മലമുകളിലെ മുത്തി ഉഗ്രപ്രതാപയാണ്, ദീനാനുകമ്പയിൽമുമ്പത്തിയാണ്, അഭീഷ്ടവരദായിനി ആണ്.
കണാരൻമേസ്ത്രിക്ക് കഷടപ്പാടിന്റെ കാലം. മേസ്തിരി മലകയറിച്ചെന്ന് മുത്തിക്കുമുന്നിലെത്തി പ്രാർത്ഥിച്ചു! "ന്റെ ജോലി പോയീലോ ന്റെമുത്തിയേ! എങ്ങനെയാ ജീവിക്ക്ആ? അടുത്ത ലോട്ടറി എനിക്കന്നെ അടിക്കണം ന്റെ മുത്തിയേ!"
കണാരൻമേസ്തിരിക്ക് ലോട്ടറി അടിച്ചില്ല. മേസ്തിരി മുത്തിക്കുമുന്നിൽ വീണ്ടും എത്തി പ്രാർത്ഥനതുടർന്നു
" ന്റെജോലി പോയി. വീടാകെ ചോർന്നൊലിക്ക്ആണ്. പൈസേല്യാന്റെ ഒരുകാര്യോം നടക്കില്യ. മുത്തിക്കറിയാലോ. ഇത്തവണത്തെ ലോട്ടറി എനിക്കെന്തായാലും കിട്ടണം"
എന്നാൽ മുത്തികനിഞ്ഞില്ല. മേസ്തിരി മലകയറി പ്രാർത്ഥന തുടർന്നു. കഷ്ടപ്പാടുകളുടെ ലിസ്റ്റ് കൂടിക്കൂടി വന്നു.....ചോരുന്ന പുര, കുട്ടിയുടെ പഠനം, ഭാര്യയുടെ അസുഖം.....
മേസ്തിരി പലതവണ മല കയറി പലവട്ടം പ്രാർത്ഥിച്ചു. ലോട്ടറി അടിച്ചില്ല. ഒരവസാന വട്ടപ്രാർത്ഥനക്കായി മേസ്തിരി മുത്തിക്ക് മുന്നിലെത്തി. "...എന്താന്റെ മുത്തിയേ! മലചവിട്ടിക്കയറി ക്കയറി എത്രാമത്തെ വട്ടമാണ് നിന്റെ മുന്നിൽ താണുവീണ് അപേക്ഷിക്കുന്നു. നിനക്കെന്താ ..... " ഭാഷ രോഷോക്തിയാകാൻ തുടങ്ങിയപ്പോൾ മുത്തിയിടപെട്ടു..." ഡാ! പൊട്ടാ! ലോട്ടറി അടിക്കണം ന്ന് ണ്ടെങ്കിൽ നീയൊരു ലോട്ടറി ടിക്കറ്റ് വാങ്ങണം. ടിക്കറ്റ് വാങ്ങിയവർക്കാണ് ലോട്ടറിസ്സമാനം കിട്ടുക....."
ഗുണപാഠം: ഏതു നേട്ടം നേടണമെങ്കിലും നാം പ്രാഥമിക കർത്തവ്യം നിർവ്വഹിക്കണം
നാരായണൻ മംഗലം
No comments:
Post a Comment