പിന്നീട് തവള സാമ്രാജ്യം ഒരുസമ്പൂർണ്ണതവളാധിപത്യ റിപ്പബ്ളിക്കായിത്തീർന്നു. പന്തീരുകോൽചുററുള്ള തറവാട്ടുകിണറിൻറെ വിശാലവിസ്ത്ര്തിയിൽ റിപ്പബ്ളിക്ക് പരന്ന്കിടന്നു.
ഫോർ ദ പീപ്പ്ൾ, ബൈ ദ പീപ്പ്ൾ..എന്നപോലെ തവളകൾക്ക് വേണ്ടിയുള്ള തവളകളുടെ ഭരണം!! ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, പറയാനുള്ള സ്വാതന്ത്ര്യം, പ്രവർത്തിക്കാനുള്ള സ്വാതന്ത്രൃം !
ആമൃതംതന്നെ ജീവിതം !!
മഹാഭാഗ്യമെന്നേപറയേണ്ടൂ, ഭക്ഷ്യയോഗ്യമായ ചെറുപ്രാണി സമ്ര്ദ്ധിയാൽ സാമ്രാജ്യം ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ എന്നെന്നും മുൻപന്തിയിൽ നിലകൊണ്ടു. വിതക്കേണ്ട, കൊയ്യേണ്ട, അറപ്പുരകൾ നിറക്കേണ്ട.... സുഖം,സുഖം ! ഇഷ്ടപ്പെട്ട സ്ഥലത്ത്, ഇഷ്ടപ്പെട്ടവരോടൊത്ത് ഇഷ്ടപ്പെട്ടഭക്ഷണം കഴിച്ച് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി..... സ്വാതന്ത്ര്യത്തിന്റ പരമകാഷ്ഠ !!!
ചിന്തിക്കേണ്ടവർക്ക് ചിന്തിക്കാം, എഴുതേണ്ടവർക്കെഴുതാം, പ്രസംഗിക്കേണ്ടവർക്ക് പ്രസംഗിക്കാം......എന്തും കേൾക്കാനും വായിക്കാനും ഉത്സുകരായ ധാ?രാളം ഉദ്ബുദ്ധരായ കൂപമണ്ഡൂക-സാമ്രാജ്യപ്രജകൾ ! ഏവരേയും പ്രോത്സാഹിപ്പിച്ച് കൊണ്ട് നവമാദ്ധ്യമങ്ങളുടെ നീണ്ടനിര !!! സർഗ്ഗസ്ര്ഷ്ടിക്ക് വളരാൻ പാകമായ വളക്കൂറുള്ള മണ്ണ്... എല്ലാം ചേർന്ന് ഒരു നവമണ്ഡൂക സംസ്കാരത്തിന്ന് ഉദയം കുറിച്ചു എന്ന് ചുരുക്കം.
"...…..മണ്ഡൂകമന്ത്രദ്ധ്വനി മുഖരിതം കൂപമണ്ഡൂകദേശം" എന്നവസാനിക്കുന്നവിധം ശാർദ്ദൂലവിക്രീഡിതത്തിൽ ശ്ളോകം !
അതി ഗഹനമായ പല വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഒരുകൂട്ടം പണ്ഡിതൻമാർക്ക് ഈ വ്യവസ്ഥിതി ജൻമംകൊടുത്തു. പണ്ഡിതർക്ക് ചർച്ചചെയ്യാൻ ഏറെഇഷ്ടപ്പെട്ട ഒരുവിഷയമായിരുന്നു കിണർവട്ടത്തിൽതെളിഞ്ഞ ആകാശം. ആകാശത്തിന്റെ വ്യാപ്തി, അതിന്റെ കണികകളുടെ ഊർജ്ജതൻമാത്രാഘടന, ആകാശത്ത് തിളങ്ങുന്ന രശ്മികളുടെ ആഗിരണ- വികിരണസ്വഭാവവൈചിത്ര്യം, തുടങ്ങി പലതും വിശകലനവിധേയമാക്കപ്പെട്ടൂ.
സ്രൃഷ്ടിസഥിതിസംഹാരകാരകവും ആദ്യന്തരഹിതഭാവാത്മകവുമായ പ്രപഞ്ചമെന്ന മഹാപ്രഹേളികയായിരുന്നു മറ്റൊരുവിഷയം. ഇതിന്നൊരുനാഥനുണ്ടോ? ഇതിന്നൊരുലക്ഷ്യമുണ്ടോ ? തുടങ്ങി ഒട്ടനേകം കാര്യങ്ങൾ
നവമണ്ഡൂകീയതയുടെ പശ്ചാത്തലത്തിൽ വർഗ്ഗപരമായി കൈക്കൊള്ളേണ്ട പുത്തൻ സമീപനങ്ങളും അവ പ്രദാനം ചെയ്തേക്കാവുന്ന വൈരുദ്ധ്യങ്ങളും... സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും വളരെ ഗൗരവമായിത്തന്നെ ചർച്ചചെയ്യപ്പെട്ടു.
ഇങ്ങനെ പലപല വിഷയങ്ങളെ ക്കുറിച്ച്, ചേരിതിരിഞ്ഞും ചേരിചേർന്നും, ചർച്ചകളും തർക്കങ്ങളും വാദ പ്രതിവാദങ്ങളും നടത്തുക ഈ വരേണ്യമണ്ഡൂക- പണ്ഡിതമുഖ്യർ പതിവാക്കിവന്നു. ഉദ്ബ്ബുദ്ധരായ തവളപ്രജകൾക്ക് ഇവ ലഹരി പകർന്നു. അവർ എല്ലാം മറന്ന് ചർച്ചകളിൽ പക്ഷം ചേർന്നു. പലപ്പോഴും ചേരിതിരിഞ്ഞ കലഹ ങ്ങൾക്ക് കാരണമായെന്നതും മറച്ച് വെക്കാനാവില്ല. പക്ഷം ചേർന്ന ചിന്തയും ചർച്ചകളും അറിവിന്റെ വളർച്ചക്കനിവാര്യമാണല്ലൊ!!
അക്കാലത്ത് ഒരു ദിനം എങ്ങിനെയെന്നറിയാതെ സമൂദ്രവാസിയായൊരു ചുള്ളൻതവളക്കുട്ടൻ നമ്മുടെമണ്ഡൂകസാമ്രാജ്യത്തിൽ എത്തിപ്പട്ടു. സമൂദ്രവിസ്ത്ര്തിയുടെ അനന്തതയിൽനിന്നും വന്ന തവളക്കുട്ടന് കൂപമണ്ഡൂകസാമ്രാജ്യത്തിൻറെ ഇത്തിരിവട്ടംകണ്ട് പ്രതികരിക്കാതിരിക്കാനായില്ല!
"ഈ. ഇത്തിരിവട്ടത്തിൽ നിങ്ങളെങ്ങനെ കഴിയുന്നു?" തവളക്കുട്ടൻ ചൊദിച്ചുപോയി.
നിസ്സാരമെന്ന് തോന്നിയേക്കാവുന്ന വിദേശിയായ തവളക്കുട്ടൻറെ ഈ പരസ്യ പ്രസ്താവന തികഞ്ഞ ദേശനിന്ദ തന്നെ!! ഇത് തവള സാമ്രാജ്യത്തിൽ ഒരു കോളിളക്കംത തന്നെയുണ്ടാക്കി. പത്രങ്ങളും മറ്റ്മാദ്ധ്യമങ്ങളും മുഖ്യവിഷയമായി കൈകാര്യം ചെയ്തു. സംഭവത്തിൻറെ അതിസൂക്ഷ്മ തലം പോലും മത്സരിച്ച് പ്രസിദ്ധീകരിച്ചു. നവമാദ്ധ്യമചർച്ചകളിൽ മറ്റൊരുവിഷയത്തിനും സ്ഥാനമില്ലാതായി. ഒരേസമയത്ത് പലയിടത്തായി ചർച്ചയിൽപ്പങ്കെടുക്കേണ്ടിവന്ന മണ്ഡൂകപൺഡിതർ ക്ഷീണിച്ചവശരായി !! ഉദ്ബ്ബുദ്ധരായ തവളപ്രജകൾ വാർത്തകൾ വായിച്ചു, കണ്ടു, കേട്ടു !! മറ്റെല്ലാം മറന്നു , ഊണിലും ഉറക്കത്തിലും!!!
ഒടുവിൽ പരമോന്നതനീതിപീഠം തവളക്കുട്ടനെതിരെ രാജ്യദ്രോഹ ക്കുറ്റത്തിന്കേസെടുത്തു, കേസ് വിചാരണക്ക് വന്നു...അന്യായ ഭാഗം വക്കീലിന്റെ ന്യായവാദങ്ങളും പ്രതി ഭാഗം വക്കീലിന്റെ പ്രതിവാദങ്ങളും വള്ളിപുള്ളിവിടാതെ ജനങ്ങളിൽ എത്തിക്കുക എന്ന ദുഷ്കരദൗത്യം ഏറ്റെടുക്കാൻ വിവിധ മാദ്ധ്യമപ്രവർത്തകർ കാണിച്ച ശുഷ്കാന്തി ചരിത്രം കാണാതെ പോയില്ല.....
അങ്ങിനെയിരിക്കേ കാലാധിപത്യത്തിന്റെ സ്ഥിരഅജണ്ടക്ക്, തവള സാമ്രാജ്യവും വിധേയമാക്കപ്പെട്ടു എന്നേ പറയേണ്ടൂ! തറവാട്ടുകിണർ പടുത്തുകെട്ടിയ കൽവിള്ളലുകൾക്കിടയിലൂടെ വൻപടുമരങ്ങളുടെ വേരുകൾ തുളച്ചു കയറി. കല്ലുകളൊന്നൊന്നായി ഇടിഞ്ഞുവീണു, കിണർക്കരതന്നെ യിടിഞ്ഞൂ! തറവാടും കിണറുംനിന്നിടത്ത് പുത്തൻബങ്ഗ്ളാവുയർന്നു....
മഹാചരിതങ്ങളുടെ നിധിപേടകത്തിൽ തവള സാമ്രാജ്യചരിതത്തെയും മുതൽക്കൂട്ടാക്കിച്ചുമന്ന് കാലാധിപൻ യാത്ര തുടരുന്നൂൂൂൂ.....,.
No comments:
Post a Comment