Friday, October 11, 2024

തൂണിലും തുരുമ്പിലും.....

തൂണിലും തുരുമ്പിലും തൂരുമ്പെടുത്തവാളിലൂം
വിടർന്നുപുഞ്ചിരിച്ചുനിന്ന
പൂവിലും,  വിളങ്ങിടും വിളക്കിലും,
കറുത്തകൂരിരുട്ടിലും നിറഞ്ഞു-
നിന്ന നിത്യസത്യമെന്തഹോ!!

ഗുരുകഥാവലി ഒൻപത്

മരുഭൂമിതാണ്ടിയുള യാത്രയാണ്.  കാതങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട്.   കയ്യിൽകരുതിയിരുന്ന അവസാനതുള്ളി കുടിവെള്ളവും കുടിച്ച്തീർന്നു.  പേശികൾ വലിഞ്ഞ്മുറുകന്നു.  ശരീരമാകെ തളരുന്നു,  കുഴയുന്നൂ.   മുന്നോട്ട് നീങ്ങാതെ വയ്യ!  ഏന്തിവലിഞ്ഞ് നടന്നു.  ദാഹിച്ച് ദാഹിച്ച് തൊണ്ട വരണ്ടുണങ്ങി.....പെട്ടെന്നതാ മുന്നിൽ ദൂരെ ഒരു പച്ചപ്പ് !   പച്ചപ്പാണോ വെറും മരീചികയാണോ?  ഏതായാലും ഒരു പ്രത്യാശക്ക് വകയുണ്ട്.  നടക്കാൻ ഒരു പുതുശക്തി കിട്ടി.   മുന്നിലെകാഴ്ച കൂടുതൽ വ്യക്തമായി.  ഒരുകുടിൽ കാണുന്നുണ്ട്!!  ഒരുവിധത്തിൽ നടന്ന്  കുടിലിന്നടുത്തെത്തി.  കുടിലിന്നടുത്തതാ ഒരു ചാമ്പ്പമ്പ്.   
ഒന്ന് പമ്പ് ചെയ്തു നോക്കാം.  സകലശക്തിയും സംഭരിച്ച് പമ്പ് ചെയ്യാൻ തുടങ്ങി.  പലതവണ പമ്പ് ചെയ്തിട്ടും ഒരുതുള്ളിപോലും വെള്ളം വന്നില്ല.   
ദാഹം, ക്ഷീണം, തളർച്ച!  എല്ലാ ആശകളും  നശിച്ചു എന്ന് കരുതിയപ്പോൾ അതാ കുടിലിന്റെ  മൂലയിൽ ഒരു കുടം!  കുടത്തിൽ നിറയെ വെള്ളം!! ആർത്തിയോടെ കുടത്തിന്നടുത്തെത്തി,  കുടംകയ്യിലെടുത്തു.  അതാകുടത്തിന്നടിയിൽ എന്തോ എഴുതിയ ഒരു പേപ്പർ.  പേപ്പർ തുറന്ന് വായിച്ചു.
"ഈ കുടത്തിലെവെള്ളം കുടിക്കാനുള്ളതല്ല.  ഈവെള്ളം പമ്പിൽ ഒഴിക്കുക.  വെള്ളം ഒഴിച്ചതിനുശേഷം പമ്പ്ചെയ്യുക.   കുടം വീണ്ടും നിറച്ച് വെക്കാൻ മറക്കരുത്"
ഇത് ശരിയാകുമോ?  വെള്ളം പമ്പിലൊഴിച്ചാൽ അതുകൂടി നഷ്ടപ്പെട്ട്  പോകുമോ?  .കുഴൽകിണറിൽ ഇനിയും വെള്ളം ബാക്കിയുണ്ടെന്നതിനെന്താണുറപ്പ്?
അഥവാ പേപ്പറിൽ എഴുതിയത് ശരിയാണെങ്കിലോ?   ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല......
ഒടുവിൽ രണ്ടും കൽപ്പിച്ച്  കുടത്തിലെ വെള്ളമെടുത്ത് അയാൾ പമ്പിലൊഴിച്ചു. പമ്പ്ചെയ്യാൻ തുടങ്ങി.  അതാ വരുന്നൂ,  ദാഹജലം!  കുളിരു നിറഞ്ഞ ജീവജലം!!!!

കഥ പറഞ്ഞുതീർത്ത ഗുരു ചോദിച്ചു :  " കുട്ടികളേ ഈകഥയിൽ നിന്ന്  നിങ്ങൾ എന്ത് പഠിച്ചൂ?"


Tuesday, September 17, 2024

പ്രഗാബലേശ്വരൻ

വളരെ യാദൃശ്ചികമായാണ് പ്രഗാബല മഹർഷിയെ ക്കുറിച്ചറിയാൻ കഴിഞ്ഞത്. സ്വതവേ "ഗ്രന്ഥ"ശേഖരങ്ങൾ കണ്ടാൽ തീരെ അവഗണിക്കുകയാണ് പതിവ്.  എന്നാൽ ഈ ഗ്രന്ഥം ശ്രദ്ധിക്കാൻ കാരണം അതിൻ്റെ കെട്ടിലും മട്ടിലുമുള്ള വ്യത്യസ്തയാണ്.  രണ്ടു പുറത്തുമുള്ള ചട്ട.  നല്ല മൂത്ത പ്ലാവിൻ്റെ ഉരച്ചു മിനുക്കി മെഴുകിട്ട കട്ടിപ്പലകയായിരുന്നു.  പല തരത്തിലും നിറത്തിലും പെട്ട നൂലുകൾ ചേത്ത് മനോഹരമായി പിരിച്ചെടുത്ത ചരടു  ശ്രദ്ധാപൂർവ്വം കോർത്ത് കെട്ടിയ ചരടിൻ്റെ രണ്ടറ്റത്തും 'കുണുക്ക് തനി പിച്ചളയായിരുന്നില്ല.  
ക്ലാവ് പിടിച്ച് വല്ലാതെ മങ്ങിയിരുന്നില്ല.  മുത്തശ്ശൻ്റെ എഴുത്താണി തലപ്പത്തും ഇത്തരമൊരു  ലോഹത്തിൻ്റെ തൊപ്പിയായിരുന്നു.  ചുരുക്കം പറയട്ടെ ഗ്രന്ഥം കാണാൻ മനോഹരമായിരുന്നു.  മുത്തശ്ശൻ്റെ സൗന്ദര്യബോധം തെളിഞ്ഞു കണ്ടു ഏതൊരാളും കണ്ടാൽ ഒന്ന് മറിച്ചു നോക്കും. പുതിയ ഓലയിൽനമ്മുടെ മലയാള ലിപിയിൽ  മുത്തശ്ശൻ തൻ്റെ സ്വന്തം വൃത്തിയുള്ള കൈപ്പടയിൽ പകർത്തിയെഴുതിയതായിരുന്നു എന്നതാണ് മറ്റൊന്ന്.
ഗ്രന്ഥത്തിലെ ഭാഷ സംസ്കൃതത്തോട് സാമ്യമുള്ള ഏതോ ഒന്നായിരുന്നങ്കെിലും മുത്തശ്ശൻ ശ്ലോകാർത്ഥങ്ങൾ കൊടുത്തിരുന്നു.

 ആശ്രമവാസികളായ കാട്ടു മൃഗങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങളായിരുന്നു,  ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.   ഉയരമുള്ള മരങ്ങളിൽ ട്രപ്പീസുകളിക്കുന്ന കുരങ്ങൻമാർ,  പരസ്പര മിടികൂടുന്ന മാനുകൾ,  വരയാടുകൾ,  കുത്തനെയുള്ള കുന്നിറങ്ങുന്ന ആനകൾ,  കൊമ്പ് കുത്തിക്കളിക്കുന്ന കരടികൾ എന്നു വേണ്ട പലതരം കളികളും വിനോദങ്ങളും.   ഇവയിൽ പല മൃഗങ്ങൾക്കും ചെറുതും വലുതുമായ പരിക്കുകൾ സംഭാവിക്കാറുണ്ടത്രെ.  ഏറ്റവും കൂടുതൽ ഫ്രാക്ചർ തന്നെയാണു സംഭവിക്കാറ്.  എന്നാൽ വളരെ ചുരുക്കം കേസുകളിൽ താരതമ്യേന ഗുരുതരമായ നാഡീസംബന്ധമായ പരിക്കുകളും സംഭവിക്കാറുണ്ട്.  അത്തരമൊരു പരിക്കും അതിന് പിന്നാലെ പ്രഗാബല മഹർഷി നടത്തിയ പ്രയാണവും കണ്ടെത്തിയ പരിഹാരവുമാണ് ഈ ഗ്രമ്പത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം.  

ഫലസ്താമലം എന്നൊരു വൃക്ഷത്തെക്കുറിച്ചതിൽ പറയുന്നുണ്ട്.  ഇതിൻ്റെ ഇലയും കൂമ്പും പൂക്കളും വേദന കുറയാൻ വളരെയേറെ സഹായിക്കു മെന്നദ്ദേഹം മനസ്സിലാക്കാനിടയായി.
കാരണം ഇടികൂടി പരിക്കേറ്റ  മാനുകളും ആടുകളും ഇവ വളരെവിഷമിച്ച് തിന്നുന്നത് കാണാറുണ്ട്.  കുന്നിറങ്ങുമ്പോൾ കാലുളുക്കിയ ആനകൾ പോലും ഇതിൻ്റെ കൊമ്പ് വലിച്ചൊടിച്ച് ഒന്നിച്ചു കുറെ വാരി വലിച്ച് തിന്നുന്നതു കാണാം.   പ്രത്യേകം പറയാനുള്ളതെന്തെന്നാൽ ഇതിൻ്റെ ഇലക്കും പൂവിനും മറ്റും ഒരു സ്വാദുമില്ലെന്നു മാത്രമല്ല ഭയങ്കര കയ്പാണുതാനും.  മൃഗങ്ങളുടെ വേദന കാണാൻ ഒട്ടും വയ്യാത്ത പ്രഗാബലേശ്വരൻ ഇതെല്ലാം പ്രത്യേകം ശ്രദ്ധിച്ച്  നിരീക്ഷിക്കും.  ചില്ലറ പരിക്കുപറ്റി വേദനിച്ച് വിഷമിക്കുന്ന കുട്ടിക്കുരങ്ങൻമാരെ ഇതിൻ്റെ കയ്പൻചാർ  വിഷമിച്ച് കുടിപ്പിക്കും.  തെല്ലു നേരം കഴിയുമ്പോളവറ്റ വേദനമറന്ന് പഴയ പോലെ ഓടിച്ചാടി നടക്കുന്നതു കാണാം

ഒരിക്കൽ ഗുരുതരമായി പരിക്കേറ്റ ഒരുകുരങ്ങച്ചൻ മുനിയുടെ അടുത്തെത്തി.  വെറും ഫലസ്ഥാമലം കൊണ്ടു മാത്രം മാറ്റാവുന്നതായിരുന്നില്ല ആ കുരങ്ങേച്ചൻ്റേത്.  നാഡീസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. കൈകാലുകൾക്കൊരു വിറയലും ഞട്ടലും മറ്റും പ്രത്യേക ലക്ഷണങ്ങളായുണ്ട്.  പ്രഗാ ബലമഹർഷിക്ക് കുരങ്ങച്ചൻ്റെ വേദനയും സഞ്ചാരവും കണ്ട് തീരെ സഹിക്കാൻ  വയ്യാത്തതായി.    മഹർഷിവര്യൻ  പല ചെടികളും വൃക്ഷങ്ങളും ജലസസ്യങ്ങളും സൂക്ഷ്മനിരീക്ഷണം ചെയ്തു, പല ജന്തുക്കളുടേയും ചലനങ്ങൾ സൂക്ഷ്മമായി പഠിച്ചു.  ആടുകൾക്കും മാനുകൾക്കും ഇടി കൂടുമ്പോൾ നാഡീപരമായ പ്രശ്നങ്ങളുണ്ടാകാൻ സദ്ധ്യതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.  അവയെ പ്രത്യേകം നീരീക്ഷിക്കാൻ തുടങ്ങി.   അവ ചിലസമയത്ത്മാത്രം തിന്നുന്ന ഇലകളുടെ വൈവിദ്ധ്യം വേർതിരിച്ചറിഞ്ഞു.  ആ അറിവിൽ നിന്നദ്ദേഹം develop ചെയ്തതാണ് പ്രഗാബലാദി ലേഹ്യം, ഗുളിക എന്നിവ.  പിന്നീടങ്ങോട്ട് ഫലസ്ഥാമലം ഗുളിക വേദന നിവാരിണിയായും പ്രഗാബലാദി നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും പ്രാചീന ആയുർവ്വേദ ഡോക്ടൻമാർ
ഉപയോഗിച്ചു വന്നിരുന്നു.  പിന്നീട് പിന്നീട് അവർക്കത് കൈമോശം വന്നൂഎന്നത്
അത്ഭൂതമെന്നേ പറയേണ്ടു.  അവ വിദേശ പാശ്ചാത്യരുടെ കയ്യിൽ എത്തി പ്പെട്ടത് അതിലും അത്ഭുതം തന്നെഎന്നും പറയാതിരിക്കാൻ വയ്യ

മനകളിലും ഭാഗം വെച്ചു പിരിഞ്ഞ പഴയ കോവിലകങ്ങളിലും തറവാടുകളിലും ഇത്തരം പല പല പഴയ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു.  മിക്കതിൻ്റേയും ഉള്ളടക്കം എന്തെന്ന് ആരും ശ്രദ്ധിച്ചില്ല.  ബൈൻ്റാരൻ  കാതറുട്ടിക്ക
മുത്തശ്ശൻ്റെ ഒരു സ്ഥിരം സന്ദർശകനായിരുന്നു.  കൊല്ലത്തിൽ രണ്ടോമൂന്നോ തവണയൊക്കെ വരും.  മുത്തശ്ശൻ്റെ കൈവശമുള്ള വാൽമീകി രാമായണം, ഋഗ്വേദസംഹിത,  ആമ്നായമഥനം തുടങ്ങിയ പഴയ പുസ്തകങ്ങൾ കാതരുട്ടിക്കയാണ്  വൃത്തിയായി ബൈൻ്റ്  ചെയ്ത് കൊണ്ടു കൊടുക്കാറ്.  കൂട്ടത്തിൽ മുത്തശ്ശന്നാവശ്യമില്ലാത്ത പുസ്തകങ്ങളും ഗ്രന്‌ഥങ്ങളും ഒരു ചെറിയ വിലക്ക് കാദരുട്ടിക്ക വാങ്ങും. ഉദാഹരണത്തിനു ഋഗ്വേദസംഹിത എങ്ങിനേയോ രണ്ടു കോപ്പി മുത്തശ്ശൻ്റെ കൈയിൽ വന്നുപെട്ടു.  ഒരെണ്ണം കാദരുട്ടിക്കാക്ക് കൊടുത്തു.  അതിൻ്റെ വില കൊണ്ടു മറ്റേത് ബൈൻ്റ് ചെയ്ത് ഭംഗിയാക്കി ക്കൊടുത്തു  കാദരുട്ടിക്കയുടെ  "ബിസി നസ്  സാമ്രാജ്യം"  വളരെ പരന്നതാണെന്ന് പറയട്ടെ.  വള്ളുവനാട്ടിലെ വലിയ മനകളും തറവാടുകളും,  ഇങ്ങ് കൊച്ചി,  കൊട്ടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ കോവിലകങ്ങൾ, പാലാ കോട്ടയം ക്രിസ്തീയ പ്രഭുകുടുംബങ്ങൾ......ഉൽപ്പന്നനിരയുംവൈവിദ്ധ്യം നിറഞ്ഞതായിരുന്നു.
ഗ്രന്ഥങ്ങളും സംസ്കൃതവും മാത്രമല്ല,  ജോഗ്രാഫിക്കൽ മാസിക,  ഇൻഡ്യാ മാഗസിൻ, റീഡേർസ്  ഡൈജസ്റ്റ്  എന്നിവയുടെ പഴയ പതിപ്പുകൾ എന്നുവേണ്ടാ  പേപ്പർവിലക്ക് തൂക്കിവ്വാങ്ങിയ ഇല്ലസ്റ്റ്രേറ്റഡ് വീക്ലിയുടെ പഴയ ലക്കങ്ങൾ എന്നിവവരെ ഉൾപ്പെട്ടതായിഔരുന്നു.  രസകരമായ വസ്തുതയെന്തെന്നാൽ ഇതിൻ്റെ ഒന്നിൻ്റേയും യഥാർത്ഥ മൂല്യം കാദരുട്ടിക്കാക്കുമറിയില്ലായിരുന്നു.  നമ്മുടെ ഗ്രന്ഥത്തിൻ്റെ യഥാർത്ഥ കോപ്പിയും എപ്പോഴേങ്കിലും കാദരുട്ടിക്കാക്ക് മുത്തശ്ശൻ കൊടുത്തു കാണും.  ഗ്രന്ഥങ്ങളിലും മറ്റും ഹൈന്ദവർ മാത്രമല്ല ക്രിസ്തീയ കുടുംബങ്ങളിൽ ഉള്ളവരിൽ ചിലരും തൽപ്പരരായിരുന്നു. 
   പറഞ്ഞ് വന്നത്,  മോഡേൺ മെഡിസിനിൽ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്ന്, നാഡീ സംബ ന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ  
ഉപയോഗിക്കുന്ന മറ്റൊരു മരുന്ന് ...  ഇവരണ്ടും ഈ ഗ്രന്ഥത്തിൽനിന്നും ലഭിച്ച
ചേരുവകളാണെന്നതിൽ ഒരു സംശയത്തിനും അവകാശമില്ല  
 ഒന്നു പാരാസെറ്റമോൾ (ക്രോസിൻ, ഡോളോ തുടങ്ങി വിവിധ ബ്രാൻ്റുകൾ),  മറ്റേത് പ്രഗബാളിൻ.   പാശ്ചാത്യർ മരുന്നുകൾക്ക് പേരിടുമ്പോൾ ഒന്നുകിൽ അതുമായി ബന്ധപ്പെട്ട സസ്യനാമം അല്ലെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച മഹദ് വ്യക്തിയുടെ പേർ എന്നിവത ഉപയോഗപ്പെടുത്താറുണ്ട്.    പാരാസെറ്റമോൾ എന്നത് ഫരസ്റ്റാമലം ആണ്, No doubt!!   പ്രഗബാലിൻ നമ്മുടെ ഋഷിവര്യന്റെ പേരിൽനിന്ന്!!!  അതും പരിപൂർണ്ണ സംശയരഹിതം 
രണ്ടും നമ്മുടെ പ്രഗാബല മുനീശ്വരൻറെ 
അനുഗ്രഹം🙏🙏

കഷ്ടതരമായ കാര്യമതല്ല,  ഇത്തരം എത്രയെത്ര ഗ്രന്ഥങ്ങൾആരുമറി- യാതെ,  ആരാലും ശ്രദ്ധിക്കപ്പെടാതെ,  മുക്കിലും മൂലയിലും കെട്ടി മൂടപ്പെട്ടു കിടക്കുന്നു,  എത്രയെത്ര അറിവുകൾ  ചിതലെടുത്തു പോയി.  അവയിൽ കാൻസർ,  കിഡ്നിത്തകരാറുകൾ,  ഹാർട്ടറ്റാക്ക് തുടങ്ങി എത്രയെത്ര മാരക രോഗങ്ങളെത്തുരത്താനുള്ള  മണ്മറഞ്ഞ നമ്മുടെ ഋഷിവര്യൻമാരുടെ അനുഗ്രഹങ്ങളായ എത്രയെത്ര ദിവ്യൌഷധക്കൂട്ടുകൾ ഉണ്ടായിരുന്നൂ!!🙏🙏🙏

( ഇതിലെ കഥാപാത്രങ്ങളും സംഭ്യവങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം
"കഥയിൽ ചോദ്യമില്ല കളിയിൽ കാര്യമില്ല.അതാണ് ഇത് വായേതോന്നീതെഴുതീതാണേയ്🤭😄😄😄 "  ഒരു coment )


്‌


Tuesday, September 10, 2024

വഴി വാക്കുകൾ

വീഴാതിരിക്കാൻ പഠിക്കണം
വീണാലെണീക്കാൻ
                              പഠിക്കണം
തളരാതിരിക്കാൻ പഠിക്കണം
തളരുന്ന പേശികളിൽ ഊർജ്ജതൻമാത്ര-
യായ്പ്പടരാൻ പഠിക്കണം
ദിശതെറ്റിയലയുമ്പോൾ
വഴികാട്ടിടാനൊരു
നക്ഷത്രമെങ്ങോ തിളങ്ങി
നിൽക്കുന്നതറിയണം
നേരം വീണ്ടും പുലരുമെന്നറിയണം,
ചിരിതൂകിനിൽക്കുന്ന
പൂക്കളെ,  കളകളംപാടും 
കിളികളെ,  മന്ദമൊഴുകിടം 
പുഴകളെ,  വളരുംപുൽ-
ക്കൊടികളെക്കാണാൻ-
                               പഠിക്കണം,  
കുളിർകാറ്റിനെത്തഴുകി-
യൊഴുകാൻപഠിക്കണം
നേരിനെയറിയണം,  പൊരു-
ളേതെന്നറിയണം,  പതിരേതെന്നറിയണം,
മറക്കേണ്ടതെല്ലാം മറക്കാൻ പഠിക്കണം,  പൊറുക്കാൻ പഠിക്കണം,  പഠിക്കേണ്ട- തെല്ലാം പഠിക്കാൻ പഠിക്കണം,
ദിക്കെത്തിടുംവരെ
ത്തുടരണം യാത്രനീ!
      .                              എൻമംഗലം

               

                  

Monday, August 26, 2024

ഏടതൃമ്മ

ഏടത്ത്യമ്മെപ്പറ്റി എഴുതണം,  എനിക്ക്.  മറ്റാരെപ്പറ്റി എഴുതണേക്കാളും വിഷമം എടത്ത്‌യമ്മയെക്കുറിച്ചെഴുതാനാണ്.  കാരണം എട്ത്ത്യമ്മ സ്നേഹമാണ്,  പ്രകടിപ്പിക്കാത്ത ,  ഒളിച്ച് പചസ്സൂക്ഷിച്ച  സ്നേഹം 

ഏടത്യമ്മ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപവും ശബ്ദവും "കുട്ടാ"  എന്ന ഉരത്തുള്ള വിളി,  ശുണ്‌ഠി പിടിച്ച താണെന്ന് തോന്നിക്കുന്ന ഭാവം.
അന്ന് അകത്തുള്ളത്  വല്യമ്മ, ഏടത്തിയമ്മ എന്ന രണ്ടു വിധവമാർ, ഒരുമുത്തശ്ശൃമ്മ നേരെയുള്ളത്,  രണ്ട് ചെറിയ മുത്തശ്യമ്മമാർ (മുത്തശ്ശൻ്റെ രണ്ടാമത്തേയും മൂത്താമ ത്തേയും ഭാര്യമാർ-- അഫൻ്റമ്മമാർ),  പിന്നെ അമ്മ, ചെറിയമ്മമാർ.   ഇവർക്കാർക്കും ഏടത്തിഅമ്മയുടെ അത്ര ശബ്ദമില്ല എന്നാണ് തോന്നുന്നത്.   ശൌര്യമില്ല.  (അമ്മക്ക് ശബ്ദമുണ്ട്,  പക്ഷെ അടുക്കളയിൽ ആദ്യവസാനം കുറവ്).  ഏടത്യമ്മ കാക്കയെ ആട്ടുന്ന അതേ ശബ്ദത്തിലും ക്രൌര്യത്തിലും തന്നെ യാണ് ദേവകിയെ ചീത്ത പറയുന്നതും
    " കുട്ടാ!"എന്ന് കാലുരച്ചു.  കഴുകാൻ.എന്നെ വിളിക്കുന്നതും.  
കാറ്റുകാലമായാൽ ചുരമാന്തിപ്പൊട്ടി കാലു പഴുക്കും.  മുട്ടിനു താഴെ പഴുത്തൊലിക്കും.  അതുരച്ചു കഴുകി മരുന്നു പുരട്ടാൻ ഏടത്യമ്മ വേണം.   പരിചരണം!'
പലർക്കും മാറി മാറി  വസൂരി വന്നപ്പോൾ ചിറക്കൽ ഭഗവതീടെ വെളിച്ചപ്പാട് വന്ന് ഉറഞ്ഞുതുള്ളി നന്മവരുത്തി.  മൂന്ന് ചെണ്ട, ഒരു എലത്താളം, വെളിച്ചപ്പാട്.   വെളിച്ചപ്പാടിൻ്റെരൂ- 
പം മാത്രമെ ഓർമ്മയിൽ കുറച്ചെങ്കിലുമുള്ളു.  പറക്കു വരുന്ന അതേ വെളിച്ചപ്പാട്
 തന്നേയാണ്..... മെലിഞ്ഞ് നെഞ്ചിലെ എല്ലെല്ലാം പുറത്തു കാട്ടി,   എല്ലുകൾക്ക് താഴെ പ്പെട്ടെന്നു ഒട്ടിച്ചേർന്ന വയർ,  മുന്നോട്ട് തെല്ല് വളഞ്ഞ്,  അര മണിയുടെ  ഭാരം പോലും താങ്ങാൻ ആവതില്ലാത്ത ശരീരം!  എതു വസൂരി വീട്ടിലും ധൈര്യമായി കയറിച്ചെല്ലാം,  ഏതു വസൂരി അണുവും ആ ശരീരത്തിൽ ക്കയറാൻ തെല്ലൊന്ന് ഭയക്കും,  മുഴുപ്പട്ടിണി ആയാലോ?  വാളിൻ തുമ്പത്തരിവെച്ച് കണ്ണടച്ച്  വെളിച്ചപ്പാട് പ്രാർത്ഥിച്ച് നടന്നരിയെറിഞ്ഞു-- നാലിറയത്തും വേറെ വേറെയെറിഞ്ഞു, മച്ച്,  വടക്കിനി, അടുക്കള, മേലടുക്കള,  കെഴു ക്കിനി,  തൊട്ടിയേറ, എടാഴി,,,,,....."പേടിക്കണ്ട. പേടിക്കണ്ട!" ഏടതൃമ്മ കുട്ടികൾക്ക് ധൈര്യംതന്നു.

പിന്നീട് ഒരു കളം  പാനയും ഇവിടെ വച്ചു നടത്തി.  പാന കാണാൻ ഉത്സാഹപൂർവ്വം ഞങ്ങൾ കാത്തിരുന്നു. ഉച്ചക്ക് മുമ്പ്തന്നെ പാനക്കാർ വന്നു.  തെക്കിനിയിൽ നാല് കാല്നാട്ടി  അരങ്ങ്തൂക്കി.....
 സന്ധ്യക്കു മുറ്റത്തൊരു ചെണ്ട കൊട്ട്.  ഞങ്ങൾ അതുതന്നെ കണ്ടുനീന്നൂ.
"അത് തായമ്പകയാണ് കുട്ടി ഓളേ!  നിങ്ങള് വന്ന് ഊണ് കഴിച്ചോളേൻ"   ഏടത്തിയമ്മയുടെ ശബ്ദം.   ഓഹ്!  തായമ്പക പാനയുടെ പ്രധാന ഇനമല്ല. കുട്ടികൾക്കുള്ളതുമല്ല. 
 അകത്ത് തെക്കിനിയിൽ
 പാനപ്പന്തലിൽ ആണ് പാന..  പാനക്ക് പന്തലിൽ കളമെഴുത്തുണ്ടോ?  ഓർമ്മയില്ല.   അരങ്ങുണ്ട്, തിരൂടാടയുണ്ട്.  ഞങ്ങൾ പാനകാണാൻ കാത്തിരുന്നു. വെളിച്ചപ്പാടിൻ്റെ പൂജ,  പൂജയ്ക്കിടക്ക് ചെണ്ടയുടെ വലന്തല.  പന്തലിൻ്റെ വലതുവശത്ത് ചെണ്ട കിടത്തി വെച്ച് താളം പിടിച്ച് ചെണ്ടക്കാരുടെ  ഒടുങ്ങാത്ത പാട്ട്.   ഇടക്ക് ശരിക്കുള്ള ചെണ്ടകൊട്ട്,  വീണ്ടൂം പാട്ട്....... ഉറക്കംവരുന്നുണ്ടോ.... വീണ്ടും ഏടത്ത്യമ്മ!  "ഒറക്കം വരുണുണ്ടെങ്കിൽ ഒറങ്ങിക്കോളിൻ!  പൂക്കലചാട്ടം കലാവുമ്പോ വിളിക്കാം."  കുട്ടികളുടെ കാര്യങ്ങൾ ഏട്ടത്യ- മ്മക്കറിയാം.   ഏടത്യമ്മ വിളിച്ചുവോ? പൂക്കല കുത്തിച്ചാട്ടം കണ്ടുവോ?  ഒന്നുമോർമ്മയില്ല.  ഏടത്തിയമ്മയെ ഓർമ്മയുണ്ട്.  

ഓനിച്ചിരിക്കുന്ന കാലം.  പപ്പടം പാടില്ല, വറുത്ത ഉപ്പേരി  പാടില്ല.
അങ്ങാടിവെളിച്ചെണ്ണയിൽ വറുത്തെടുത്തതൊന്നും പാടില്ല, പല പല "പാടില്ല"കളുടെ
 കാലം. എല്ലാവരും  പപ്പടവും ഉപ്പേരിയം കൂട്ടി ഉണ്ണുമ്പോൾ ഞങ്ങൾ ഓനിച്ചുണ്ണികൾ, ശങ്കരഫനും ഞാനും,  മാത്രം പപ്പടം കൂട്ടാതെ.... ഏത്യമ്മക്ക് സഹിക്കില്ല. ഏടത്യമ്മ പപ്പടം കൈയിലിട്ട് പൊടിച്ച്, ആരും കാണാതെ ഇലയിലിട്ട് തരും.  "കൂട്ടിക്കോ! കൂട്ടിക്കോ!"  ആ ഉരത്ത,  മയമില്ലാത്ത സ്വരം.  രഹസ്യമായി വറുത്ത ഉപ്പേരി തരുമ്പോഴും അതേ ശബ്ദം
ആണ്ടുവ്രതകാലം.  ഒരു കൊല്ലം മുഴുവൻ മുടിവെട്ടാൻ പാടില്ല.  മുടി നീണ്ട് നീണ്ട് വന്നു. വേറെടുക്കില്ല  ഒരു ശ്രദ്ധയുമില്ല.   നിറയെ പേനുകൾ!   പിന്നീട് മുടി ജട കെട്ടാൻ തുടങ്ങി.  നാറാൻ തുടങ്ങി.....    
  "കുട്ടാ"  സ്നേഹം മൂടി വെച്ച ആ പരുപരുക്കൻ വിളി!  കിഴക്കുഓറത്ത്  ഇറയത്തു  പിടിച്ചിരുത്തുന്നു.  ജടകെട്ടിയ മുടി,  വെളിച്ചെണ്ണ,... മുടിയിഴകളോരോന്നായി വേർപെടുത്തി പേനുകളെ വേട്ടയാടിപ്പിടിച്ച് ......
    ഇയിയെന്താ പറയൂക എടത്യ- മ്മയെക്കുറിച്ച്? എങ്ങനെ പറയണം ഏത്യമ്മയെക്കുറിച്ച്??🙏🙏🙏
ഒന്ന് മാത്രം പറയാം.  ആ സ്നേഹം അന്ന് ഞാൻ  മനസ്സിലാക്കിയിരുന്നില്ല.  എന്നോട് മാത്രമായിരുന്നോ സ്നേഹം,  നാരായണൻ എന്ന പേരു മൂലം,  24ആം വയസ്സിൽ മരിച്ച  നാരായണൻ എന്നു പേരായ തന്റെ നമ്പൂരിയെ ഓർത്ത്.  അതോ "ഉണ്ണി"കളെ മുഴുവൻ ഇഷ്ടമായീരുന്നുവോ?  അതോഎല്ലാകുട്ടികളേയും?  കുന്നത്തൂരെ ദേവകി/ആമ്പിടി സരസ്വതി-മാലതിയടക്കം??

തറവാട് ഭാഗം.    ഭാഗത്തിൽ ഏടതൃമ്മ നീലാണ്ടഫന്റെ കൂടെയാണ്.  ആദ്യം പുരപണിത് മാറിത്താമസിച്ചത് രാമഫനാണ്.  തറവാട്ടിലെ തിരക്ക് ഒഴിയാൻ തുടങ്ങി.  താമസിയാതെ നീലാണ്ടഫനും.  ഏടത്ത്യമ്മക്ക്  തീരെ പൊരുത്തപ്പെടാൻ ആവാത്ത അന്തരീക്ഷം.  പുതിയ വീട്ടിൽ ബഹളം വേണ്ട.  തന്റെ തിരക്ക് പിടിച്ച പ്രവർത്തികൾ ആവശൃമില്ല.    ഏടത്തൃമ്മയുടെ ധൃതി കുറഞ്ഞു.  ശബ്ദം താണു.  പിന്നീട് പിന്നീട് ഏടതൃമ്മ തീരെ മിണ്ടാതായി.  1970ൽ മരിക്കുമ്പോൾ ഞാൻ സ്ഥലത്തില്ല എന്നാണ് ഓർമ്മ

(എന്റെ മുതുമൂതു മൂത്തശ്ശന്റെ-- മുത്തശ്ശന്റെ മുത്തശ്ശൻ-- മൂന്നാമത്തെ ഭാര്യയിൽജ്ജനിച്ച മകന്റെ മകന്റെ ഭാരൃയായിരുന്നു ഞങ്ങൾ ഏടത്യമ്മ  എന്നു വിളിച്ചിരുന്ന ഞങ്ങടെ വല്യ മുത്തശൃമ്മ.   ആ വല്യ  മുത്തശ്ശൻ  തന്റെ 24ആം വയസ്സിൽ തലേത്തട്ടി,  കോളറ,  ബാധിച്ച് മരിച്ചു.)

 

Saturday, December 30, 2023

Welcome! 2024

2024 is coming!  
Is there anything special about 2024?  Or, everything about about every year is speial.

As usual,  we are anxious over certain issues, very much hopeful and happy over certain issues and worried over certain issues.  
The mood is different with different  people.  But for many it is only achieving/ surpassing last year's Target, or meeting yearly Target.  And the Hoop-la of Ear Year End Grand Finale Sales and The New Year Bonasa!  For the Corporates, it is entering the last Three months for Balancing better,  their operating Sheet!
For National leaders,  The RedSea/ Suez Crisis and disrupted supply chain management,  The Hamass- Israel, Ukrain ....
Astrologers are busy publishing the 
 New year Nakshathra Phas.   Once I was  eager to learn my Nakshathra Phala for the coming year from latest edion of Panchanga/Almanac. And we are fortunate that that the astrologers differ in a strong way on New Ganitham and Old Ganitham!  If according to one version,  the year refered is bad,  worry not! Go to the other version!  It will be good.

 What would be a common village man's hope/ doubt?  Shall we start getting  the Bharat Rice if  the New Year is born?  Oh! Kali Kalam! Thula Varsham, in the Month of Makaram !!??  (NE Rain even ln January!!??).  


Oh! my writing goes wild!  The topic is,  how would be my 2024?  What would I do?  How would I perform? Any new resolutions? Not at all!   Im got only plans,  the continuation of December. Do I have goals?  Yes!  Of course!  Always setting! correctiing!    One thing I am sure!  I don't  have any part to play in the Red sea/The Hamas/ the Ukraiin issues. And I will never waist my time learn deep into those subjects.  There are things that I can learn and do for myself!  For my family!  and for the little circle of my society!  I am trying learning deep and acting strong in such areas, which I can influence!!  

And to end the note,  Kalapurusha is about to bundle all that has happened in 2023 and store to the  vast, infinite data space of Viswa Mahacharitha!  
And he got fresh bundle!  A bundle of mysteries!  A bundle of wonders!! Which he will unveil one by one,  moment by moment, minute by minute,  day by day.....
I am eager,  I am fasinated!  what are there in store with him!
               
             WECOME 2024 !!!

Friday, September 29, 2023

നിരോക്സീകാരികൾ

നിരോക്സീകാരികൾ

     കോടാനുകോടി കോശങ്ങളാൽ നിർമ്മിച്ചതാണ് നമ്മുടെ ശരീരം.  ഈ കോശങ്ങൾക്കോരോന്നിനും  പുറത്തുനിന്നുള്ള ചില ശത്രുക്കളെ നേരിടേണ്ടി വരുന്നു.  അവയെ നമ്മൾ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിങ്ങനെ വിളിക്കുന്നു.  അവയെ നേരിടാനുള്ള ശക്തമായ രോഗപ്രതിരോധ സംവിധാനം നമുക്കുണ്ട്.   എന്നാൽ നമ്മുടെ കോശങ്ങളെക്കേടാക്കുന്ന,  നമ്മുടെ ഉള്ളിൽ നിന്നു തന്നെയുള്ള കുറെ ശത്രുക്കൾ നമുക്കുണ്ട്.  ഫ്രീറാഡിക്കൽ എന്നു വിളിക്കുന്ന ഈ ശത്രുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.   നാമേറെ ഭയപ്പെടുന്ന ഹാർട്ടറ്റാക്ക്,  കാൻസർ എന്നിവക്ക് പോലും ഇവ കാരണമാകുന്നു.

ഓക്സിജൻ ജീവവായുവാണ്.  ഇല്ലാതെ ജീവൻ നിലനിൽക്കില്ല.  ഇതേ ഓക്സിജൻ ചില സാഹചര്യങ്ങളിൽ ഒരു നാശക രൂപമെടുക്കുന്നു.  ശരീരത്തിൽ സദാസമയത്തും നടന്നുകൊണ്ടിരിക്കുന്ന പല അവശ്യ പ്രവർത്തനങ്ങളുടേയും ഉപോൽപ്പന്നമാണ് ഫ്രീ റാഡിക്കലുകൾ.   ഫ്രീ റാഡിക്കലുകൾ റിയാക്ടീവ് ഓക്സിജൻ ആറ്റങ്ങളാണ്. 
ഇവ നല്ല ആരോഗ്യമുള്ള കോശങ്ങളിൽ നിന്നും ഇലക്ട്രോണുകൾ മോഷ്ടിച്ചെടുക്കുന്നു.  ഈ ഇലക്ട്രോൺ മോഷണം ആരോഗ്യമുള്ള കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു-  അങ്ങിനെ അവയുടെ ഘടനയും പ്രവർത്തന ശേഷിയും നഷ്ടപ്പെടുന്നു.   ഫ്രീ റാഡിക്കലുകൾ  ശരീരത്തിലെ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ഡിഎൻഎ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

  ഫ്രീറാഡിക്കലുകൾക്കെതിരെയും നമുക്കൊരു  പ്രതിരോധ സംവിധാനമുണ്ട്.   വെള്ളം തീ കെടുത്തുന്ന പോലെ  ഫ്രീ റാഡിക്കലുകളെ നിർവ്വീര്യമാക്കുന്ന ചില തൻമാത്രകളെ ശരീരം,  ഉൽപ്പാദിപ്പിക്കുന്നുണ്ട്.  പ്രധാനമായുംനമ്മുടെ ഭക്ഷണത്തിൽനിന്നുൽപ്പാദിക്കപ്പെടുന്ന ഈ പോരാളികളെ നിരോക്സീകാരികൾ എന്ന് വിളിക്കുന്നു.   

     നിരോക്സീകാരികൾ എലക്ട്രോൺ ദാതാക്കളാണ്.  എലക്ട്രോൺ കൊള്ളക്കാരായ ഫ്രീറാഡിക്കലുകൾക്കെതിരെ  എലക്ട്രോണുകളുടെ വെടിയുതിർത്ത്  അവയെ നിർവ്വീര്യരാക്കുന്ന പോരാളികളാണ്  നീരോക്സീകാരികൾ.  ഫ്രീറാഡിക്കൽ ആക്രമണത്തിൽപ്പെട്ട് എലക്ട്രോൺ ചേതം വന്ന കോശങ്ങളുടെ കേടു പാടുകൾ നിരോക്സീകാരികൾ പരിഹരിക്കുകയും ചെയ്യുന്നു.   

  (19ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ  ലോഹങ്ങളുടെ കൊറോഷൻ,   റബ്ബർ വ്യവസായം,  എൻജിനുകളിൽ ഉപയോഗിക്കുന്ന ഇന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട്   വ്യവസായരംഗത്ത് നിരോക്സീകാരികളുടെ പലവിധ പഠനങ്ങൾ നടത്താൻ തുടങ്ങിയിരുന്നു.)
   
    ഫ്രീ റാഡിക്കലുകളും ആന്റിഓക്‌സിഡന്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ആരോഗ്യകരമായ ശാരീരിക പ്രവർത്തനത്തിന് ആവശ്യമാണ്.  ഫ്രീ റാഡിക്കലുകളുകളുടെ എണ്ണത്തിന്നനുസരിച്ച്  ആന്റിഓക്‌സിഡന്റ് ശേഷി ഇല്ലാത്ത,  അവസ്ഥയെ ഓക്സിഡേറ്റീവ് സ്ട്രെസ് എന്ന് വിളിക്കുന്നു.

 ഫ്രീ റാഡിക്കലുകൾക്ക് കാരണമായ ശരീരത്തിന്നകത്തെ ചില പ്രവർത്തനങ്ങൾ:  
      ശരീരം പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്.  ഓരോ കോശത്തിന്നകത്തും മൈറ്റോകോൺഡ്രിയ എന്ന ചൂളയിൽ,  ഭക്ഷണത്തിലടങ്ങിയ ഗ്ലൂക്കോസ് കത്തുന്നതിലൂടെയാണ് ഈ ഊർജ്ജോൽപാദനം നടക്കുന്നത്.   ഈ പ്രക്രിയയുടെ പാ ശ്വോൽപ്പന്നമായി ഫ്രീ റാഡിക്കലുകൾ ഉൽപ്പാദിക്കപ്പെടുന്നു.
        സദാ സമയവും നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ബാക്ടീരിയ,  വൈറസ് തുടങ്ങിയ സൂക്ഷ്‌മജീവികളെ ചെറുത്തു തോല്പിക്കുന്ന പ്രക്രിയയും ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്നു
    വ്യായാമം,  കഠിനാദ്‌ധ്‌വാനം എന്നിവയാണ് മറെറാരു കാരണം.
      കൂടാതെ ശരീരത്തിന് ഒഴിവാക്കാൻ കഴിയാത്ത മറ്റ് പല ആന്തരിക പ്രവർത്തനങ്ങളും  ഫ്രീ റാഡിക്കലിന് കാരണമാകുന്നുണ്ട്.

    ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്ന ചില ബാഹ്യ ഘടകങ്ങൾ.
       പരിസ്ഥിതി മലിനീകരണം (നാം ദിവസം തോറും ശ്വസിക്കുന്നത് 11,000 ലിറ്റർ വായുവാണത്രെ!)
       സിഗരറ്റ് പുക --(മറ്റൊരാൾ
               വലിച്ചു വിടുന്ന പുക  
               കൂടുതൽ അപകടം)
      ഓസോൺ 
      റേഡിയേഷൻ
      അൾട്രാ വൈലറ്റ് രശ്മികൾ
      ചില മരുന്നുകൾ
      കീടനാശിനികൾ
      വീട്ടിൽ ഉപയോഗിക്കുന്ന
                               കെമിക്കൽസ്
       വ്യാവസായിക ലായകങ്ങൾ
   
  പ്രധാന നിരോക്സീകാരികൾ
     
    വിറ്റാമിൻ A, , വിറ്റാമിൻ C,  വൈറ്റമിൻ E,  ബീറ്റാ കരോട്ടിൻ,  
അനുബന്ധ കരോട്ടിനോയിഡുകൾ,   സെലിനിയം, മാംഗനീസ്, സിങ്ക് എന്നിവയുമാണ്  പോഷകങ്ങളിൽ ഉൾപ്പെട്ട നിരോക്സീകാരികൾ.
 ശരീരത്തിന് ഈ ആന്റിഓക്‌സിഡന്റുകൾ നിർമ്മിക്കാൻ കഴിയില്ല.  ഗ്ലൂട്ടത്തയോൺ, കോഎൻസൈം ക്യു 10, ലിപ്പോയിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ,   പോളിഫെനോൾസ്, ഫൈറ്റോ ഈസ്ട്രജൻ എന്നിങ്ങനെ പല പേരുകളിലറിയപ്പെട്ടുന്ന മറ്റു നിരോക്സീകാരികളുമുണ്ട്.
 ഓക്സിഡേറ്റീവ് സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് ഭക്ഷണത്തിൽ ഇവയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

    വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്):  അടിക്കടി ബാധിക്കുന്ന ഫ്ലൂ,  ജലദോഷം എന്നിവ ഇതിന്റെ കുറവു മൂലമായേക്കാം.  മിക്ക പച്ചക്കറി-പഴവർഗ്ഗങ്ങളിലും സി വൈറ്റമിൻ അടങ്ങിയിരിക്കുന്നു.  എന്നാൽ അസറോള ചെറി,  ചെറുനാരങ്ങ എന്നിവ മികച്ച അളവിലുള്ള സ്റോതസ്സാണ്.   വൈറ്റമിൻ സി
 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കാനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ ഇ: കായ്കൾ, വിത്തുകൾ, സസ്യ എണ്ണകൾ, ഇലക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കോശ സ്തരങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.  വിറ്റാമിൻ സിയുമായി സഹകരിച്ചാണ് വൈറ്റമിൻ ഇ യുടെ പ്രധാന പ്രവർത്തനം.  മുഖകാന്തിക്കു നിദാനമായതിനാൽ ഇവയെ ബ്യൂട്ടീ വൈററമിൻ എന്ന് വിളിക്കുന്നു.
   ബീറ്റാ കരോട്ടിൻ: വിറ്റാമിൻ എയുടെ മുൻഗാമിയായ ബീറ്റാ കരോട്ടിൻ കാരറ്റ്, മധുരക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയ വർണ്ണാഭമായ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു പിഗ്മെന്റാണ്.  ആരോഗ്യകരമായ ചർമ്മം, കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം എന്നിവ നിലനിർത്താൻ  ഇവ അത്യാവശ്യമാണ്.

  സെലിനിയം:   
 കടൽ മത്സ്യം,  കക്ക,   ധാന്യങ്ങൾ,  പയർവർഗ്ഗങ്ങൾ,  ബ്രസീൽ പരിപ്പ്, എന്നിവയിൽ നിന്നുമാണ് സെലെനിയം ലഭ്യമാകുന്നതു്.    ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രതിരോധ സംവിധാനത്തിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ്ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്  സെലെനിയം ആവശ്യമാണ്.

 ഫ്ലേവനോയ്ഡുകൾ: വിവിധ പഴങ്ങൾ, പച്ചക്കറികൾ, ചായ, കൊക്കോ,  സോയ എന്നിവയിൽ കാണപ്പെടുന്ന ഫൈറ്റോകെമിക്കലുകളുടെ (ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രാസപദാർത്ഥങ്ങളുടെ) ഒരു കൂട്ടമാണിത്.  ഫ്ലേവനോയ്ഡുകൾ നിരോക്സീകാരികളാണ്.  കൂടാതെ നീർക്കെട്ട് തടയാനും ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയാനും  സഹായിക്കുന്നു.

നിരോക്സീകാരികളുടെ വിവിധ പ്രയോജനങ്ങൾ:

 വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.  
ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദ്രോഗം, കാൻസർ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ  അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

രോഗപ്രതിരോധം: ആന്റിഓക്‌സിഡന്റുകൾ ഓക്സീകരണത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.  കൂടാതെ
  പനി,  ജലദോഷം തുടങ്ങിയ . വൈറസ്,  ബാക്ടീരിയ തുടങ്ങിയവയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.   

 ചർമ്മത്തിന്റെ ആരോഗ്യം: അൾട്രാവയലറ്റ് വികിരണത്തിന്റെയും പാരിസ്ഥിതിക മലിനീകരണത്തിന്റെയും ദോഷകരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.  മുഖ സൌന്ദര്യത്തെബ്ബാധിക്കുന്ന ചുളിവുകൾ,  കരിമംഗല്യം എന്നിവ വരാതെ സംരക്ഷിക്കാൻ സഹായകരമാകുന്നു.  ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.  

 പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു: ഓക്‌സിഡേറ്റീവ് സ്ട്രെസ് വാർദ്ധക്യ കാല ജരാനരകൾക്ക് കാരണമാകുന്നു.  ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് കേടുപാടുകൾ നിയന്ത്രിച്ച്,   ഈ ജരാനരകളെ മന്ദഗതിയിലാക്കുന്നു,  സുഖകരമായ വാർദ്ധക്യത്തിന് സഹായകരമാകന്നു. 
     
    പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം,   തടിയനങ്ങുന്ന ജീവിതക്രമം,  വേണ്ടത്ര ഉറക്കം,  സ്ട്രെസ് മാനേജ്മെന്റ് എന്നിവയ്‌ക്കൊപ്പമേ നിരോക്സീകാരികൾ  ശരിയായി പ്രവർത്തിക്കൂ !

ഉപസംഹാരം
    നിരോക്സീകാരി സമൃദ്ധമായ പച്ചക്കറി- പഴവർഗ്ഗങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളുമടങ്ങിയ ഭക്ഷണം ശീലമാക്കിയവർക്ക് അല്ലാത്തവരേക്കാൾ രോഗസാദ്ധ്യത
കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
     ദിവസേന 400 ഗ്രാം വിവിധതരം,  പഴക്കം ചെല്ലാത്ത  പച്ചക്കറി-പഴവർഗ്ഗങ്ങൾ ദക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്  ലോകാരോഗ്യ സംഘടനയുടെ ശുപാർശ.