ഗുരുപുരത്തെ മഹാക്ഷേത്രോൽപ്പത്തിചരിതം ഗുരു ഒരിക്കൽ വിവരിച്ചു. പണ്ട് ഇവിടെ ഈ മഹാക്ഷേത്രമോ ഈ മഹാസൗധങ്ങളോ ഈ രാജവീഥികളോ ഉണ്ടായിരുന്നില്ല! ഉണ്ടായിരുന്നത് ഈ പുഴ, ഈ ആൽമരം, ഗ്രാമീണർക്ക് പുഴകടന്ന് അക്കരെ പോകാനൊ രൊറ്റയടിപ്പാത!!
അന്നൊരുനാൾ ഒരു ശില്പി ശില്പമുണ്ടാക്കാൻ കല്ലന്വേഷിച്ച് പുഴക്കരയിൽ എത്തി. ഭാഗ്യമെന്നേ പറയേണ്ടു തന്റെ ശില്പത്തിന് ഏറ്റവുംപറ്റിയ അതി സുന്ദരമായ ഒരുകല്ല്തന്നെ ശില്പിക്ക് കിട്ടി. ശില്പിക്ക് സന്തോഷമായി. ആൽമരത്തണലിലിരുന്ന് ശില്പി തന്റെ പണി തുടങ്ങി. കല്ലിന്റെ എക്കും മുഴകളും തന്റെ മൂർച്ചയുള്ള ഉളി കൊണ്ട് ചെത്തി മാറ്റാൻ തുടങ്ങി. പക്ഷെ നമ്മുടെ കല്ലിന്നിതൊട്ടും സഹിക്കാനയില്ല. കല്ലുറക്കെ കരയാൻ തുടങ്ങി. "എന്താണ് താങ്കൾ ചെയ്യുന്നത്? എന്തിനിങ്ങനെയെന്നെ ചെത്തി നോവിക്കുന്നത്? ദയവുചെയ്ത് എന്നെ വെറുതെ വിടൂ!". ശില്പി ദയാലുവാണ്. സുന്ദരൻ കല്ലുപേക്ഷിച്ച് ശില്പി മറ്റൊരു കല്ല് തേടിയിറങ്ങി. ഏറെ നടക്കേണ്ടി വന്നില്ല, മറ്റൊരു കല്ല് ശില്പി കണ്ടെത്തി. ഏറെ വൈരൂപ്യമുള്ള ഒരുകല്ലാണ്, കുറച്ചധികം ചെത്തി കളയാനുണ്ട്. കുറച്ചധികം പണിയെടുക്കേണ്ടി വരും. എങ്കിലും ശില്പി പണി തുടങ്ങി. എക്കുകളും മുഴകളും മുനകളും ഒന്നൊന്നായി ചെത്തിക്കളഞ്ഞു. കല്ലിൽ ഒളിഞ്ഞ് കിടക്കുന്ന ശില്പം മെല്ലെ മെല്ലെ തെളിഞ്ഞു വരാൻ തുടങ്ങി. ഒടുവിൽ ശിൽപത്തിന്റെ പണി തീർന്നു. ആ വിരൂപമായ കല്ലിന്നുള്ളിൽ ഒളിഞ്ഞ്കിടന്നിരുന്നത് സാക്ഷാൽ ഈശ്വരന്റെ അതിമനോഹരമായ ഒരു വിഗ്രഹമായിരുന്നു!! പതിവുപോലെ ശില്പം വഴിയിലുപേക്ഷിച്ച് ശില്പി സ്ഥലം വിട്ടു.
പുഴക്കക്കരെ പോകാനെത്തിയ ഗ്രിമീണർ അനാഥമായി കിടക്കുന്ന മനോഹരമായ ആ ശില്പം കണ്ടു. തങ്ങൾ മനസ്സിൽ ആരാധിക്കുന്ന ഈശ്വരന്റെ അതേ വിഗ്രഹം!! അവർ ശില്പമെടുത്ത് ആൽചുവട്ടിൽ പ്രതിഷ്ഠിച്ചു, ഭക്തിയോടെ പ്രാർത്ഥിച്ചു. പ്രാർത്ഥിച്ച് അക്കരച്ചന്തയിൽ ചെന്ന ഗ്രാമീണർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില കിട്ടിയത്രെ. പുതിയ പ്രതിഷ്ഠയുടെ വാർത്ത നാട്ടിൽ പെട്ടെന്ന്തന്നെ പരന്നു. ദർശനം തേടിവരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഭക്തർ കൂടിവരുന്നതിന് അനുസരിച്ച് കെട്ടുംമട്ടും മാറിമാറി വന്നു. വിളക്കുകളായി, ശ്രീകോവിലായി, ചുറ്റുമതിലായി, ഗോപുരമായി..... അപ്പോഴാണ് ചില ഭക്തർക്ക് ഭഗവാനുമുന്നിൽ തേങ്ങയുടച്ച് മുട്ടുതീർക്കണമെന്ന ആഗ്രഹമുദിച്ചത്. തേങ്ങയുട്ക്കാൻ കല്ലെവിടെ? കല്ല് കണ്ടെത്താൻ തീരെ വിഷമിക്കേണ്ടിവന്നില്ല. ശില്പിയുപേക്ഷിച്ച നമ്മുടെ സുന്ദരൻകല്ല് അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു. വാസ്തുവിധിപ്രകാരം യഥാസ്ഥാനത്ത് സുനദരൻകല്ല് പ്രതിഷ്ഠിക്കപ്പെട്ടു. വിഘ്നനിവാരണാർത്ഥം ഭക്തജനങ്ങൾ ഉടക്കുന്ന തേങ്ങയേറുസഹിച്ച്, വെയിൽ സഹിച്ച്, മഴ സഹിച്ച്, തേങ്ങ കൊത്താനെത്തുന്ന കാകപൂരീഷം സഹിച്ച് കിടന്നൂ നമ്മുടെ സൂന്ദരൻകല്ല്!!! ശില്പി പ്രയോഗിച്ച ഉളിമുനയുടെ ഇത്തിരിവേദന സഹിക്കാൻ തയ്യാറായ വിരൂപൻകല്ലോ?! പുഷപാർച്ചനയേറ്റൂവാങ്ങി, അഭിഷേകങ്ങൾ ഏറ്റുവാങ്ങി, മന്ത്രഗീതങ്ങൾ ആസ്വദിച്ച് പട്ട്പുതച്ച് പൂമാലകളണിഞ്ഞ് ശ്രീകോവിലിൽ.....!!
ജനമനസ്സുകളുടെ മഹാക്ഷേത്രശ്ശ്രീകോവിലുകളിൽ പൂജകളേറ്റുവാഴണോ? ഗുരുപാഠങ്ങളുടെ ഇത്തിരിവേദന സഹിക്കൂ!!
Thursday, July 11, 2019
ഗുരുകഥാവലീ ആറ് മഹാക്ഷേത്രോൽപ്പത്തി ചരിതം
Subscribe to:
Post Comments (Atom)
No comments:
Post a Comment