Sunday, December 1, 2024

രുദ്രഞ്ചിറയുടെ കഥ

    ..രൂദ്രൻചിറക്ക് 
ചരിത്രമില്ല. ചരിത്രത്തിലെങ്ങും രുദ്രൻചിറയുമില്ല.  അഥവാ ചരിത്രം രുദ്രഞ്ചിറയെ കണ്ടില്ല.   എന്നാൽ രുദ്രഞ്ചിറക്കൊരൈതീഹ്യമുണ്ട്.  രുദ്രഞ്ചിറക്ക് കഥകളുമുണ്ട്

കണ്ണനൂരില്ലത്തെ
ട്ടങ്ങേലി ഒറ്റപ്പെട്ടു  പോയി.  അച്ഛനുമമ്മയും തലേത്തട്ടി വന്ന്  മരിച്ചുപോയി.  മറ്റ് സ്വന്തക്കാരാരുമില്ല.  വടുക്കിനിത്തേവര് മാത്രം ആശ്രയം!  തേവരെ ഉള്ളറിഞ്ഞ്  ഭജിച്ചു, ട്ടങ്ങേലി.  ഓരോപ്രദോഷ സന്ധ്യയിലും  ആയിരത്തെട്ടു പഞ്ചാക്ഷരം. 
  
 കറുത്തപക്ഷ  പ്രദോഷനാൾ ഒറ്റരാത്രിക്കഭയം തേടി ഒരുയുവാവ് എത്തിപ്പെട്ടു.  നിറമെണ്ണക്കറുപ്പെങ്കിലും  വടിവൊത്ത ആകാരം.  "കുളത്തില് ഭസമക്കുട്ടയും ഈറൻ മാറാനുള്ളതുമുണ്ട് "  അത് അച്ഛനായിട്ടുള ഏർപ്പാടാണ്.  കുളിച്ചെത്തിയ യാത്രികൻ ഒരു സാളഗ്ര്രാമം കൊടുത്തു.  "തേവരേടൊപ്പം വെച്ച് നേദിച്ചോളൂ !"
  
.   "കണ്ണനൂരില്ലം അന്യം നിൽക്കരുരുത്.  നിനക്ക് പറ്റിയ ഒരു യോഗ്യനെ
ഞാൻ ഇവിടെക്കൊണ്ട് വന്ന് ഇരുത്തും."  അച്ഛൻ എപ്പോഴും പറയുമായിരുന്നു.  യുവാവിന്റെ ഊരുംവീടുമൊന്നും അന്വേഷിക്കാൻ തോന്നിയില്ല.  വടുക്കിനിത്തേവര് ശരീരം എടുത്ത്   പ്രത്യക്ഷപ്പെട്ട പോലെ !!
 എല്ലാമറിയാമെന്നപോലെ അയാളും.   നാളൊത്ത രാത്രി ക്കെന്ന പോലെ  പെണ്കിടാവ്  ഒരൊറ്റപ്പായ വിരിച്ചു. കണ്ണനൂരില്ലത്തിന്റെ  പിൻതുടർച്ചക്കൊത്ത  
യാമം !!  സാർത്ഥകരാത്രിക്കൊടുവിൽനേരംവെളുത്തു.  കുളി തേവാരങ്ങൾക്കൊടു
വിൽ  ഒരു  സമാശ്വാസം:
"ആ സാളഗ്രാമം വെച്ചോളൂ!
 നേദിക്കൽ മുട്ടുമെന്ന്  വന്നാൽ കെട്ടിനിൽക്കുന്ന പെരുവള്ളത്തിൻ നടുവിലേക്ക്   വലിച്ചെറിഞ്ഞേക്കൂ! തേവരേയും സാളഗ്രാമവും"
  മൗനം മാത്രം പുറത്ത് വന്ന  യാത്രാമൊഴിയൊന്നിന്നൊടുവിൽ  യാത്രികൻ  നടന്ന് മറഞ്ഞു.  

ഒരു ദിവസം എങ്ങുനിന്നോ വന്ന വയറ്റാട്ടി പറഞ്ഞു.  "മാസം തികഞ്ഞൂ.  ഇനി നേദിക്കേണ്ട!"  സാളഗ്രാമവും വടുക്കിനിത്തേവരേയും
 കെട്ടിയചിറക്കുപിന്നിൽ വിങ്ങിനിറഞ്ഞുനിൽക്കുന്ന പെരുവെള്ളത്തിലേക്ക്   ഊക്കെടുത്തെറിഞ്ഞു.   കെട്ടിനിർത്തിയ ചിറക്കക്കരെയെങ്ങോ  ഒരു  വലിയ  തോട്  കാണായി.       തോട്ടിലൂടെ ചിറവെള്ളം ചോർന്നൊഴുകി  ദൂരെ ആനാറിപ്പുഴയിലെത്തി.  വെള്ളംചോർന്നിടത്ത് വിത്തെറിഞ്ഞാൽ പലമേനിവിളയുന്ന മണ്ണ്പൊന്തി.  മണ്ണ്തേടിവന്ന ജനം കൂടൊരുക്കി പാർപ്പുറപ്പിക്കാൻ തുടങ്ങി.  ഇവിടന്നങ്ങോട്ട് രുദ്രഞ്ചിറയു ടെ കഥ തുടങ്ങുന്നു. രുദ്രൻചിറക്കാ- 
രുടെ കഥതുടങ്ങുന്നു.  കഥനിറഞ്ഞ രുദ്രഞ്ചിറേ! 
 
   രുദ്രഞ്ചിറയുടെ  ഈ കഥമഹാസാഗരം ഒരു
 ചെറുതോണിയിൽ 
തുഴഞ്ഞ്  ഏത്കരവരെ 
എത്താനാകും??

രുദ്ര ഞ്ചിറയുടെ പച്ചമണ്ണ് !  പശിമ മുറ്റിയ പുതുമണ്ണ്!!  ജനങ്ങൾ രുദ്രഞ്ചിറയിൽ കുടിയേറാൻ തുടങ്ങി.  ഏവരേയും കാത്ത് രൂദ്രഞ്ചിറ തേവര് ,  തേവരുടെ അമ്പലത്തിന്  വടക്ക്കിഴക്കേമൂലയിൽ! എല്ലാരുദ്രഞ്ചിറക്കാർക്കും അമ്മയായി കുടികൊണ്ട  എലഞ്ഞിക്കലെ മുത്തി !!

 കാലങ്ങൾക്ക് ശേഷം,    ചായക്കടമൊയ്തുട്ടിയുടെ കുട്ടിക്ക് വിറപ്പനിവന്ന ഒരു നാൾ.   എലഞ്ഞിക്കലെ മുത്തിക്ക്  ജപിച്ചുതിയ ചരട് കൊടുത്തിട്ട് അനന്തെമ്പ്രാന്തിരി പറഞ്ഞു 
" തേവരുടെ ദണ്ഡാരത്തിലും കൂടി ഇടണംട്ടോ !"  എട്ടുണത്തുട്ടൊന്ന് എമ്പ്രാന്തിരിയുടെ കാൽക്കൽ ദൂരത്ത് മാറി  വെച്ച്  മൊയ്തുട്ടി പറഞ്ഞു "അതൊക്കെ ങ്ങള് ഞായം പോലെ ചെയ്താ മതി."
ഇന്നൊരു കോളടിച്ച ദിവസമാണല്ലോ!  സാധാരണ കിട്ടാറുള്ളത് ഒരണ, രണ്ടണ ഏറ്റവും കൂടിയത് നാലണ .
 "രണ്ടണക്ക് മുതിര  ഒന്നേ കാലണക്ക് വാര സോപ്പ്, രണ്ടരെയണ വെളിച്ചെണ്ണ....." എമ്പ്രാന്തിരി മനസ്സിൽ കണക്കുകൂട്ടി....... 

 എല്ലാരുദ്രഞ്ചിറ ക്കാർക്കുമമ്മയായിരുന്നു രുന്നു  എലഞ്ഞിക്കലെ മുത്തി.  ചിറവെള്ളത്തിലേക്ക് സാളഗ്രാമമെറിഞ്ഞ് രുദ്ര ഞ്ചിറക്ക് കാരണമായ കണ്ണനൂരില്ലത്തെ ട്ടങ്ങേലിയാണ് 
എലഞ്ഞിക്കലെമുത്തി എന്നൈതീഹ്യം

സർവ്വൈശ്വര്യവുംതികഞ്ഞ ലക്ഷണമേഴുമൊത്ത ഒരുണ്ണിയെയാണ് ട്ടങ്ങേലി പെറ്റത്.   ഉണ്ണിക്ക് വയസ്സ് അഞ്ച്കഴിഞ്ഞു. ഉണ്ണിക്ക് ചൗളം,  ഉപനയനം,  ഓത്തുചൊല്ലിക്കൽ തുടങ്ങി.. ഷോഡശക്രിയാ ഭാഗങ്ങൾ പലതുമുണ്ട്.  ആരു ചെയ്യിക്കും?  പോർക്കുളത്തുനിന്നൊരു പട്ടേരിവന്ന് ഉണ്ണിയെ ക്കൊണ്ടങ്ങ് പോയി.  ഒന്നൊന്നായി ക്രിയകളെല്ലാം ചെയ്യിച്ചു പട്ടേരി.    പിഴച്ചു പെറ്റ അമ്മ എന്ന അപരാധം ചുമത്തി ഉണ്ണിക്ക്  മഠത്തിൽ വേദാദ്ധ്യയനം നിഷേധിച്ചു. ഉണ്ണി പക്ഷെ  തച്ചുശാസ്ത്രം പറിച്ചു.  അതിബുദ്ധി കാട്ടിയ ഉണ്ണിയെ പട്ടേരി കൈവിട്ടില്ല.  ഉണ്ണി പിന്നീട് അമ്മയെ ഒന്ന്  കാണാൻ പോലും പോയില്ല.   ഒടുവിൽ പട്ടേരിയുടെ മകളെ വേളി കഴിച്ചവിടെക്കൂടി. മകന്റെബുദ്ധി വൈഭവം,  വേളി കഴിച്ചത്,  തച്ചുശാസ്ത്രജ്ഞ-
നായത്,...എല്ലാമെല്ലാം ആ അമ്മ  കേട്ടറിഞ്ഞു.  അമ്മയുടെ ഉള്ളമെരിഞ്ഞു..  പിഴച്ചു പെറ്റതാണത്രെ!  അവരൊരമ്മയല്ലേ.  തന്റെ ജീവിതത്തിനൊരർത്ഥം പകർന്നുകിട്ടിയ ആ സന്ധ്യ ! കറുത്തതെങ്കിലും  ആകർഷകമായ ആ ആകാരം,  ആരെന്നറിയാത്ത അദ്ദേഹം തന്നേൽപിച്ച ആ സാളഗ്രാമം!  കൂട്ടിരുന്ന ആ സാളഗ്രാമം ശക്തിയായിരുന്നു.  എന്തിനണ് സാളഗ്രാമം ചിറകെട്ടിയ വെള്ളത്തിലേക്കാ ഞ്ഞെറിയാൻപറഞ്ഞതെന്ന്. 
ഇന്ന് മനസ്സിലാകുന്നു.  രുദ്രഞ്ചിറക്കാരായ കുറെ മക്കളെ കിട്ടാൻ.  നീ വരും എന്നെങ്കിലും.    എന്നെ കാണാനല്ല,  രുദ്രഞ്ചിറ കാണാൻ!  പിഴക്കാതെ,  പേറ്റു നോവറിയാതെ ഞാൻ പെറ്റ എന്റെ രുദ്രഞ്ചിറയുടെ പൊന്നു   മക്കളെ കാണാൻ!  നീയറിയാത്ത നിന്റെസോദരർ!  
നീയല്ലെങ്കിൽ നിന്റമക്കൾ വരും!  എന്റെ പേരക്കിടാങ്ങൾ വരും!  
നെഞ്ചെരികൊണ്ട ആ അമ്മ പ്രദോഷസന്ധ്യ ക്കൊരുനാൾ നുടുമുറ്റത്തൊരാവണപ്പലക- യിട്ട്   കിഴക്കു നോക്കി കണ്ണുചിമ്മി ആ നടുമുറ്റത്തൊരിരുപ്പിരുന്നു. "താനൊരമ്മയാണ് . പിഴച്ചു പെറ്റ അമ്മ.  എല്ലാ രുദ്രഞ്ചിക്കാർക്കും  കാരണഭൂതയായ അവരുടെ അമ്മ.  
    "എൻ്റെ മക്കൾകരയത്" 

 കണ്ണനൂർ നടുമുറ്റത്തെ മുല്ലത്തറയിലെ മുല്ലവളർന്നു തുടംവെച്ചു.  ഉണ്ണി കളിക്കാൻ സൂക്ഷിച്ച എലഞ്ഞി  ക്കുരുക്കളെല്ലാം നടുമുറ്റത്തെമണ്ണിൽ മുളച്ച് വളർന്ന് മരമായി. .എലഞ്ഞിക്കലെ മുത്തിക്ക് തണലായി! രുദ്രഞ്ചിറക്കാരുടെ   കാവായി!!  
 എല്ലാരുദ്ഞ്ചിറ- ക്കാർക്കുമമ്മയായി  മുത്തി ആ നടുമുറ്റത്ത് കുടിയിരുന്നു.  രുദ്രഞ്ചിറയിൽ വന്ന്  വീടൊരുക്കുന്നവരും പെറ്റുവീഴുന്നവരുമായ എല്ലാവർക്കും അമ്മയായി!   ഒരിക്കൽ പിഴച്ചു പെറ്റ  അമ്മ!! 
 
 രുദ്രഞ്ചിറ മഹല്ല് രൂപം കൊണ്ടതും  ആദ്യ ബാങ്ക് വിളിയുയർന്നതും ഒരുകഥയാണ് .  തേവള്ളിപ്പറമ്പിലെ ഓട് മേഞ്ഞ കൊച്ചു പള്ളി മന്ദിരത്തിൻ്റെ ഭാഗമായ മെക്കക്കഭിമുഖമായ പള്ളി മിനാരം. പള്ളി മന്ദിരത്തിന്നു പിന്നിൽ  കാട്ടു തൃത്താവ് തിങ്ങിവളർന്ന ശവപ്പറമ്പ് .  ഖബർസ്ഥാൻ എന്ന്  അന്ന് കേട്ടിട്ടില്ല
അതുപോലെത്തന്നെ ഒരുനാൾ രുദ്രഞ്ചിറ  ഇടവകയും നിലവിൽ വന്നു.  രുദ്രഞ്ചിറയിലെ കൊച്ച  അങ്ങാടിയുടെ ഇടയിൽ ഒരു കുരിശുപള്ളിയായീരുന്നൂ ഉണ്ടായിരുന്നത്.   കൊല്ലത്തിൽ ഒരമ്പ് പെരുനാൾ .   ബാൻ്റ് മേളം എല്ലാ ക്രിസ്ത്യൻ വീടുകളും കയറിയിറങ്ങുന്നു.  ചാക്കുവിൻെ വീടാണ് തൊട്ടടുത്ത്. പെട്രോ മാക്സ് വെളിച്ചത്തിൽ പട്ടു കുടയും ബാൻ്റും കാണാം...  പിന്നീട് ആഘോഷമായി രണ്ട് മൂന്ന് മൈലകലെയുള്ള പാലൂര് പള്ളിയിലേക്ക് പോകുമത്രെ.  പിന്നെ ഒരു നാൾ രുദ്രഞ്ചിറ ഇടവക നിലവിൽ വന്നു.  പുഞ്ചക്കാട് തറവാടിനോട് ചേർന്ന പറമ്പിൽ ഓടുമേഞ്ഞ ആർഭാടമില്ലാത്ത ഒരുപള്ളിക്കെട്ടിടം.  പിന്നീട് അതിനു മുന്നിൽ ഓരം ചേർന്നൊരു ഓലപ്പുര.  ഒരു പള്ളിക്കൂടം.

പിന്നെ കുറച്ച് പേർ    കമ്യൂണിസ്റ്റുകാരായി.   അതിനു പിന്നിലും കഥകളുണ്ട്.   ഒന്നുകൂടി പ്പറയട്ടെ ഏവർക്കു മേവർക്കും  എലഞ്ഞിക്കൽ മുത്തി തുണയായിരുന്നു.  

രുദ്രഞ്ചിറക്കാരുടെ മരണത്തെപ്പറ്റിക്കൂടെ പറയാം.  ഹിന്ദുക്കൾ മരിച്ചാൽ ഒരുപുകയുയരും.   അത്രമാത്രം.       മുസ്ളീമുകളുട മരണം സങ്കടമാണ്.  മയ്യത്ത് കട്ടിൽ തോളിലേറ്റി ഒരു വിലാപ ഗീതം പോലെ  "ലായിലാഹ ഇല്ലല്ലാഹ്...."  കൃസ്ത്യൻ  മരണം,  അലങ്കരിച്ച ശവമഞ്ചത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു അന്തൃയാത്ര.  മുന്നിൽ കറുത്ത മുത്തുക്കുട നടക്കുന്നു.   വിലാപരാഗമൂയരുന്ന ബാന്റ്മേളം.  ഏറ്റവും മുന്നിലായി ഒരു മണിനാദം..  ....അങ്ങ് പാലൂർപള്ളി വരെ യെത്തണം

 ജനസംഖ്യാക്കണക്കിൽ രുദ്രഞ്ചിറക്കിടംകിട്ടിയിരിക്കണം.  രോദ്രഞ്ചിറക്കാരായി എത്ര പേർ കാണും?  ഒരൈഡിയയുമില്ല.  രുദ്രഞചിറയിൽ  രണ്ട് റേഷൻ കടകളുണ്ട്.  ഒരു ബ്രാഞ്ച് പോസ്റ്റാപ്പീസുണ്ട്.    രുദ്രഞ്ചിറ വില്ലേജില്ല, പഞ്ചായത്തില്ല.   രുദ്രഞ്ചിറക്കാരെത്രയായാലും ഈ രുദ്രഞ്ചിറക്കഥയിൽ  എത്രപേർ ? 15 ഓ 20 ഓ ?  അവരുടെ തന്നെ കഥ പൂർണ്ണമോ?  കഥ കുറഞ്ഞവരായിട്ടാരുമില്ല! 
രുദ്കലാ  വായനശാലയുടെ കോണിപ്പടിയുടെ കൈവരിയിൽ കയ്യുരച്ച് അതിദ്രുതം  ഇറങ്ങി വന്ന് നടുറോട്ടിൽ പകുതി
വായനശാലയെ നോക്കിയും പകുതി നാട്ടാരെ നോക്കിയും  ഇടതു നെഞ്ചിൽ വലതു കൈ ഇടിച്ച്     "ഞാൻ ആർത്താറ്റെ ജോസുട്ടി മുതലാളിയുടെ മോനാണ്"  എന്ന് ആരേയോ വെല്ലുവിളിച്ച  ബെന്നിമോൻ, 
   ജോസുട്ടി മുതലാളി,  കണ്ണൻ നായർ,  കണ്ണൻ നായരുടെ അനുജൻ വേണുനായർ,  ചായക്കട മൊയ്തുട്ടി,  ടെയ്ലർ സെയ്താലി,  പൊട്ടിച്ചിരി  പോളുട്ടി ,  
വിശേഷണങ്ങൾ ഇല്ലാത്ത കൊച്ചു നാണി ....... തനതായും കെട്ടുപിണഞ്ഞും പല കഥകൾക്കുടമകളായ  രുദ്രഞ്ചിറക്കാർ എത്ര, 
എന്തുമേതും തിരിയാത്ത ഈ  അല്പജ്ഞാനി എവിടെ???

                                                                                    കഥതുടരും

    




    





          





Friday, October 11, 2024

തൂണിലും തുരുമ്പിലും.....

തൂണിലും തുരുമ്പിലും തൂരുമ്പെടുത്തവാളിലൂം
വിടർന്നുപുഞ്ചിരിച്ചുനിന്ന
പൂവിലും,  വിളങ്ങിടും വിളക്കിലും,
കറുത്തകൂരിരുട്ടിലും നിറഞ്ഞു-
നിന്ന നിത്യസത്യമെന്തഹോ!!

ഗുരുകഥാവലി ഒൻപത്

മരുഭൂമിതാണ്ടിയുള യാത്രയാണ്.  കാതങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട്.   കയ്യിൽകരുതിയിരുന്ന അവസാനതുള്ളി കുടിവെള്ളവും കുടിച്ച്തീർന്നു.  പേശികൾ വലിഞ്ഞ്മുറുകന്നു.  ശരീരമാകെ തളരുന്നു,  കുഴയുന്നൂ.   മുന്നോട്ട് നീങ്ങാതെ വയ്യ!  ഏന്തിവലിഞ്ഞ് നടന്നു.  ദാഹിച്ച് ദാഹിച്ച് തൊണ്ട വരണ്ടുണങ്ങി.....പെട്ടെന്നതാ മുന്നിൽ ദൂരെ ഒരു പച്ചപ്പ് !   പച്ചപ്പാണോ വെറും മരീചികയാണോ?  ഏതായാലും ഒരു പ്രത്യാശക്ക് വകയുണ്ട്.  നടക്കാൻ ഒരു പുതുശക്തി കിട്ടി.   മുന്നിലെകാഴ്ച കൂടുതൽ വ്യക്തമായി.  ഒരുകുടിൽ കാണുന്നുണ്ട്!!  ഒരുവിധത്തിൽ നടന്ന്  കുടിലിന്നടുത്തെത്തി.  കുടിലിന്നടുത്തതാ ഒരു ചാമ്പ്പമ്പ്.   
ഒന്ന് പമ്പ് ചെയ്തു നോക്കാം.  സകലശക്തിയും സംഭരിച്ച് പമ്പ് ചെയ്യാൻ തുടങ്ങി.  പലതവണ പമ്പ് ചെയ്തിട്ടും ഒരുതുള്ളിപോലും വെള്ളം വന്നില്ല.   
ദാഹം, ക്ഷീണം, തളർച്ച!  എല്ലാ ആശകളും  നശിച്ചു എന്ന് കരുതിയപ്പോൾ അതാ കുടിലിന്റെ  മൂലയിൽ ഒരു കുടം!  കുടത്തിൽ നിറയെ വെള്ളം!! ആർത്തിയോടെ കുടത്തിന്നടുത്തെത്തി,  കുടംകയ്യിലെടുത്തു.  അതാകുടത്തിന്നടിയിൽ എന്തോ എഴുതിയ ഒരു പേപ്പർ.  പേപ്പർ തുറന്ന് വായിച്ചു.
"ഈ കുടത്തിലെവെള്ളം കുടിക്കാനുള്ളതല്ല.  ഈവെള്ളം പമ്പിൽ ഒഴിക്കുക.  വെള്ളം ഒഴിച്ചതിനുശേഷം പമ്പ്ചെയ്യുക.   കുടം വീണ്ടും നിറച്ച് വെക്കാൻ മറക്കരുത്"
ഇത് ശരിയാകുമോ?  വെള്ളം പമ്പിലൊഴിച്ചാൽ അതുകൂടി നഷ്ടപ്പെട്ട്  പോകുമോ?  .കുഴൽകിണറിൽ ഇനിയും വെള്ളം ബാക്കിയുണ്ടെന്നതിനെന്താണുറപ്പ്?
അഥവാ പേപ്പറിൽ എഴുതിയത് ശരിയാണെങ്കിലോ?   ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല......
ഒടുവിൽ രണ്ടും കൽപ്പിച്ച്  കുടത്തിലെ വെള്ളമെടുത്ത് അയാൾ പമ്പിലൊഴിച്ചു. പമ്പ്ചെയ്യാൻ തുടങ്ങി.  അതാ വരുന്നൂ,  ദാഹജലം!  കുളിരു നിറഞ്ഞ ജീവജലം!!!!

കഥ പറഞ്ഞുതീർത്ത ഗുരു ചോദിച്ചു :  " കുട്ടികളേ ഈകഥയിൽ നിന്ന്  നിങ്ങൾ എന്ത് പഠിച്ചൂ?"


Tuesday, September 17, 2024

പ്രഗാബലേശ്വരൻ

വളരെ യാദൃശ്ചികമായാണ് പ്രഗാബല മഹർഷിയെ ക്കുറിച്ചറിയാൻ കഴിഞ്ഞത്. സ്വതവേ "ഗ്രന്ഥ"ശേഖരങ്ങൾ കണ്ടാൽ തീരെ അവഗണിക്കുകയാണ് പതിവ്.  എന്നാൽ ഈ ഗ്രന്ഥം ശ്രദ്ധിക്കാൻ കാരണം അതിൻ്റെ കെട്ടിലും മട്ടിലുമുള്ള വ്യത്യസ്തയാണ്.  രണ്ടു പുറത്തുമുള്ള ചട്ട.  നല്ല മൂത്ത പ്ലാവിൻ്റെ ഉരച്ചു മിനുക്കി മെഴുകിട്ട കട്ടിപ്പലകയായിരുന്നു.  പല തരത്തിലും നിറത്തിലും പെട്ട നൂലുകൾ ചേത്ത് മനോഹരമായി പിരിച്ചെടുത്ത ചരടു  ശ്രദ്ധാപൂർവ്വം കോർത്ത് കെട്ടിയ ചരടിൻ്റെ രണ്ടറ്റത്തും 'കുണുക്ക് തനി പിച്ചളയായിരുന്നില്ല.  
ക്ലാവ് പിടിച്ച് വല്ലാതെ മങ്ങിയിരുന്നില്ല.  മുത്തശ്ശൻ്റെ എഴുത്താണി തലപ്പത്തും ഇത്തരമൊരു  ലോഹത്തിൻ്റെ തൊപ്പിയായിരുന്നു.  ചുരുക്കം പറയട്ടെ ഗ്രന്ഥം കാണാൻ മനോഹരമായിരുന്നു.  മുത്തശ്ശൻ്റെ സൗന്ദര്യബോധം തെളിഞ്ഞു കണ്ടു ഏതൊരാളും കണ്ടാൽ ഒന്ന് മറിച്ചു നോക്കും. പുതിയ ഓലയിൽനമ്മുടെ മലയാള ലിപിയിൽ  മുത്തശ്ശൻ തൻ്റെ സ്വന്തം വൃത്തിയുള്ള കൈപ്പടയിൽ പകർത്തിയെഴുതിയതായിരുന്നു എന്നതാണ് മറ്റൊന്ന്.
ഗ്രന്ഥത്തിലെ ഭാഷ സംസ്കൃതത്തോട് സാമ്യമുള്ള ഏതോ ഒന്നായിരുന്നങ്കെിലും മുത്തശ്ശൻ ശ്ലോകാർത്ഥങ്ങൾ കൊടുത്തിരുന്നു.

 ആശ്രമവാസികളായ കാട്ടു മൃഗങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങളായിരുന്നു,  ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.   ഉയരമുള്ള മരങ്ങളിൽ ട്രപ്പീസുകളിക്കുന്ന കുരങ്ങൻമാർ,  പരസ്പര മിടികൂടുന്ന മാനുകൾ,  വരയാടുകൾ,  കുത്തനെയുള്ള കുന്നിറങ്ങുന്ന ആനകൾ,  കൊമ്പ് കുത്തിക്കളിക്കുന്ന കരടികൾ എന്നു വേണ്ട പലതരം കളികളും വിനോദങ്ങളും.   ഇവയിൽ പല മൃഗങ്ങൾക്കും ചെറുതും വലുതുമായ പരിക്കുകൾ സംഭാവിക്കാറുണ്ടത്രെ.  ഏറ്റവും കൂടുതൽ ഫ്രാക്ചർ തന്നെയാണു സംഭവിക്കാറ്.  എന്നാൽ വളരെ ചുരുക്കം കേസുകളിൽ താരതമ്യേന ഗുരുതരമായ നാഡീസംബന്ധമായ പരിക്കുകളും സംഭവിക്കാറുണ്ട്.  അത്തരമൊരു പരിക്കും അതിന് പിന്നാലെ പ്രഗാബല മഹർഷി നടത്തിയ പ്രയാണവും കണ്ടെത്തിയ പരിഹാരവുമാണ് ഈ ഗ്രമ്പത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം.  

ഫലസ്താമലം എന്നൊരു വൃക്ഷത്തെക്കുറിച്ചതിൽ പറയുന്നുണ്ട്.  ഇതിൻ്റെ ഇലയും കൂമ്പും പൂക്കളും വേദന കുറയാൻ വളരെയേറെ സഹായിക്കു മെന്നദ്ദേഹം മനസ്സിലാക്കാനിടയായി.
കാരണം ഇടികൂടി പരിക്കേറ്റ  മാനുകളും ആടുകളും ഇവ വളരെവിഷമിച്ച് തിന്നുന്നത് കാണാറുണ്ട്.  കുന്നിറങ്ങുമ്പോൾ കാലുളുക്കിയ ആനകൾ പോലും ഇതിൻ്റെ കൊമ്പ് വലിച്ചൊടിച്ച് ഒന്നിച്ചു കുറെ വാരി വലിച്ച് തിന്നുന്നതു കാണാം.   പ്രത്യേകം പറയാനുള്ളതെന്തെന്നാൽ ഇതിൻ്റെ ഇലക്കും പൂവിനും മറ്റും ഒരു സ്വാദുമില്ലെന്നു മാത്രമല്ല ഭയങ്കര കയ്പാണുതാനും.  മൃഗങ്ങളുടെ വേദന കാണാൻ ഒട്ടും വയ്യാത്ത പ്രഗാബലേശ്വരൻ ഇതെല്ലാം പ്രത്യേകം ശ്രദ്ധിച്ച്  നിരീക്ഷിക്കും.  ചില്ലറ പരിക്കുപറ്റി വേദനിച്ച് വിഷമിക്കുന്ന കുട്ടിക്കുരങ്ങൻമാരെ ഇതിൻ്റെ കയ്പൻചാർ  വിഷമിച്ച് കുടിപ്പിക്കും.  തെല്ലു നേരം കഴിയുമ്പോളവറ്റ വേദനമറന്ന് പഴയ പോലെ ഓടിച്ചാടി നടക്കുന്നതു കാണാം

ഒരിക്കൽ ഗുരുതരമായി പരിക്കേറ്റ ഒരുകുരങ്ങച്ചൻ മുനിയുടെ അടുത്തെത്തി.  വെറും ഫലസ്ഥാമലം കൊണ്ടു മാത്രം മാറ്റാവുന്നതായിരുന്നില്ല ആ കുരങ്ങേച്ചൻ്റേത്.  നാഡീസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. കൈകാലുകൾക്കൊരു വിറയലും ഞട്ടലും മറ്റും പ്രത്യേക ലക്ഷണങ്ങളായുണ്ട്.  പ്രഗാ ബലമഹർഷിക്ക് കുരങ്ങച്ചൻ്റെ വേദനയും സഞ്ചാരവും കണ്ട് തീരെ സഹിക്കാൻ  വയ്യാത്തതായി.    മഹർഷിവര്യൻ  പല ചെടികളും വൃക്ഷങ്ങളും ജലസസ്യങ്ങളും സൂക്ഷ്മനിരീക്ഷണം ചെയ്തു, പല ജന്തുക്കളുടേയും ചലനങ്ങൾ സൂക്ഷ്മമായി പഠിച്ചു.  ആടുകൾക്കും മാനുകൾക്കും ഇടി കൂടുമ്പോൾ നാഡീപരമായ പ്രശ്നങ്ങളുണ്ടാകാൻ സദ്ധ്യതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.  അവയെ പ്രത്യേകം നീരീക്ഷിക്കാൻ തുടങ്ങി.   അവ ചിലസമയത്ത്മാത്രം തിന്നുന്ന ഇലകളുടെ വൈവിദ്ധ്യം വേർതിരിച്ചറിഞ്ഞു.  ആ അറിവിൽ നിന്നദ്ദേഹം develop ചെയ്തതാണ് പ്രഗാബലാദി ലേഹ്യം, ഗുളിക എന്നിവ.  പിന്നീടങ്ങോട്ട് ഫലസ്ഥാമലം ഗുളിക വേദന നിവാരിണിയായും പ്രഗാബലാദി നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും പ്രാചീന ആയുർവ്വേദ ഡോക്ടൻമാർ
ഉപയോഗിച്ചു വന്നിരുന്നു.  പിന്നീട് പിന്നീട് അവർക്കത് കൈമോശം വന്നൂഎന്നത്
അത്ഭൂതമെന്നേ പറയേണ്ടു.  അവ വിദേശ പാശ്ചാത്യരുടെ കയ്യിൽ എത്തി പ്പെട്ടത് അതിലും അത്ഭുതം തന്നെഎന്നും പറയാതിരിക്കാൻ വയ്യ

മനകളിലും ഭാഗം വെച്ചു പിരിഞ്ഞ പഴയ കോവിലകങ്ങളിലും തറവാടുകളിലും ഇത്തരം പല പല പഴയ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു.  മിക്കതിൻ്റേയും ഉള്ളടക്കം എന്തെന്ന് ആരും ശ്രദ്ധിച്ചില്ല.  ബൈൻ്റാരൻ  കാതറുട്ടിക്ക
മുത്തശ്ശൻ്റെ ഒരു സ്ഥിരം സന്ദർശകനായിരുന്നു.  കൊല്ലത്തിൽ രണ്ടോമൂന്നോ തവണയൊക്കെ വരും.  മുത്തശ്ശൻ്റെ കൈവശമുള്ള വാൽമീകി രാമായണം, ഋഗ്വേദസംഹിത,  ആമ്നായമഥനം തുടങ്ങിയ പഴയ പുസ്തകങ്ങൾ കാതരുട്ടിക്കയാണ്  വൃത്തിയായി ബൈൻ്റ്  ചെയ്ത് കൊണ്ടു കൊടുക്കാറ്.  കൂട്ടത്തിൽ മുത്തശ്ശന്നാവശ്യമില്ലാത്ത പുസ്തകങ്ങളും ഗ്രന്‌ഥങ്ങളും ഒരു ചെറിയ വിലക്ക് കാദരുട്ടിക്ക വാങ്ങും. ഉദാഹരണത്തിനു ഋഗ്വേദസംഹിത എങ്ങിനേയോ രണ്ടു കോപ്പി മുത്തശ്ശൻ്റെ കൈയിൽ വന്നുപെട്ടു.  ഒരെണ്ണം കാദരുട്ടിക്കാക്ക് കൊടുത്തു.  അതിൻ്റെ വില കൊണ്ടു മറ്റേത് ബൈൻ്റ് ചെയ്ത് ഭംഗിയാക്കി ക്കൊടുത്തു  കാദരുട്ടിക്കയുടെ  "ബിസി നസ്  സാമ്രാജ്യം"  വളരെ പരന്നതാണെന്ന് പറയട്ടെ.  വള്ളുവനാട്ടിലെ വലിയ മനകളും തറവാടുകളും,  ഇങ്ങ് കൊച്ചി,  കൊട്ടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ കോവിലകങ്ങൾ, പാലാ കോട്ടയം ക്രിസ്തീയ പ്രഭുകുടുംബങ്ങൾ......ഉൽപ്പന്നനിരയുംവൈവിദ്ധ്യം നിറഞ്ഞതായിരുന്നു.
ഗ്രന്ഥങ്ങളും സംസ്കൃതവും മാത്രമല്ല,  ജോഗ്രാഫിക്കൽ മാസിക,  ഇൻഡ്യാ മാഗസിൻ, റീഡേർസ്  ഡൈജസ്റ്റ്  എന്നിവയുടെ പഴയ പതിപ്പുകൾ എന്നുവേണ്ടാ  പേപ്പർവിലക്ക് തൂക്കിവ്വാങ്ങിയ ഇല്ലസ്റ്റ്രേറ്റഡ് വീക്ലിയുടെ പഴയ ലക്കങ്ങൾ എന്നിവവരെ ഉൾപ്പെട്ടതായിഔരുന്നു.  രസകരമായ വസ്തുതയെന്തെന്നാൽ ഇതിൻ്റെ ഒന്നിൻ്റേയും യഥാർത്ഥ മൂല്യം കാദരുട്ടിക്കാക്കുമറിയില്ലായിരുന്നു.  നമ്മുടെ ഗ്രന്ഥത്തിൻ്റെ യഥാർത്ഥ കോപ്പിയും എപ്പോഴേങ്കിലും കാദരുട്ടിക്കാക്ക് മുത്തശ്ശൻ കൊടുത്തു കാണും.  ഗ്രന്ഥങ്ങളിലും മറ്റും ഹൈന്ദവർ മാത്രമല്ല ക്രിസ്തീയ കുടുംബങ്ങളിൽ ഉള്ളവരിൽ ചിലരും തൽപ്പരരായിരുന്നു. 
   പറഞ്ഞ് വന്നത്,  മോഡേൺ മെഡിസിനിൽ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്ന്, നാഡീ സംബ ന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ  
ഉപയോഗിക്കുന്ന മറ്റൊരു മരുന്ന് ...  ഇവരണ്ടും ഈ ഗ്രന്ഥത്തിൽനിന്നും ലഭിച്ച
ചേരുവകളാണെന്നതിൽ ഒരു സംശയത്തിനും അവകാശമില്ല  
 ഒന്നു പാരാസെറ്റമോൾ (ക്രോസിൻ, ഡോളോ തുടങ്ങി വിവിധ ബ്രാൻ്റുകൾ),  മറ്റേത് പ്രഗബാളിൻ.   പാശ്ചാത്യർ മരുന്നുകൾക്ക് പേരിടുമ്പോൾ ഒന്നുകിൽ അതുമായി ബന്ധപ്പെട്ട സസ്യനാമം അല്ലെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച മഹദ് വ്യക്തിയുടെ പേർ എന്നിവത ഉപയോഗപ്പെടുത്താറുണ്ട്.    പാരാസെറ്റമോൾ എന്നത് ഫരസ്റ്റാമലം ആണ്, No doubt!!   പ്രഗബാലിൻ നമ്മുടെ ഋഷിവര്യന്റെ പേരിൽനിന്ന്!!!  അതും പരിപൂർണ്ണ സംശയരഹിതം 
രണ്ടും നമ്മുടെ പ്രഗാബല മുനീശ്വരൻറെ 
അനുഗ്രഹം🙏🙏

കഷ്ടതരമായ കാര്യമതല്ല,  ഇത്തരം എത്രയെത്ര ഗ്രന്ഥങ്ങൾആരുമറി- യാതെ,  ആരാലും ശ്രദ്ധിക്കപ്പെടാതെ,  മുക്കിലും മൂലയിലും കെട്ടി മൂടപ്പെട്ടു കിടക്കുന്നു,  എത്രയെത്ര അറിവുകൾ  ചിതലെടുത്തു പോയി.  അവയിൽ കാൻസർ,  കിഡ്നിത്തകരാറുകൾ,  ഹാർട്ടറ്റാക്ക് തുടങ്ങി എത്രയെത്ര മാരക രോഗങ്ങളെത്തുരത്താനുള്ള  മണ്മറഞ്ഞ നമ്മുടെ ഋഷിവര്യൻമാരുടെ അനുഗ്രഹങ്ങളായ എത്രയെത്ര ദിവ്യൌഷധക്കൂട്ടുകൾ ഉണ്ടായിരുന്നൂ!!🙏🙏🙏

( ഇതിലെ കഥാപാത്രങ്ങളും സംഭ്യവങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം
"കഥയിൽ ചോദ്യമില്ല കളിയിൽ കാര്യമില്ല.അതാണ് ഇത് വായേതോന്നീതെഴുതീതാണേയ്🤭😄😄😄 "  ഒരു coment )


്‌


Tuesday, September 10, 2024

വഴി വാക്കുകൾ

വീഴാതിരിക്കാൻ പഠിക്കണം
വീണാലെണീക്കാൻ
                              പഠിക്കണം
തളരാതിരിക്കാൻ പഠിക്കണം
തളരുന്ന പേശികളിൽ ഊർജ്ജതൻമാത്ര-
യായ്പ്പടരാൻ പഠിക്കണം
ദിശതെറ്റിയലയുമ്പോൾ
വഴികാട്ടിടാനൊരു
നക്ഷത്രമെങ്ങോ തിളങ്ങി
നിൽക്കുന്നതറിയണം
നേരം വീണ്ടും പുലരുമെന്നറിയണം,
ചിരിതൂകിനിൽക്കുന്ന
പൂക്കളെ,  കളകളംപാടും 
കിളികളെ,  മന്ദമൊഴുകിടം 
പുഴകളെ,  വളരുംപുൽ-
ക്കൊടികളെക്കാണാൻ-
                               പഠിക്കണം,  
കുളിർകാറ്റിനെത്തഴുകി-
യൊഴുകാൻപഠിക്കണം
നേരിനെയറിയണം,  പൊരു-
ളേതെന്നറിയണം,  പതിരേതെന്നറിയണം,
മറക്കേണ്ടതെല്ലാം മറക്കാൻ പഠിക്കണം,  പൊറുക്കാൻ പഠിക്കണം,  പഠിക്കേണ്ട- തെല്ലാം പഠിക്കാൻ പഠിക്കണം,
ദിക്കെത്തിടുംവരെ
ത്തുടരണം യാത്രനീ!
      .                              എൻമംഗലം

               

                  

Monday, August 26, 2024

ഏടതൃമ്മ

ഏടത്ത്യമ്മെപ്പറ്റി എഴുതാൻ മോഹം.  മാറ്റാരെപ്പറ്റി എഴുതണേക്കാളും വിഷമം എടത്ത്‌യമ്മയെക്കുറിച്ചെഴുതാനാണ്.  കാരണം എട്ത്ത്യമ്മ സ്നേഹമാണ്,  പ്രകടിപ്പിക്കാത്ത ,  ഒളിച്ച് സ്സൂക്ഷിച്ച  സ്നേഹമാണ്. 

ഏടത്യമ്മ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപവും ശബ്ദവും "കുട്ടാ"  എന്ന ഉരത്തുള്ള ഒരു വിളി,  ശുണ്‌ഠി പിടിച്ചതാണെന്ന് തോന്നിക്കുന്ന ഭാവം.
അന്ന് അകത്തുള്ളത്  വല്യമ്മ, ഏടത്തിയമ്മ എന്ന രണ്ടു വിധവമാർ, ഒരുമുത്തശ്ശൃമ്മ നേരെയുള്ളത്,  രണ്ട് ചെറിയ മുത്തശ്യമ്മമാർ (മുത്തശ്ശൻ്റെ രണ്ടാമത്തേയും മൂത്താമ ത്തേയും ഭാര്യമാർ-- അഫൻ്റമ്മമാർ),  പിന്നെ അമ്മ, ചെറിയമ്മമാർ.   ഇവർക്കാർക്കും ഏടത്തിഅമ്മയുടെ അത്ര ശബ്ദമില്ല ,  ശൗര്യവുമില്ല എന്നാണ്  തോന്നുന്നത്.   .  (അമ്മക്ക് ശബ്ദമുണ്ട്,  പക്ഷെ അടുക്കളയിൽ ആദ്യവസാനം കുറവ്).  ഏടത്യമ്മ കാക്കയെ ആട്ടുന്ന അതേ ശബ്ദത്തിലും ക്രൌര്യത്തിലും തന്നെ യാണ് ദേവകിയെ ചീത്ത പറയുന്നതും
    " കുട്ടാ!"എന്ന്,  കാലുരച്ചു.  കഴുകാൻ,  .എന്നെ വിളിക്കുന്നതും.  
കാറ്റുകാലമായാൽ ചുരമാന്തിപ്പൊട്ടി കാലു പഴുക്കും.  മുട്ടിനു താഴെ പഴുത്തൊലിക്കും.  അതുരച്ചു കഴുകി മരുന്നു പുരട്ടാൻ ഏടത്യമ്മ വേണം.   പരിചരണം!'

പലർക്കും മാറി മാറി  വസൂരി വന്നപ്പോൾ ചിറക്കൽ ഭഗവതീടെ വെളിച്ചപ്പാട് വന്ന് ഉറഞ്ഞുതുള്ളി നന്മവരുത്തി.  മൂന്ന് ചെണ്ട, ഒരു എലത്താളം, വെളിച്ചപ്പാട്.   വെളിച്ചപ്പാടിൻ്റെരൂ- 
പം മാത്രമെ ഓർമ്മയിൽ കുറച്ചെങ്കിലുമുള്ളു.  പറക്കു വരാറുള്ള അതേ വെളിച്ചപ്പാട്
 തന്നേയാണ്..... മെലിഞ്ഞ് നെഞ്ചിലെ എല്ലെല്ലാം പുറത്തു കാട്ടി,   എല്ലുകൾക്ക് താഴെ പ്പെട്ടെന്നു ഒട്ടിച്ചേർന്ന വയർ,  മുന്നോട്ട് തെല്ല് വളഞ്ഞ്,  അര മണിയുടെ  ഭാരം പോലും താങ്ങാൻ ആവതില്ലാത്ത ശരീരം!  എതു വസൂരി വീട്ടിലും ധൈര്യമായി കയറിച്ചെല്ലാം,  ആവെളിച്ചപ്പാടിന്.  ഏതു വസൂരി അണുവും ആ ശരീരത്തിൽ ക്കയറാൻ തെല്ലൊന്ന് ഭയക്കും,  മുഴുപ്പട്ടിണി ആയാലോ?  വാളിൻ തുമ്പത്തരിവെച്ച് കണ്ണടച്ച്  വെളിച്ചപ്പാട് പ്രാർത്ഥിച്ച് നടന്നരിയെറിഞ്ഞു-- നാലിറയത്തും വേറെ വേറെയെറിഞ്ഞു, മച്ച്,  വടക്കിനി, അടുക്കള, മേലടുക്കള,  കെഴു ക്കിനി,  തൊട്ടിയേറ, എടാഴി,,,,,....."പേടിക്കണ്ട. പേടിക്കണ്ട!" ഏടതൃമ്മ കുട്ടികൾക്ക് ധൈര്യംതന്നു.

പിന്നീട് ഒരു കളം  പാനയും ഇവിടെ വച്ചു നടത്തി.  പാന കാണാൻ ഉത്സാഹപൂർവ്വം ഞങ്ങൾ കാത്തിരുന്നു. ഉച്ചക്ക് മുമ്പ്തന്നെ പാനക്കാർ വന്നു.  തെക്കിനിയിൽ നാല് കാല്നാട്ടി  അരങ്ങ്തൂക്കി.....
 സന്ധ്യക്കു മുറ്റത്തൊരു ചെണ്ട കൊട്ട്.  ഞങ്ങൾ അതുതന്നെ കണ്ടുനീന്നൂ.
"അത് തായമ്പകയാണ് കുട്ടി ഓളേ!  നിങ്ങള് വന്ന് ഊണ് കഴിച്ചോളേൻ"   ഏടത്തിയമ്മയുടെ ശബ്ദം.   ഓഹ്!  തായമ്പക പാനയുടെ പ്രധാന ഇനമല്ല. കുട്ടികൾക്കുള്ളതുമല്ല. 
 അകത്ത് തെക്കിനിയിൽ
 പാനപ്പന്തലിൽ ആണ് പാന..  പാനക്ക് പന്തലിൽ കളമെഴുത്തുണ്ടോ?  ഓർമ്മയില്ല.   അരങ്ങുണ്ട്, തിരൂടാടയുണ്ട്.  ഞങ്ങൾ പാനകാണാൻ കാത്തിരുന്നു. വെളിച്ചപ്പാടിൻ്റെ പൂജ,  പൂജയ്ക്കിടക്ക് ചെണ്ടയുടെ വലന്തല.  പന്തലിൻ്റെ വലതുവശത്ത് ചെണ്ട കിടത്തി വെച്ച് താളം പിടിച്ച് ചെണ്ടക്കാരുടെ  ഒടുങ്ങാത്ത പാട്ട്.   ഇടക്ക് ശരിക്കുള്ള ചെണ്ടകൊട്ട്,  വീണ്ടൂം പാട്ട്....... ഉറക്കംവരുന്നുണ്ടോ.... വീണ്ടും ഏടത്ത്യമ്മ!  "ഒറക്കം വരുണുണ്ടെങ്കിൽ ഒറങ്ങിക്കോളിൻ!  പൂക്കലചാട്ടം കലാവുമ്പോ വിളിക്കാം."  കുട്ടികളുടെ കാര്യങ്ങൾ ഏട്ടത്യ- മ്മക്കറിയാം.   ഏടത്യമ്മ വിളിച്ചുവോ? പൂക്കല കുത്തിച്ചാട്ടം കണ്ടുവോ?  ഒന്നുമോർമ്മയില്ല.  ഏടത്തിയമ്മയെ ഓർമ്മയുണ്ട്.  

ഓനിച്ചിരിക്കുന്ന കാലം.  പപ്പടം പാടില്ല, വറുത്ത ഉപ്പേരി  പാടില്ല.
അങ്ങാടിവെളിച്ചെണ്ണയിൽ വറുത്തെടുത്തതൊന്നും പാടില്ല, പല പല "പാടില്ല"കളുടെ
 കാലം. എല്ലാവരും  പപ്പടവും ഉപ്പേരിയം കൂട്ടി ഉണ്ണുമ്പോൾ ഞങ്ങൾ ഓനിച്ചുണ്ണികൾ, ശങ്കരഫനും ഞാനും,  മാത്രം പപ്പടം കൂട്ടാതെ.... ഏത്യമ്മക്ക് സഹിക്കില്ല. ഏടത്യമ്മ പപ്പടം കൈയിലിട്ട് പൊടിച്ച്, ആരും കാണാതെ ഇലയിലിട്ട് തരും.  "കൂട്ടിക്കോ! കൂട്ടിക്കോ!"  ആ ഉരത്ത,  മയമില്ലാത്ത സ്വരം.  രഹസ്യമായി വറുത്ത ഉപ്പേരി തരുമ്പോഴും അതേ ശബ്ദം.
ആണ്ടുവ്രതകാലം.  ഒരു കൊല്ലം മുഴുവൻ മുടിവെട്ടാൻ പാടില്ല.  മുടി നീണ്ട് നീണ്ട് വന്നു. വേറെടുക്കില്ല  ഒരു ശ്രദ്ധയുമില്ല.   നിറയെ പേനുകൾ!   പിന്നീട് മുടി ജട കെട്ടാൻ തുടങ്ങി.  നാറാൻ തുടങ്ങി.....    
  "കുട്ടാ"  സ്നേഹം മൂടി വെച്ച ആ പരുപരുക്കൻ വിളി!  കിഴക്കുഓറത്ത്  ഇറയത്തു  പിടിച്ചിരുത്തുന്നു.  ജടകെട്ടിയ മുടി,  വെളിച്ചെണ്ണ,... മുടിയിഴകളോരോന്നായി വേർപെടുത്തി പേനുകളെ വേട്ടയാടിപ്പിടിച്ച് ......
    ഇയിയെന്താ പറയൂക എടത്യ- മ്മയെക്കുറിച്ച്? എങ്ങനെ പറയണം ഏത്യമ്മയെക്കുറിച്ച്??🙏🙏🙏
ഒന്ന് മാത്രം പറയാം.  ആ സ്നേഹം അന്ന് ഞാൻ  മനസ്സിലാക്കിയിരുന്നില്ല.  എന്നോട് മാത്രമായിരുന്നോ സ്നേഹം,  നാരായണൻ എന്ന പേരു മൂലം,  24ആം വയസ്സിൽ മരിച്ച  നാരായണൻ എന്നു പേരായ തന്റെ നമ്പൂരിയെ ഓർത്ത്.  അതോ "ഉണ്ണി"കളെ മുഴുവൻ ഇഷ്ടമായീരുന്നുവോ?  അതോഎല്ലാകുട്ടികളേയും?  കുന്നത്തൂരെ ദേവകി/ആമ്പിടി സരസ്വതി-മാലതിയടക്കം??

തറവാട് ഭാഗം.    ഭാഗത്തിൽ ഏടതൃമ്മ നീലാണ്ടഫന്റെ കൂടെയാണ്.  ആദ്യം പുരപണിത് മാറിത്താമസിച്ചത് രാമഫനാണ്.  തറവാട്ടിലെ തിരക്ക് ഒഴിയാൻ തുടങ്ങി.  താമസിയാതെനീലാണ്ട-
ഫനും.  ഏടത്ത്യമ്മക്ക്  തീരെ പൊരുത്തപ്പെടാൻ ആവാത്ത അന്തരീക്ഷം.  പുതിയ വീട്ടിൽ ബഹളം വേണ്ട.  തന്റെ തിരക്ക് പിടിച്ച പ്രവർത്തികൾ ആവശൃമില്ല.    ഏടത്തൃമ്മയുടെ ധൃതി കുറഞ്ഞു.  ശബ്ദം താണു.  പിന്നീട് പിന്നീട് ഏടതൃമ്മ തീരെ മിണ്ടാതായി.  1970ൽ മരിക്കുമ്പോൾ ഞാൻ സ്ഥലത്തില്ല എന്നാണ് ഓർമ്മ

(എന്റെ മുതുമൂതു മൂത്തശ്ശന്റെ-- മുത്തശ്ശന്റെ മുത്തശ്ശൻ-- മൂന്നാമത്തെ ഭാര്യയിൽജ്ജനിച്ച മകന്റെ മകന്റെ ഭാരൃയായിരുന്നു ഞങ്ങൾ ഏടത്യമ്മ  എന്നു വിളിച്ചിരുന്ന ഞങ്ങൾടെ വല്യ മുത്തശൃമ്മ.   ആ വല്യ  മുത്തശ്ശൻ  തന്റെ 24ആം വയസ്സിൽ തലേത്തട്ടി,  കോളറ,  ബാധിച്ച് മരിച്ചു.)