്ഷിച്ച് ശില്പി മറ്റൊരു കല്ല് തേടിയിറങ്ങി. ഏറെ നടക്കേണ്ടി വന്നില്ല, മറ്റൊരു കല്ല് ശില്പി കണ്ടെത്തി. ഏറെ വൈരൂപ്യമുള്ള ഒരുകല്ലാണ്, കുറച്ചധികം ചെത്തി കളയാനുണ്ട്. കുറച്ചധികം പണിയെടുക്കേണ്ടി വരും. എങ്കിലും ശില്പി പണി തുടങ്ങി. എക്കുകളും മുഴകളും മുനകളും ഒന്നൊന്നായി ചെത്തിക്കളഞ്ഞു. കല്ലിൽ ഒളിഞ്ഞ് കിടക്കുന്ന ശില്പം മെല്ലെ മെല്ലെ തെളിഞ്ഞു വരാൻ തുടങ്ങി. ഒടുവിൽ ശിൽപത്തിന്റെ പണി തീർന്നു. ആ വിരൂപമായ കല്ലിന്നുള്ളിൽ ഒളിഞ്ഞ്കിടന്നിരുന്നത് സാക്ഷാൽ ഈശ്വരന്റെ അതിമനോഹരമായ ഒരു വിഗ്രഹമായിരുന്നു!! പതിവുപോലെ ശില്പം വഴിയിലുപേക്ഷിച്ച് ശില്പി സ്ഥലം വിട്ടു.
പുഴക്കക്കരെ പോകാനെത്തിയ ഗ്രിമീണർ അനാഥമായി കിടക്കുന്ന  മനോഹരമായ ആ ശില്പം കണ്ടു. തങ്ങൾ മനസ്സിൽ ആരാധിക്കുന്ന ഈശ്വരന്റെ അതേ വിഗ്രഹം!! അവർ ശില്പമെടുത്ത് ആൽചുവട്ടിൽ പ്രതിഷ്ഠിച്ചു, ഭക്തിയോടെ പ്രാർത്ഥിച്ചു.   പ്രാർത്ഥിച്ച് അക്കരച്ചന്തയിൽ ചെന്ന ഗ്രാമീണർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില കിട്ടിയത്രെ.  പുതിയ പ്രതിഷ്ഠയുടെ വാർത്ത നാട്ടിൽ പെട്ടെന്ന്തന്നെ പരന്നു.   ദർശനം തേടിവരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഭക്തർ കൂടിവരുന്നതിന് അനുസരിച്ച് കെട്ടുംമട്ടും മാറിമാറി വന്നു.   വിളക്കുകളായി, ശ്രീകോവിലായി, ചുറ്റുമതിലായി, ഗോപുരമായി..... അപ്പോഴാണ് ചില ഭക്തർക്ക് ഭഗവാനുമുന്നിൽ തേങ്ങയുടച്ച് മുട്ടുതീർക്കണമെന്ന ആഗ്രഹമുദിച്ചത്. തേങ്ങയുട്ക്കാൻ കല്ലെവിടെ? കല്ല് കണ്ടെത്താൻ തീരെ വിഷമിക്കേണ്ടിവന്നില്ല. ശില്പിയുപേക്ഷിച്ച നമ്മുടെ സുന്ദരൻകല്ല് അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു. വാസ്തുവിധിപ്രകാരം യഥാസ്ഥാനത്ത് സുനദരൻകല്ല് പ്രതിഷ്ഠിക്കപ്പെട്ടു. വിഘ്നനിവാരണാർത്ഥം ഭക്തജനങ്ങൾ ഉടക്കുന്ന തേങ്ങയേറുസഹിച്ച്, വെയിൽ സഹിച്ച്, മഴ സഹിച്ച്, തേങ്ങ കൊത്താനെത്തുന്ന കാകപൂരീഷം സഹിച്ച് കിടന്നൂ നമ്മുടെ സൂന്ദരൻകല്ല്!!!   ശില്പി പ്രയോഗിച്ച ഉളിമുനയുടെ ഇത്തിരിവേദന സഹിക്കാൻ തയ്യാറായ വിരൂപൻകല്ലോ?! പുഷപാർച്ചനയേറ്റൂവാങ്ങി, അഭിഷേകങ്ങൾ ഏറ്റുവാങ്ങി, മന്ത്രഗീതങ്ങൾ ആസ്വദിച്ച് പട്ട്പുതച്ച് പൂമാലകളണിഞ്ഞ് ശ്രീകോവിലിൽ.....!!
ജനമനസ്സുകളുടെ മഹാക്ഷേത്രശ്ശ്രീകോവിലുകളിൽ പൂജകളേറ്റുവാഴണോ? ഗുരുപാഠങ്ങളുടെ ഇത്തിരിവേദന സഹിക്കൂ!!

Sunday, April 14, 2019

ഗുരുകഥാവലി രണ്ട്

ആരാണ് സംപൃപ്തൻ, ഗുരോ?

ഗുരു കഥ പറഞ്ഞു:   ഗുരുപുരത്തെ വൃദ്ധസദനത്തിലെ അന്തേവാസികളിൽ ഒരാൾ തീരെ കിടപ്പാണ്.   എണീറ്റിരിക്കാൻ കഴിയുന്ന മറ്റൊരന്തേവാസി ജനലരികിൽ വന്നിരിക്കും.   അയാൾ ജനൽതുറന്ന് പുറത്തേക്ക് നോക്കി പുറത്തെ കാഴ്ചകൾ ഒന്നൊന്നായി കിടക്കുന്നയാൾക്ക് വിവരിച്ചു കൊടുക്കും.
"തടാകം,  തടാകത്തിൽ നീന്തി നടക്കുന്ന അരയന്നങ്ങൾ,  പൂത്തു നിൽക്കുന്ന വാകമരം, ഓടിക്കളിക്കുന്ന കുട്ടികൾ...നിറയെ സുന്ദരമായ ദൃശ്യങ്ങൾ."  കിടപ്പായ അന്തേവാസി വിവരണത്തിന്റ മാധുര്യം ആവോളം നുണയും. 
തന്റെ കട്ടിൽ ജനലരികിലേക്ക് മാറ്റിയിട്ടുതരാൻ പരിചാരകരോടയാൾ ഒരുദിനം അഭ്യർത്ഥിക്കുന്നു ,   പുറംകാഴ്ചകൾ നേരിൽക്കണ്ട് ആനന്ദിക്കാമല്ലൊ!! ജനലരികിലെത്തി പുറത്തേക്കയാൾ എത്തിനോക്കി.  അയാൾ അന്തംവിട്ടു.   തടാകമില്ല, അരയന്നങ്ങളില്ല, കുട്ടികളില്ല..,.. ഉള്ളത് വെറും  മൊട്ടപ്പറമ്പ്,  വിജനത,  നിശ്ശബ്ദത,  നിശ്ചലത,  കട്ടി പിടിച്ച വിരസത!! ......

അയാൾ പരിചാരകരോടാരാഞ്ഞു : എന്തിനയാൾ ഇങ്ങിനെയൊക്കെ പറയുന്നു?  പരിചാരകർ പറഞ്ഞു  "അയാൾ ഒരന്ധനാണ്!! അയാളുടെ വിവരണം കേൾക്കുമ്പോൾ  താങ്കൾ സന്തോഷിക്കുകയായിരുന്നുവല്ലൊ! താങ്കളുടെ ആ സന്തോഷമാണ് അയാളുടെ സംതൃപ്തി!"

അന്യരെ സന്തോഷിപ്പിക്കാൻ ആകുന്നവനത്രെ ഏറ്റവും വലിയ സംതൃപ്തൻ!!!

Wednesday, March 20, 2019

ഗൂരുകഥാവലി ഒന്ന്

ആഹ്ളാദത്തിന് നിദാനമായ ഘടകങ്ങളെന്തൊക്കെയാണ്, ഗുരോ?

ഗുരു പറഞ്ഞു: ഒരു സംഭവം പറയാം. വിജയിച്ച ക്രിക്കറ്റ് ടീമിലെ വിജയശില്പികളായ രണ്ടു പേരിൽ ഒരാൾ മാത്രം മറ്റുള്ളവരെപ്പോലെ ആഹ്ളാദിക്കുന്നില്ല. ഇന്റർവ്യൂ ചെയ്ത പത്രപ്രതിനിധിയോട് അയാൾ പറഞ്ഞു
"എനിക്കേറ്റവും ഇഷ്ടപ്പെട്ട കളി ബാസ്കറ്റ് ബാളാണ്. ഒരു മികച്ച ബാസ്കറ്റ് ബാൾ കളിക്കാരനാകണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ഇന്ത്യയിൽ കൂടുതൽ പണം സമ്പാദിക്കണമെങ്കിൽ ക്രിക്കറ്റ് കളിക്കണം. എനിക്കന്ന് പണം അത്യാവശ്യമായിരുന്നു. എന്റെ മനസ്സ് ഇപ്പോഴും ബാസ്കറ്റ്ബാൾ കോർട്ടിലാണ്

ഗുരുപാഠം :  സന്തുഷ്ട ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരുഘടകമാണ് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകാനാകുക എന്നത്

Friday, March 15, 2019

ഗുരുകഥാവലി മൂന്ന്

ഗുരുപുരത്തെ കണ്ണാടിമാളിക ആത്മജ്ഞാനവേദിയെന്നാണറിയപ്പെട്ടിരുന്നത്.  കണ്ണാടി മാളികയുടെ ചുമരുകളും, നിലവും തട്ടും എല്ലാംതന്നെ കണ്ണാടികൊണ്ടുള്ളതായിരുന്നു. ആത്മജ്ഞാനാന്വേഷിയായ ശ്വാനകുമാരനൊരുവൻ ഒരുനാൾ മാളികയിലെത്തി.   മാളികയുടെ നടുത്തളത്തിൽ കയറിയ ശ്വാനകുമാരൻ തന്റെ മുന്നിലും പിന്നിലും ഇടത്തും വലത്തും കാൽക്കീഴിലും  തലക്കുമുകളിലും മറ്റ് നോക്കുന്നിടത്തെല്ലാംതന്നെ തെളിഞ്ഞ തന്റെ പ്രതിരൂപങ്ങൾ കണ്ട് അമ്പരന്നു,   അവനുറക്കെ കുരച്ചു!    കണ്ണാടിച്ചുമരുകൾക്കുള്ളിൽ കുരയൊച്ച ചെകിടടക്കും വിധം പ്രതിധ്വനിച്ചു ! ഭയവിഹ്വലനായ ശ്വാനൻ മോങ്ങി  മോങ്ങിക്കരഞ്ഞു! കണ്ണാടികൾക്കുപിന്നിൽ ശ്വാനൻമാർ കൂടെനിന്ന് മോങ്ങി.   ഭയം, അമ്പരപ്പ്, വിഭ്രാന്തി......എല്ലാം ചേർന്നപ്പോൾ ശ്വാനകുമാരൻ മാളികയുടെ പുറത്തേക്ക് ഓടിയിറങ്ങി.  നേരെച്ചന്ന് നിന്നത് ഗുരുവിന്ന് മുന്നിൽ.
ഗുരു പറഞ്ഞു: "കുമാരാ! നീ കാണുന്ന ലോകം നിന്റെ പ്രതിബിംബമാണ്! നീകേൾക്കുന്ന ശബ്ദം നിന്റെ പ്രതിധ്വനിയാണ്! നീ കുരച്ചാൽ കൂടെക്കുരക്കും ! നീ കൊടുത്തത് നിനക്ക് കിട്ടും, നീ വിതച്ചത് നീ കൊയ്യും, നിന്നിൽ നീ കാണുന്നത് നീ മറ്റുള്ളവരിൽ കാണും"

Thursday, February 28, 2019

ഗുരുകഥാവലി അഞ്ച്

ഗുരു ഇരിക്കുന്ന ആൽത്തറയിൽ വിശ്രമിക്കാനിരുന്ന വഴിപോക്കൻ ഗുരുവിനോടാരാഞ്ഞു: "ഞാനൊരു ചന്ദ്രദേശക്കാരനാണ്. സൂര്യദേശത്തെക്ക് പോകുന്നു. അവിടെ താമസമാക്കിയാലോ എന്നാലോചിക്കുകയാണ്. എങ്ങനെയാണ് സൂര്യദേശക്കാർ, നല്ലവരാണോ?"

ഗുരു പറഞ്ഞു " പറയാം. അതിനു മുമ്പ്...പറയൂ: എങ്ങിനെയുണ്ട് ചന്ദ്രദേശക്കാർ,  അവർ നല്ലവരാണോ? "

"പറയാതിരിക്കുകയാണ് ഭേദം. വളരെ മോശം! പരസ്പരസ്നേഹമില്ലാത്തവരാണ്, സ്വാർത്ഥികളാണ്, ദുഷ്ടൻമാരാണ്.......

" ഓഹ്! അങ്ങിനെയാണോ? പറയട്ടെ! സൂര്യദേശക്കാരും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട. നിങ്ങടെ ചന്ദ്രദേശക്കാരെ പോലെത്തന്നെ വളരെമോശക്കാരാണ്". ഗുരു പറഞ്ഞു
സമയം കഴിഞ്ഞു. മറ്റൊരു വഴിപോക്കൻ ഗുരുവിന്നടുത്തത്തി. അയാൾ പറഞ്ഞു "ഞാൻ സൂര്യദേശക്കാരനാണ്. ചന്ദ്രദേശത്തേക്ക് പോകുന്നു. അവിടെതാമസമാക്കിയാലോ എന്നാലോചിക്കുന്നു. എങ്ങിനെയാണ് ചന്ദ്രദേശക്കാർ, നല്ലവരാണോ? "

"പറയാം. അതിനുമുമ്പ് നിങ്ങൾ പറയൂ: എങ്ങിനെയാണ് സൂര്യദേശക്കാർ, നല്ലവരാണോ?"

"സൂര്യദേശക്കാരോ? അവർ വളരെ നല്ലവരാണ്. സ്നേഹസമ്പന്നർ, വിശ്വസതർ, എന്ത് സഹായത്തിനും എപ്പോഴും തയ്യാർ...,..." വഴിപോക്കൻ

"ഓഹ്! അങ്ങിനെയാണോ? ചന്ദ്രദേശക്കാരും ഒരുമാറ്റവുമില്ല. വളരെ വളരെ നല്ലവർ!!! " ഗുരൂ മൊഴിഞ്ഞു.

ഗുരുപാഠം: നൻമതേടുന്നവർ കാണുന്നതെല്ലാം നന്മ

Monday, February 18, 2019

ഗുരുകഥാവലി നാല്

ലോകത്തെ ഏറ്റവും വിലയേറിയ ഭൂപ്രദേശം ഏത്? ഗുരു ചോദിച്ചു.

"അറേബിയ! എണ്ണ എന്ന അവശ്യ വസ്തുവിന്റെ ഒടുങ്ങാത്ത ഉറവിടമാണല്ലൊ". ഒരു ശിഷ്യൻ മൊഴിഞ്ഞു.
" സ്വർണ്ണവും രത്നവും ഒളിഞ്ഞ് കിടക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡമാണ്" മറ്റൊരു ശിഷ്യൻ. "ഏതുവിത്തെറിഞ്ഞാലും നൂറുമേനി, ഏതുതൈ നട്ടാലും ഫലസമൃദ്ധി! നല്ല മണ്ണ്നിറഞ്ഞ ദക്ഷിണ അമേരിക്ക!" അടുത്ത ശിഷ്യൻ.
പലർക്കും പല അഭിപ്രായം!

ഒടുവിൽ ഗുരൂപറഞ്ഞു: " നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ ഞാനെന്റെ ശരി പറയട്ടെ? ഗുരുകാരണവൻമാർ അന്ത്യ വിശ്രമം കൊള്ളുന്ന ശ്മശാനഭൂമിയാണ് ഏറ്റവും വിലയേറിയ ഭൂമി! കാരണം, അവരിൽ മിക്കവരും മഹത്തായ ആശയങ്ങൾക്ക് ഉടമകളായിരുന്നു. ചെയ്ത് തീർക്കണമെന്ന് കരുതിയ പല മഹത്കൃത്യങ്ങളും ചെയ്ത്തീർക്കാനാകതെ അവർ ബാക്കിവെച്ച് പോയിട്ടുണ്ട്. അവരുടെ ആശയങ്ങൾ, അവർ ബാക്കി വെച്ച്പോയ കർമ്മപദ്ധതികൾ!!!! അവയെന്തെന്നറിയുക! അവയോളം വിലപിടിച്ചതായി ലോകത്ത് മറ്റെന്തുണ്ട്??!!!!