Monday, August 26, 2024

ഏടതൃമ്മ

ഏടത്ത്യമ്മെപ്പറ്റി എഴുതാൻ മോഹം.  മാറ്റാരെപ്പറ്റി എഴുതണേക്കാളും വിഷമം എടത്ത്‌യമ്മയെക്കുറിച്ചെഴുതാനാണ്.  കാരണം എട്ത്ത്യമ്മ സ്നേഹമാണ്,  പ്രകടിപ്പിക്കാത്ത ,  ഒളിച്ച് സ്സൂക്ഷിച്ച  സ്നേഹമാണ്. 

ഏടത്യമ്മ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപവും ശബ്ദവും "കുട്ടാ"  എന്ന ഉരത്തുള്ള ഒരു വിളി,  ശുണ്‌ഠി പിടിച്ചതാണെന്ന് തോന്നിക്കുന്ന ഭാവം.
അന്ന് അകത്തുള്ളത്  വല്യമ്മ, ഏടത്തിയമ്മ എന്ന രണ്ടു വിധവമാർ, ഒരുമുത്തശ്ശൃമ്മ നേരെയുള്ളത്,  രണ്ട് ചെറിയ മുത്തശ്യമ്മമാർ (മുത്തശ്ശൻ്റെ രണ്ടാമത്തേയും മൂത്താമ ത്തേയും ഭാര്യമാർ-- അഫൻ്റമ്മമാർ),  പിന്നെ അമ്മ, ചെറിയമ്മമാർ.   ഇവർക്കാർക്കും ഏടത്തിഅമ്മയുടെ അത്ര ശബ്ദമില്ല ,  ശൗര്യവുമില്ല എന്നാണ്  തോന്നുന്നത്.   .  (അമ്മക്ക് ശബ്ദമുണ്ട്,  പക്ഷെ അടുക്കളയിൽ ആദ്യവസാനം കുറവ്).  ഏടത്യമ്മ കാക്കയെ ആട്ടുന്ന അതേ ശബ്ദത്തിലും ക്രൌര്യത്തിലും തന്നെ യാണ് ദേവകിയെ ചീത്ത പറയുന്നതും
    " കുട്ടാ!"എന്ന്,  കാലുരച്ചു.  കഴുകാൻ,  .എന്നെ വിളിക്കുന്നതും.  
കാറ്റുകാലമായാൽ ചുരമാന്തിപ്പൊട്ടി കാലു പഴുക്കും.  മുട്ടിനു താഴെ പഴുത്തൊലിക്കും.  അതുരച്ചു കഴുകി മരുന്നു പുരട്ടാൻ ഏടത്യമ്മ വേണം.   പരിചരണം!'

പലർക്കും മാറി മാറി  വസൂരി വന്നപ്പോൾ ചിറക്കൽ ഭഗവതീടെ വെളിച്ചപ്പാട് വന്ന് ഉറഞ്ഞുതുള്ളി നന്മവരുത്തി.  മൂന്ന് ചെണ്ട, ഒരു എലത്താളം, വെളിച്ചപ്പാട്.   വെളിച്ചപ്പാടിൻ്റെരൂ- 
പം മാത്രമെ ഓർമ്മയിൽ കുറച്ചെങ്കിലുമുള്ളു.  പറക്കു വരാറുള്ള അതേ വെളിച്ചപ്പാട്
 തന്നേയാണ്..... മെലിഞ്ഞ് നെഞ്ചിലെ എല്ലെല്ലാം പുറത്തു കാട്ടി,   എല്ലുകൾക്ക് താഴെ പ്പെട്ടെന്നു ഒട്ടിച്ചേർന്ന വയർ,  മുന്നോട്ട് തെല്ല് വളഞ്ഞ്,  അര മണിയുടെ  ഭാരം പോലും താങ്ങാൻ ആവതില്ലാത്ത ശരീരം!  എതു വസൂരി വീട്ടിലും ധൈര്യമായി കയറിച്ചെല്ലാം,  ആവെളിച്ചപ്പാടിന്.  ഏതു വസൂരി അണുവും ആ ശരീരത്തിൽ ക്കയറാൻ തെല്ലൊന്ന് ഭയക്കും,  മുഴുപ്പട്ടിണി ആയാലോ?  വാളിൻ തുമ്പത്തരിവെച്ച് കണ്ണടച്ച്  വെളിച്ചപ്പാട് പ്രാർത്ഥിച്ച് നടന്നരിയെറിഞ്ഞു-- നാലിറയത്തും വേറെ വേറെയെറിഞ്ഞു, മച്ച്,  വടക്കിനി, അടുക്കള, മേലടുക്കള,  കെഴു ക്കിനി,  തൊട്ടിയേറ, എടാഴി,,,,,....."പേടിക്കണ്ട. പേടിക്കണ്ട!" ഏടതൃമ്മ കുട്ടികൾക്ക് ധൈര്യംതന്നു.

പിന്നീട് ഒരു കളം  പാനയും ഇവിടെ വച്ചു നടത്തി.  പാന കാണാൻ ഉത്സാഹപൂർവ്വം ഞങ്ങൾ കാത്തിരുന്നു. ഉച്ചക്ക് മുമ്പ്തന്നെ പാനക്കാർ വന്നു.  തെക്കിനിയിൽ നാല് കാല്നാട്ടി  അരങ്ങ്തൂക്കി.....
 സന്ധ്യക്കു മുറ്റത്തൊരു ചെണ്ട കൊട്ട്.  ഞങ്ങൾ അതുതന്നെ കണ്ടുനീന്നൂ.
"അത് തായമ്പകയാണ് കുട്ടി ഓളേ!  നിങ്ങള് വന്ന് ഊണ് കഴിച്ചോളേൻ"   ഏടത്തിയമ്മയുടെ ശബ്ദം.   ഓഹ്!  തായമ്പക പാനയുടെ പ്രധാന ഇനമല്ല. കുട്ടികൾക്കുള്ളതുമല്ല. 
 അകത്ത് തെക്കിനിയിൽ
 പാനപ്പന്തലിൽ ആണ് പാന..  പാനക്ക് പന്തലിൽ കളമെഴുത്തുണ്ടോ?  ഓർമ്മയില്ല.   അരങ്ങുണ്ട്, തിരൂടാടയുണ്ട്.  ഞങ്ങൾ പാനകാണാൻ കാത്തിരുന്നു. വെളിച്ചപ്പാടിൻ്റെ പൂജ,  പൂജയ്ക്കിടക്ക് ചെണ്ടയുടെ വലന്തല.  പന്തലിൻ്റെ വലതുവശത്ത് ചെണ്ട കിടത്തി വെച്ച് താളം പിടിച്ച് ചെണ്ടക്കാരുടെ  ഒടുങ്ങാത്ത പാട്ട്.   ഇടക്ക് ശരിക്കുള്ള ചെണ്ടകൊട്ട്,  വീണ്ടൂം പാട്ട്....... ഉറക്കംവരുന്നുണ്ടോ.... വീണ്ടും ഏടത്ത്യമ്മ!  "ഒറക്കം വരുണുണ്ടെങ്കിൽ ഒറങ്ങിക്കോളിൻ!  പൂക്കലചാട്ടം കലാവുമ്പോ വിളിക്കാം."  കുട്ടികളുടെ കാര്യങ്ങൾ ഏട്ടത്യ- മ്മക്കറിയാം.   ഏടത്യമ്മ വിളിച്ചുവോ? പൂക്കല കുത്തിച്ചാട്ടം കണ്ടുവോ?  ഒന്നുമോർമ്മയില്ല.  ഏടത്തിയമ്മയെ ഓർമ്മയുണ്ട്.  

ഓനിച്ചിരിക്കുന്ന കാലം.  പപ്പടം പാടില്ല, വറുത്ത ഉപ്പേരി  പാടില്ല.
അങ്ങാടിവെളിച്ചെണ്ണയിൽ വറുത്തെടുത്തതൊന്നും പാടില്ല, പല പല "പാടില്ല"കളുടെ
 കാലം. എല്ലാവരും  പപ്പടവും ഉപ്പേരിയം കൂട്ടി ഉണ്ണുമ്പോൾ ഞങ്ങൾ ഓനിച്ചുണ്ണികൾ, ശങ്കരഫനും ഞാനും,  മാത്രം പപ്പടം കൂട്ടാതെ.... ഏത്യമ്മക്ക് സഹിക്കില്ല. ഏടത്യമ്മ പപ്പടം കൈയിലിട്ട് പൊടിച്ച്, ആരും കാണാതെ ഇലയിലിട്ട് തരും.  "കൂട്ടിക്കോ! കൂട്ടിക്കോ!"  ആ ഉരത്ത,  മയമില്ലാത്ത സ്വരം.  രഹസ്യമായി വറുത്ത ഉപ്പേരി തരുമ്പോഴും അതേ ശബ്ദം.
ആണ്ടുവ്രതകാലം.  ഒരു കൊല്ലം മുഴുവൻ മുടിവെട്ടാൻ പാടില്ല.  മുടി നീണ്ട് നീണ്ട് വന്നു. വേറെടുക്കില്ല  ഒരു ശ്രദ്ധയുമില്ല.   നിറയെ പേനുകൾ!   പിന്നീട് മുടി ജട കെട്ടാൻ തുടങ്ങി.  നാറാൻ തുടങ്ങി.....    
  "കുട്ടാ"  സ്നേഹം മൂടി വെച്ച ആ പരുപരുക്കൻ വിളി!  കിഴക്കുഓറത്ത്  ഇറയത്തു  പിടിച്ചിരുത്തുന്നു.  ജടകെട്ടിയ മുടി,  വെളിച്ചെണ്ണ,... മുടിയിഴകളോരോന്നായി വേർപെടുത്തി പേനുകളെ വേട്ടയാടിപ്പിടിച്ച് ......
    ഇയിയെന്താ പറയൂക എടത്യ- മ്മയെക്കുറിച്ച്? എങ്ങനെ പറയണം ഏത്യമ്മയെക്കുറിച്ച്??🙏🙏🙏
ഒന്ന് മാത്രം പറയാം.  ആ സ്നേഹം അന്ന് ഞാൻ  മനസ്സിലാക്കിയിരുന്നില്ല.  എന്നോട് മാത്രമായിരുന്നോ സ്നേഹം,  നാരായണൻ എന്ന പേരു മൂലം,  24ആം വയസ്സിൽ മരിച്ച  നാരായണൻ എന്നു പേരായ തന്റെ നമ്പൂരിയെ ഓർത്ത്.  അതോ "ഉണ്ണി"കളെ മുഴുവൻ ഇഷ്ടമായീരുന്നുവോ?  അതോഎല്ലാകുട്ടികളേയും?  കുന്നത്തൂരെ ദേവകി/ആമ്പിടി സരസ്വതി-മാലതിയടക്കം??

തറവാട് ഭാഗം.    ഭാഗത്തിൽ ഏടതൃമ്മ നീലാണ്ടഫന്റെ കൂടെയാണ്.  ആദ്യം പുരപണിത് മാറിത്താമസിച്ചത് രാമഫനാണ്.  തറവാട്ടിലെ തിരക്ക് ഒഴിയാൻ തുടങ്ങി.  താമസിയാതെനീലാണ്ട-
ഫനും.  ഏടത്ത്യമ്മക്ക്  തീരെ പൊരുത്തപ്പെടാൻ ആവാത്ത അന്തരീക്ഷം.  പുതിയ വീട്ടിൽ ബഹളം വേണ്ട.  തന്റെ തിരക്ക് പിടിച്ച പ്രവർത്തികൾ ആവശൃമില്ല.    ഏടത്തൃമ്മയുടെ ധൃതി കുറഞ്ഞു.  ശബ്ദം താണു.  പിന്നീട് പിന്നീട് ഏടതൃമ്മ തീരെ മിണ്ടാതായി.  1970ൽ മരിക്കുമ്പോൾ ഞാൻ സ്ഥലത്തില്ല എന്നാണ് ഓർമ്മ

(എന്റെ മുതുമൂതു മൂത്തശ്ശന്റെ-- മുത്തശ്ശന്റെ മുത്തശ്ശൻ-- മൂന്നാമത്തെ ഭാര്യയിൽജ്ജനിച്ച മകന്റെ മകന്റെ ഭാരൃയായിരുന്നു ഞങ്ങൾ ഏടത്യമ്മ  എന്നു വിളിച്ചിരുന്ന ഞങ്ങൾടെ വല്യ മുത്തശൃമ്മ.   ആ വല്യ  മുത്തശ്ശൻ  തന്റെ 24ആം വയസ്സിൽ തലേത്തട്ടി,  കോളറ,  ബാധിച്ച് മരിച്ചു.)

 

No comments:

Post a Comment