Sunday, December 1, 2024

രുദ്രഞ്ചിറയുടെ കഥ

    ..രൂദ്രൻചിറക്ക് 
ചരിത്രമില്ല. ചരിത്രത്തിലെങ്ങും രുദ്രൻചിറയുമില്ല.  അഥവാ ചരിത്രം രുദ്രഞ്ചിറയെ കണ്ടില്ല.   എന്നാൽ രുദ്രഞ്ചിറക്കൊരൈതീഹ്യമുണ്ട്.  രുദ്രഞ്ചിറക്ക് കഥകളുമുണ്ട്

കണ്ണനൂരില്ലത്തെ
ട്ടങ്ങേലി ഒറ്റപ്പെട്ടു  പോയി.  അച്ഛനുമമ്മയും തലേത്തട്ടി വന്ന്  മരിച്ചുപോയി.  മറ്റ് സ്വന്തക്കാരാരുമില്ല.  വടുക്കിനിത്തേവര് മാത്രം ആശ്രയം!  തേവരെ ഉള്ളറിഞ്ഞ്  ഭജിച്ചു, ട്ടങ്ങേലി.  ഓരോപ്രദോഷ സന്ധ്യയിലും  ആയിരത്തെട്ടു പഞ്ചാക്ഷരം. 
  
 കറുത്തപക്ഷ  പ്രദോഷനാൾ ഒറ്റരാത്രിക്കഭയം തേടി ഒരുയുവാവ് എത്തിപ്പെട്ടു.  നിറമെണ്ണക്കറുപ്പെങ്കിലും  വടിവൊത്ത ആകാരം.  "കുളത്തില് ഭസമക്കുട്ടയും ഈറൻ മാറാനുള്ളതുമുണ്ട് "  അത് അച്ഛനായിട്ടുള ഏർപ്പാടാണ്.  കുളിച്ചെത്തിയ യാത്രികൻ ഒരു സാളഗ്ര്രാമം കൊടുത്തു.  "തേവരേടൊപ്പം വെച്ച് നേദിച്ചോളൂ !"
  
.   "കണ്ണനൂരില്ലം അന്യം നിൽക്കരുരുത്.  നിനക്ക് പറ്റിയ ഒരു യോഗ്യനെ
ഞാൻ ഇവിടെക്കൊണ്ട് വന്ന് ഇരുത്തും."  അച്ഛൻ എപ്പോഴും പറയുമായിരുന്നു.  യുവാവിന്റെ ഊരുംവീടുമൊന്നും അന്വേഷിക്കാൻ തോന്നിയില്ല.  വടുക്കിനിത്തേവര് ശരീരം എടുത്ത്   പ്രത്യക്ഷപ്പെട്ട പോലെ !!
 എല്ലാമറിയാമെന്നപോലെ അയാളും.   നാളൊത്ത രാത്രി ക്കെന്ന പോലെ  പെണ്കിടാവ്  ഒരൊറ്റപ്പായ വിരിച്ചു. കണ്ണനൂരില്ലത്തിന്റെ  പിൻതുടർച്ചക്കൊത്ത  
യാമം !!  സാർത്ഥകരാത്രിക്കൊടുവിൽനേരംവെളുത്തു.  കുളി തേവാരങ്ങൾക്കൊടു
വിൽ  ഒരു  സമാശ്വാസം:
"ആ സാളഗ്രാമം വെച്ചോളൂ!
 നേദിക്കൽ മുട്ടുമെന്ന്  വന്നാൽ കെട്ടിനിൽക്കുന്ന പെരുവള്ളത്തിൻ നടുവിലേക്ക്   വലിച്ചെറിഞ്ഞേക്കൂ! തേവരേയും സാളഗ്രാമവും"
  മൗനം മാത്രം പുറത്ത് വന്ന  യാത്രാമൊഴിയൊന്നിന്നൊടുവിൽ  യാത്രികൻ  നടന്ന് മറഞ്ഞു.  

ഒരു ദിവസം എങ്ങുനിന്നോ വന്ന വയറ്റാട്ടി പറഞ്ഞു.  "മാസം തികഞ്ഞൂ.  ഇനി നേദിക്കേണ്ട!"  സാളഗ്രാമവും വടുക്കിനിത്തേവരേയും
 കെട്ടിയചിറക്കുപിന്നിൽ വിങ്ങിനിറഞ്ഞുനിൽക്കുന്ന പെരുവെള്ളത്തിലേക്ക്   ഊക്കെടുത്തെറിഞ്ഞു.   കെട്ടിനിർത്തിയ ചിറക്കക്കരെയെങ്ങോ  ഒരു  വലിയ  തോട്  കാണായി.       തോട്ടിലൂടെ ചിറവെള്ളം ചോർന്നൊഴുകി  ദൂരെ ആനാറിപ്പുഴയിലെത്തി.  വെള്ളംചോർന്നിടത്ത് വിത്തെറിഞ്ഞാൽ പലമേനിവിളയുന്ന മണ്ണ്പൊന്തി.  മണ്ണ്തേടിവന്ന ജനം കൂടൊരുക്കി പാർപ്പുറപ്പിക്കാൻ തുടങ്ങി.  ഇവിടന്നങ്ങോട്ട് രുദ്രഞ്ചിറയു ടെ കഥ തുടങ്ങുന്നു. രുദ്രൻചിറക്കാ- 
രുടെ കഥതുടങ്ങുന്നു.  കഥനിറഞ്ഞ രുദ്രഞ്ചിറേ! 
 
   രുദ്രഞ്ചിറയുടെ  ഈ കഥമഹാസാഗരം ഒരു
 ചെറുതോണിയിൽ 
തുഴഞ്ഞ്  ഏത്കരവരെ 
എത്താനാകും??

രുദ്ര ഞ്ചിറയുടെ പച്ചമണ്ണ് !  പശിമ മുറ്റിയ പുതുമണ്ണ്!!  ജനങ്ങൾ രുദ്രഞ്ചിറയിൽ കുടിയേറാൻ തുടങ്ങി.  ഏവരേയും കാത്ത് രൂദ്രഞ്ചിറ തേവര് ,  തേവരുടെ അമ്പലത്തിന്  വടക്ക്കിഴക്കേമൂലയിൽ! എല്ലാരുദ്രഞ്ചിറക്കാർക്കും അമ്മയായി കുടികൊണ്ട  എലഞ്ഞിക്കലെ മുത്തി !!

 കാലങ്ങൾക്ക് ശേഷം,    ചായക്കടമൊയ്തുട്ടിയുടെ കുട്ടിക്ക് വിറപ്പനിവന്ന ഒരു നാൾ.   എലഞ്ഞിക്കലെ മുത്തിക്ക്  ജപിച്ചുതിയ ചരട് കൊടുത്തിട്ട് അനന്തെമ്പ്രാന്തിരി പറഞ്ഞു 
" തേവരുടെ ദണ്ഡാരത്തിലും കൂടി ഇടണംട്ടോ !"  എട്ടുണത്തുട്ടൊന്ന് എമ്പ്രാന്തിരിയുടെ കാൽക്കൽ ദൂരത്ത് മാറി  വെച്ച്  മൊയ്തുട്ടി പറഞ്ഞു "അതൊക്കെ ങ്ങള് ഞായം പോലെ ചെയ്താ മതി."
ഇന്നൊരു കോളടിച്ച ദിവസമാണല്ലോ!  സാധാരണ കിട്ടാറുള്ളത് ഒരണ, രണ്ടണ ഏറ്റവും കൂടിയത് നാലണ .
 "രണ്ടണക്ക് മുതിര  ഒന്നേ കാലണക്ക് വാര സോപ്പ്, രണ്ടരെയണ വെളിച്ചെണ്ണ....." എമ്പ്രാന്തിരി മനസ്സിൽ കണക്കുകൂട്ടി....... 

 എല്ലാരുദ്രഞ്ചിറ ക്കാർക്കുമമ്മയായിരുന്നു രുന്നു  എലഞ്ഞിക്കലെ മുത്തി.  ചിറവെള്ളത്തിലേക്ക് സാളഗ്രാമമെറിഞ്ഞ് രുദ്ര ഞ്ചിറക്ക് കാരണമായ കണ്ണനൂരില്ലത്തെ ട്ടങ്ങേലിയാണ് 
എലഞ്ഞിക്കലെമുത്തി എന്നൈതീഹ്യം

സർവ്വൈശ്വര്യവുംതികഞ്ഞ ലക്ഷണമേഴുമൊത്ത ഒരുണ്ണിയെയാണ് ട്ടങ്ങേലി പെറ്റത്.   ഉണ്ണിക്ക് വയസ്സ് അഞ്ച്കഴിഞ്ഞു. ഉണ്ണിക്ക് ചൗളം,  ഉപനയനം,  ഓത്തുചൊല്ലിക്കൽ തുടങ്ങി.. ഷോഡശക്രിയാ ഭാഗങ്ങൾ പലതുമുണ്ട്.  ആരു ചെയ്യിക്കും?  പോർക്കുളത്തുനിന്നൊരു പട്ടേരിവന്ന് ഉണ്ണിയെ ക്കൊണ്ടങ്ങ് പോയി.  ഒന്നൊന്നായി ക്രിയകളെല്ലാം ചെയ്യിച്ചു പട്ടേരി.    പിഴച്ചു പെറ്റ അമ്മ എന്ന അപരാധം ചുമത്തി ഉണ്ണിക്ക്  മഠത്തിൽ വേദാദ്ധ്യയനം നിഷേധിച്ചു. ഉണ്ണി പക്ഷെ  തച്ചുശാസ്ത്രം പറിച്ചു.  അതിബുദ്ധി കാട്ടിയ ഉണ്ണിയെ പട്ടേരി കൈവിട്ടില്ല.  ഉണ്ണി പിന്നീട് അമ്മയെ ഒന്ന്  കാണാൻ പോലും പോയില്ല.   ഒടുവിൽ പട്ടേരിയുടെ മകളെ വേളി കഴിച്ചവിടെക്കൂടി. മകന്റെബുദ്ധി വൈഭവം,  വേളി കഴിച്ചത്,  തച്ചുശാസ്ത്രജ്ഞ-
നായത്,...എല്ലാമെല്ലാം ആ അമ്മ  കേട്ടറിഞ്ഞു.  അമ്മയുടെ ഉള്ളമെരിഞ്ഞു..  പിഴച്ചു പെറ്റതാണത്രെ!  അവരൊരമ്മയല്ലേ.  തന്റെ ജീവിതത്തിനൊരർത്ഥം പകർന്നുകിട്ടിയ ആ സന്ധ്യ ! കറുത്തതെങ്കിലും  ആകർഷകമായ ആ ആകാരം,  ആരെന്നറിയാത്ത അദ്ദേഹം തന്നേൽപിച്ച ആ സാളഗ്രാമം!  കൂട്ടിരുന്ന ആ സാളഗ്രാമം ശക്തിയായിരുന്നു.  എന്തിനണ് സാളഗ്രാമം ചിറകെട്ടിയ വെള്ളത്തിലേക്കാ ഞ്ഞെറിയാൻപറഞ്ഞതെന്ന്. 
ഇന്ന് മനസ്സിലാകുന്നു.  രുദ്രഞ്ചിറക്കാരായ കുറെ മക്കളെ കിട്ടാൻ.  നീ വരും എന്നെങ്കിലും.    എന്നെ കാണാനല്ല,  രുദ്രഞ്ചിറ കാണാൻ!  പിഴക്കാതെ,  പേറ്റു നോവറിയാതെ ഞാൻ പെറ്റ എന്റെ രുദ്രഞ്ചിറയുടെ പൊന്നു   മക്കളെ കാണാൻ!  നീയറിയാത്ത നിന്റെസോദരർ!  
നീയല്ലെങ്കിൽ നിന്റമക്കൾ വരും!  എന്റെ പേരക്കിടാങ്ങൾ വരും!  
നെഞ്ചെരികൊണ്ട ആ അമ്മ പ്രദോഷസന്ധ്യ ക്കൊരുനാൾ നുടുമുറ്റത്തൊരാവണപ്പലക- യിട്ട്   കിഴക്കു നോക്കി കണ്ണുചിമ്മി ആ നടുമുറ്റത്തൊരിരുപ്പിരുന്നു. "താനൊരമ്മയാണ് . പിഴച്ചു പെറ്റ അമ്മ.  എല്ലാ രുദ്രഞ്ചിക്കാർക്കും  കാരണഭൂതയായ അവരുടെ അമ്മ.  
    "എൻ്റെ മക്കൾകരയത്" 

 കണ്ണനൂർ നടുമുറ്റത്തെ മുല്ലത്തറയിലെ മുല്ലവളർന്നു തുടംവെച്ചു.  ഉണ്ണി കളിക്കാൻ സൂക്ഷിച്ച എലഞ്ഞി  ക്കുരുക്കളെല്ലാം നടുമുറ്റത്തെമണ്ണിൽ മുളച്ച് വളർന്ന് മരമായി. .എലഞ്ഞിക്കലെ മുത്തിക്ക് തണലായി! രുദ്രഞ്ചിറക്കാരുടെ   കാവായി!!  
 എല്ലാരുദ്ഞ്ചിറ- ക്കാർക്കുമമ്മയായി  മുത്തി ആ നടുമുറ്റത്ത് കുടിയിരുന്നു.  രുദ്രഞ്ചിറയിൽ വന്ന്  വീടൊരുക്കുന്നവരും പെറ്റുവീഴുന്നവരുമായ എല്ലാവർക്കും അമ്മയായി!   ഒരിക്കൽ പിഴച്ചു പെറ്റ  അമ്മ!! 
 
 രുദ്രഞ്ചിറ മഹല്ല് രൂപം കൊണ്ടതും  ആദ്യ ബാങ്ക് വിളിയുയർന്നതും ഒരുകഥയാണ് .  തേവള്ളിപ്പറമ്പിലെ ഓട് മേഞ്ഞ കൊച്ചു പള്ളി മന്ദിരത്തിൻ്റെ ഭാഗമായ മെക്കക്കഭിമുഖമായ പള്ളി മിനാരം. പള്ളി മന്ദിരത്തിന്നു പിന്നിൽ  കാട്ടു തൃത്താവ് തിങ്ങിവളർന്ന ശവപ്പറമ്പ് .  ഖബർസ്ഥാൻ എന്ന്  അന്ന് കേട്ടിട്ടില്ല
അതുപോലെത്തന്നെ ഒരുനാൾ രുദ്രഞ്ചിറ  ഇടവകയും നിലവിൽ വന്നു.  രുദ്രഞ്ചിറയിലെ കൊച്ച  അങ്ങാടിയുടെ ഇടയിൽ ഒരു കുരിശുപള്ളിയായീരുന്നൂ ഉണ്ടായിരുന്നത്.   കൊല്ലത്തിൽ ഒരമ്പ് പെരുനാൾ .   ബാൻ്റ് മേളം എല്ലാ ക്രിസ്ത്യൻ വീടുകളും കയറിയിറങ്ങുന്നു.  ചാക്കുവിൻെ വീടാണ് തൊട്ടടുത്ത്. പെട്രോ മാക്സ് വെളിച്ചത്തിൽ പട്ടു കുടയും ബാൻ്റും കാണാം...  പിന്നീട് ആഘോഷമായി രണ്ട് മൂന്ന് മൈലകലെയുള്ള പാലൂര് പള്ളിയിലേക്ക് പോകുമത്രെ.  പിന്നെ ഒരു നാൾ രുദ്രഞ്ചിറ ഇടവക നിലവിൽ വന്നു.  പുഞ്ചക്കാട് തറവാടിനോട് ചേർന്ന പറമ്പിൽ ഓടുമേഞ്ഞ ആർഭാടമില്ലാത്ത ഒരുപള്ളിക്കെട്ടിടം.  പിന്നീട് അതിനു മുന്നിൽ ഓരം ചേർന്നൊരു ഓലപ്പുര.  ഒരു പള്ളിക്കൂടം.

പിന്നെ കുറച്ച് പേർ    കമ്യൂണിസ്റ്റുകാരായി.   അതിനു പിന്നിലും കഥകളുണ്ട്.   ഒന്നുകൂടി പ്പറയട്ടെ ഏവർക്കു മേവർക്കും  എലഞ്ഞിക്കൽ മുത്തി തുണയായിരുന്നു.  

രുദ്രഞ്ചിറക്കാരുടെ മരണത്തെപ്പറ്റിക്കൂടെ പറയാം.  ഹിന്ദുക്കൾ മരിച്ചാൽ ഒരുപുകയുയരും.   അത്രമാത്രം.       മുസ്ളീമുകളുട മരണം സങ്കടമാണ്.  മയ്യത്ത് കട്ടിൽ തോളിലേറ്റി ഒരു വിലാപ ഗീതം പോലെ  "ലായിലാഹ ഇല്ലല്ലാഹ്...."  കൃസ്ത്യൻ  മരണം,  അലങ്കരിച്ച ശവമഞ്ചത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു അന്തൃയാത്ര.  മുന്നിൽ കറുത്ത മുത്തുക്കുട നടക്കുന്നു.   വിലാപരാഗമൂയരുന്ന ബാന്റ്മേളം.  ഏറ്റവും മുന്നിലായി ഒരു മണിനാദം..  ....അങ്ങ് പാലൂർപള്ളി വരെ യെത്തണം

 ജനസംഖ്യാക്കണക്കിൽ രുദ്രഞ്ചിറക്കിടംകിട്ടിയിരിക്കണം.  രോദ്രഞ്ചിറക്കാരായി എത്ര പേർ കാണും?  ഒരൈഡിയയുമില്ല.  രുദ്രഞചിറയിൽ  രണ്ട് റേഷൻ കടകളുണ്ട്.  ഒരു ബ്രാഞ്ച് പോസ്റ്റാപ്പീസുണ്ട്.    രുദ്രഞ്ചിറ വില്ലേജില്ല, പഞ്ചായത്തില്ല.   രുദ്രഞ്ചിറക്കാരെത്രയായാലും ഈ രുദ്രഞ്ചിറക്കഥയിൽ  എത്രപേർ ? 15 ഓ 20 ഓ ?  അവരുടെ തന്നെ കഥ പൂർണ്ണമോ?  കഥ കുറഞ്ഞവരായിട്ടാരുമില്ല! 
രുദ്കലാ  വായനശാലയുടെ കോണിപ്പടിയുടെ കൈവരിയിൽ കയ്യുരച്ച് അതിദ്രുതം  ഇറങ്ങി വന്ന് നടുറോട്ടിൽ പകുതി
വായനശാലയെ നോക്കിയും പകുതി നാട്ടാരെ നോക്കിയും  ഇടതു നെഞ്ചിൽ വലതു കൈ ഇടിച്ച്     "ഞാൻ ആർത്താറ്റെ ജോസുട്ടി മുതലാളിയുടെ മോനാണ്"  എന്ന് ആരേയോ വെല്ലുവിളിച്ച  ബെന്നിമോൻ, 
   ജോസുട്ടി മുതലാളി,  കണ്ണൻ നായർ,  കണ്ണൻ നായരുടെ അനുജൻ വേണുനായർ,  ചായക്കട മൊയ്തുട്ടി,  ടെയ്ലർ സെയ്താലി,  പൊട്ടിച്ചിരി  പോളുട്ടി ,  
വിശേഷണങ്ങൾ ഇല്ലാത്ത കൊച്ചു നാണി ....... തനതായും കെട്ടുപിണഞ്ഞും പല കഥകൾക്കുടമകളായ  രുദ്രഞ്ചിറക്കാർ എത്ര, 
എന്തുമേതും തിരിയാത്ത ഈ  അല്പജ്ഞാനി എവിടെ???

                                                                                    കഥതുടരും

    




    





          





No comments:

Post a Comment