Friday, October 11, 2024

ഗുരുകഥാവലി ഒൻപത്

മരുഭൂമിതാണ്ടിയുള യാത്രയാണ്.  കാതങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട്.   കയ്യിൽകരുതിയിരുന്ന അവസാനതുള്ളി കുടിവെള്ളവും കുടിച്ച്തീർന്നു.  പേശികൾ വലിഞ്ഞ്മുറുകന്നു.  ശരീരമാകെ തളരുന്നു,  കുഴയുന്നൂ.   മുന്നോട്ട് നീങ്ങാതെ വയ്യ!  ഏന്തിവലിഞ്ഞ് നടന്നു.  ദാഹിച്ച് ദാഹിച്ച് തൊണ്ട വരണ്ടുണങ്ങി.....പെട്ടെന്നതാ മുന്നിൽ ദൂരെ ഒരു പച്ചപ്പ് !   പച്ചപ്പാണോ വെറും മരീചികയാണോ?  ഏതായാലും ഒരു പ്രത്യാശക്ക് വകയുണ്ട്.  നടക്കാൻ ഒരു പുതുശക്തി കിട്ടി.   മുന്നിലെകാഴ്ച കൂടുതൽ വ്യക്തമായി.  ഒരുകുടിൽ കാണുന്നുണ്ട്!!  ഒരുവിധത്തിൽ നടന്ന്  കുടിലിന്നടുത്തെത്തി.  കുടിലിന്നടുത്തതാ ഒരു ചാമ്പ്പമ്പ്.   
ഒന്ന് പമ്പ് ചെയ്തു നോക്കാം.  സകലശക്തിയും സംഭരിച്ച് പമ്പ് ചെയ്യാൻ തുടങ്ങി.  പലതവണ പമ്പ് ചെയ്തിട്ടും ഒരുതുള്ളിപോലും വെള്ളം വന്നില്ല.   
ദാഹം, ക്ഷീണം, തളർച്ച!  എല്ലാ ആശകളും  നശിച്ചു എന്ന് കരുതിയപ്പോൾ അതാ കുടിലിന്റെ  മൂലയിൽ ഒരു കുടം!  കുടത്തിൽ നിറയെ വെള്ളം!! ആർത്തിയോടെ കുടത്തിന്നടുത്തെത്തി,  കുടംകയ്യിലെടുത്തു.  അതാകുടത്തിന്നടിയിൽ എന്തോ എഴുതിയ ഒരു പേപ്പർ.  പേപ്പർ തുറന്ന് വായിച്ചു.
"ഈ കുടത്തിലെവെള്ളം കുടിക്കാനുള്ളതല്ല.  ഈവെള്ളം പമ്പിൽ ഒഴിക്കുക.  വെള്ളം ഒഴിച്ചതിനുശേഷം പമ്പ്ചെയ്യുക.   കുടം വീണ്ടും നിറച്ച് വെക്കാൻ മറക്കരുത്"
ഇത് ശരിയാകുമോ?  വെള്ളം പമ്പിലൊഴിച്ചാൽ അതുകൂടി നഷ്ടപ്പെട്ട്  പോകുമോ?  .കുഴൽകിണറിൽ ഇനിയും വെള്ളം ബാക്കിയുണ്ടെന്നതിനെന്താണുറപ്പ്?
അഥവാ പേപ്പറിൽ എഴുതിയത് ശരിയാണെങ്കിലോ?   ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല......
ഒടുവിൽ രണ്ടും കൽപ്പിച്ച്  കുടത്തിലെ വെള്ളമെടുത്ത് അയാൾ പമ്പിലൊഴിച്ചു. പമ്പ്ചെയ്യാൻ തുടങ്ങി.  അതാ വരുന്നൂ,  ദാഹജലം!  കുളിരു നിറഞ്ഞ ജീവജലം!!!!

കഥ പറഞ്ഞുതീർത്ത ഗുരു ചോദിച്ചു :  " കുട്ടികളേ ഈകഥയിൽ നിന്ന്  നിങ്ങൾ എന്ത് പഠിച്ചൂ?"


1 comment: