Wednesday, July 19, 2023

ഉത്തമാരോഗ്യം എങ്ങിനെ?

ഉത്തമമായ ആരോഗ്യം (Optimal Health) എങ്ങിനെ?

  കുറെ വ്യായാമം ചെയ്താൽ ഉത്തമാരോഗ്യ വാനാകുമോ?  അതോ കുറെ പച്ചക്കറികൾ തിന്നാൽ മതിയോ ?  കറ്റാർവാഴ, നെല്ലിക്ക, മഞ്ഞൾ തുടങ്ങിയ സൂപ്പർ 
ഫുഡുകൾക്ക്  നമ്മളെ ഉത്തമ ആരോഗ്യവാൻമാരാക്കാൻ , കഴിയുമോ?  ഒരിക്കലുമില്ല,  എന്നാൽ ഇവക്കെല്ലാം  സഹായിക്കാനാകും
 എന്നതാണ് ഉത്തരം.

    നമ്മുടെ ആരോഗ്യത്തിന്റെ സൗധം കെട്ടിയുയർത്തിരിക്കുന്നത് പ്രബലമായ നാലു നെടും തൂണുകളിലാണ്.
 
ഒന്നാമത്തേത്  ആരോഗ്യമുള്ള മനസ്സ്.   നമ്മുടെ ശരീരത്തിന്റെ മുഴുവൻ  പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത് നമ്മുടെ മനസ്സാണ്.  എന്ത് എപ്പോൾ എങ്ങിനെ ചെയ്യണം, എന്ത് ചെയ്യാതിരിക്കണം തുടങ്ങി എല്ലാ  തീരുമാനങ്ങൾ എടുക്കുന്നതും  ചെയ്യിക്കുന്നതുമെല്ലാംതന്നെ മനസ്സാണ്.  ഏറ്റവും മുന്തിയ വാഹനംതന്നെയായിക്കോട്ടെ, (Volvo--S60?)  ഡ്രൈവർ  ശരിയല്ലെങ്കിൽ?   നല്ല   ആരോഗ്യമുള്ള ശരീരം നിലനിൽക്കാൻ നിർബ്ബന്ധമായും ആരോഗ്യമുള്ള മനസ്സ്  ആവശ്യമാണ്!   മറിച്ചും! ആരോഗ്യമുള്ള ശരീരത്തിന്  ആരോഗ്യമുള്ളമനസ്സ്!! 
നമ്മുടെ മനസ്സിന്റെ അനന്തസാദ്ധ്യതകൾ ഉപയോഗിക്കുക!,   മാനസിക പിരിമുറുക്കം,  ഭയം,  സങ്കടം  എന്നിവ കൈകാര്യം ചെയ്യാനുള്ള മിടുക്ക്!,  ഏതു സന്ദർഭങ്ങളിലുമടങ്ങിയ നല്ല വശങ്ങൾ കണ്ടെത്താനുള്ള വാസന!,  മനശ്ശാന്തി,  സന്തോഷം,  നർമ്മബോധം,  ചിരി!......ഇവയെല്ലാമാണ്  ആരോഗ്യമുള്ള മനസ്സിന്റെ ലക്ഷണങ്ങൾ.   ഇവയെല്ലാം തന്നെ പരിശീലിച്ചെടുക്കാവുന്നതുമാണ്.


 രണ്ടാം നെടുംതൂണ്  വ്യായാമമാണ്.  പരിപൂർണ്ണ ആരോഗ്യത്തിന് ചിട്ടയായ ഒരു വ്യായാമമുറ പിന്തുടരേണ്ടതുണ്ട്.   വാമിങ് അപ്,  എയറോബിക്,  സ്റ്റ്രെങ്തു് ട്രെയിനിങ്,  സ്‌റ്റ്രെച്ചിങ്, ഒടുവിൽ വിശ്രമാവസ്ത.... ഇവയെല്ലാം ക്രമപ്പെടുത്തിയ ഒരു വ്യായാമം ആഴ്ചയിൽ 150 മിനുട്ടെങ്കിലും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന.  ഇതിലൂടെ ഹൃദയാരോഗ്യം  വർദ്ധിക്കുന്നു,  ശരീര ഭാരം കൂടാതിരിക്കാൻ സഹായിക്കുന്നു,  ശാരീരികവും മാനസികവുമായ  പ്രവർത്തന മികവ് കൈരിക്കാൻ സഹായിക്കുന്നു,  എന്തിനും മീതെ സുഖ സുഷുപ്തിയെ സഹായിക്കുന്നു.   ഏതൊരാൾക്കും വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമമുറകളുണ്ട്. 

 നെടും തൂൺ മൂന്ന്: ഉറക്കം.
വ്യായാമത്തിന്റെ അത്രയും പ്രാധാന്യം വിശ്രമത്തിനുമുണ്ട്.  ദിവസേനന ഏഴ/എട്ട് മണിക്കൂർ ഉറങ്ങണം!  ഒരു ദിനത്തിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്നുള്ള മോചനം,  റിപ്പയർ,  നശിച്ചു പോയ കോശങ്ങളുടെ പുനർനിർമ്മാണം എന്നിവക്ക് ഉറക്കം  അനിവാര്യമാണ്.

നെടുന്തൂൺ  നാല്,  ഭക്ഷണം
  നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ തൻമാത്രകൾ ചേർന്ന് കോശങ്ങൾ നിർമ്മിക്കപ്പെടുന്നു,  കോശങ്ങൾ കലകളെ(Tissues) നിർമ്മിക്കുന്നു,  കലകൾ ചേർന്നു അവയവങ്ങൾ,  അവയവങ്ങൾ ചേർന്ന് വ്യൂഹങ്ങൾ (Systems)!!!  സ്കെലെക്ടൽ  സിസ്റ്റം,  പേശീ വ്യൂഹം,  രക്ത ചങ്ക്രമണവ്യൂഹം,  നാഡീവ്യൂഹം തുടങ്ങി പല പല വ്യൂഹങ്ങൾ പരസ്പര ബന്ധിതമായി അഹോരാത്രം അവരവരുടെ കൃത്യം നിർവ്വഹിച്ചു പോരുന്നു.   ഇതിനെല്ലാം ആധാരം നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകഘടകങ്ങളാണ്.  അതുകൊണ്ട് തന്നെ,  നാം എന്ത്,  എത്ര,  എപ്പോൾ, ' എങ്ങിനെ,  കഴിക്കണം എന്നീ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

  എല്ലാം ശീലങ്ങളാണ്,  ആരോഗ്യത്തിൽ തൽപ്പരരായ ഏതൊരാൾക്കും ശീലിച്ചെടുക്കാവുന്നവയുമാണ്.  തീരുമാനമെടുക്കലാണ് കാര്യം
 

No comments:

Post a Comment