വിഘ്നങ്ങൾ ജീവിതത്തിന്റെ ഒഴിച്ച്കുടാനാവാത്ത ഭാഗമാണ്. വൈകിയെത്തുന്ന വണ്ടി, പങ്ചറാകുന്ന ടയർ, നടക്കാത്ത കച്ചവടം, പാസാകാത്ത പരീക്ഷ, അനുവദിച്ചുകിട്ടാത്ത വായ്പാപേക്ഷ തുടങ്ങി തടസ്സങ്ങളുടെ പട്ടിക എണ്ണിയാൽത്തീരില്ല. ലക്ഷ്യസ്ഥാനത്തിന്റെ ഉയർച്ചക്കനുസരിച്ച് തടസ്സങ്ങളുടെ കാഠിന്യവും കൂടും. നിങ്ങൾ എവറസ്റ്റ് കയറാനാണോ തുനിയുന്നത്? കൊടുംതണുപ്പിൽ രക്തം തണുത്ത് കട്ടപിടിച്ച പേശികളുടെ പണി മുടക്കിനെ നേരിടേണ്ടിവരും. ശേഖരിച്ച് വെച്ച ഓക്സിജൻ പോരാതെ വന്നെന്നിരിക്കും. ഇത്തരം വൻവിഘ്നങ്ങൾ മറികടന്ന് എവറസ്റ്റ് കയറിയ ഒരാളെസ്സംബന്ധിച്ചിടത്തോളം നീലിമലയും മലയാറ്റൂരും ഒന്നുമാകില്ല. ഓരോ വിഘ്നങ്ങളും അതിജീവനത്തിന്റെ ഓരോ പുതിയ പാഠങ്ങളാണ്. ഓരോ പാഠം പഠിക്കുന്തോറും നാം കൂടുതൽ ശക്തരാകൂന്നു. ഇവിടെ വിഘ്നങ്ങളെ ശാക്തീകരണത്തിന്റെ ഈശ്വരൻ എന്ന്തന്നെ വിളിക്കണം.
പ്രളയദുരിതകാലത്ത് പലരും ഈശ്വരനെ അറിഞ്ഞു , നേരിൽ കണ്ടു. കുത്തിയൊഴുകുന്ന മലവെള്ളത്തിന്നെതിരെ, എല്ലാ സ്വാർത്ഥതകളും മറന്ന്, വഞ്ചിതുഴഞ്ഞ് രക്ഷകരായെത്തിയ മുക്കുവരുടെവേഷത്തിൽ ! ഹെലികോപ്റ്ററിൽനിന്ന് വീഴുന്ന ഭക്ഷണപ്പൊതികളുടെ രൂപത്തിൽ ! വെള്ളംനീന്തിവന്ന്, എല്ലാംനനഞ്ഞ്, ദുരിതാശ്വാസ ക്യാമ്പിൽ തണുത്ത് വിറച്ചിരിക്കുമ്പോൾ ദാനം കിട്ടിയ ഉണങ്ങിയ ഉടുവസ്ത്രത്തിന്റെ രൂപത്തിൽ!!
വിഘ്നങ്ങൾ ഈശ്വരന്മാർക്ക് ജന്മം നൽകുന്ന അവസ്ഥ !!!
പ്രളയ ദുരന്തങ്ങൾക്കിരയായി പലയിടത്തായി കുടുങ്ങിയവരുടെ കാര്യമെടുക്കാം. രക്ഷാതീരത്തെത്തിയേതീരൂ ! ഒന്നും ചെയ്യാനാകാതെ, എന്തുചെയ്യണമെന്നറിയാത്ത പരിപൂർണ്ണ നിസ്സഹായാവസഥ ....സ്വന്തം പരിമിതികളറിഞ്ഞവർ! രക്ഷകരുടെ വരവും കാത്തിരുന്നപ്പോൾ ഈശ്വരനെ ഓർത്തു , ഈശ്വരനെ വിളിച്ചു , പ്രാർത്ഥിച്ചു... ഇവിടെ വിഘ്നങ്ങൾ ഈശ്വരനിലേക്കുള്ള വഴിയായിരുന്നു!!
ച
"വിപദഃസന്തുനശ്ശശ്വത്തത്ര തത്രജഗത്ഗുരോ ഭവതോദർശനം യത് സ്യാദപുനർഭവദർശനം". എന്ന് ഭാഗവതശ്ളോകം :
ഞങ്ങൾക്ക് വിപത്തുകൾ തന്നാലും ! ഞങ്ങൾക്ക് അങ്ങയെ കാണാനുള്ള അവസരങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ !!!
നാരായണൻ മംഗലം