Sunday, November 27, 2022

പതിനെട്ടാമത്തെ കുതിര

സ്വത്ത് വഹകൾ തന്റെമൂന്ന് മക്കൾ എങ്ങിനെ വീതിച്ചെടുക്കണമെന്ന കൃത്യമായ മാർഗ്ഗനിർദ്ദേശത്തോടെയാണ് ധനികകർഷകപ്രഭു നാടുനീങ്ങിയത്.  എല്ലാംവീതിച്ചു കഴിഞ്ഞ് കുതിരകളെ ഭാഗിക്കേണ്ട സമയമായി!  ലക്ഷണമൊത്ത അരോഗദൃഢഗാത്രരായ,  വിലയേറിയ പതിനേഴ് അറബിക്കുതിരകളായിരുന്നു!! ഗുരുവെഴുതിവെച്ചതിങ്ങനെ:
 പതിനേഴിൽ പകുതിയെണ്ണത്തിനെ മൂത്തപുത്രന്,   മൂന്നിലൊന്ന് രണ്ടാമന്,  ഒമ്പതിലൊന്ന് മൂന്നാമത്തെ മകന്.  
 ഇതെങ്ങിനെ സാദ്ധ്യമാകും?  തല പുകഞ്ഞാലോചിച്ചു.  ഒരുവഴിയും തെളിഞ്ഞുകിട്ടിയില്ല.  മൂവരും സഹായംതേടി ഗുരുസന്നിധിയിലെത്തി.  ഭാഗംവെക്കൽ ഗുരുവിനും അസാദ്ധ്യമായിത്തോന്നി.  ഒടുവിൽ വഴക്കൊഴിവാക്കാൻ ഗുരു ഒരുപായം കണ്ടെത്തി.  പതിനേഴിന്റെ കൂടെ തന്റെ ഒരു കുതിരയെക്കൂടി ചേർക്കുക!   അങ്ങിനെ മൊത്തം കുതിരകൾ പതിനെട്ടാക്കുക.  പിന്നീട് കാര്യങ്ങൾ എളുപ്പമായി.   മൂത്തമകന് പതിനെട്ടിന്റെ പകുതി ഒൻപത് കുതിരയെ കൊടുത്തു,   അവനുമായി സ്ഥലം വിട്ടു.      രണ്ടാമന് മൂന്നിലൊന്ന്  ആറ്!   മൂന്നാമനൊമ്പതിലൊരുഭാഗം രണ്ട്!  ആറും രണ്ടുമെട്ടു കുതിരകളുമായ്അവരും സ്ഥലം വിട്ടൂ.  ഒമ്പതുംമെട്ടൂം പതിനേഴ്!!  ഗുരുവിന്റെ ഒരു കുതിര ഗുരുരുവിന്ന് !!!   പതിനെട്ടാമത്തെ കുതിര!! 

 കുട്ടികളെ! നിങ്ങൾക്കുമിത്തരം കീറാമുട്ടിപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  ഗുരുസമക്ഷത്തിലെത്തിപ്പെടൂ!
അദ്ദേഹത്തിന്റെ പക്കൽ പതിനെട്ടാമത്തെ കുതിരയുണ്ട്.  നിങ്ങളുടെ കീറാമുട്ടിപ്രശ്നത്തിന്റെ  പരിഹാരം.!!
                  .            എൻമംഗലം

No comments:

Post a Comment