Sunday, April 14, 2019

ഗുരുകഥാവലി രണ്ട്

ആരാണ് സംപൃപ്തൻ, ഗുരോ?

ഗുരു കഥ പറഞ്ഞു:   ഗുരുപുരത്തെ വൃദ്ധസദനത്തിലെ അന്തേവാസികളിൽ ഒരാൾ തീരെ കിടപ്പാണ്.   എണീറ്റിരിക്കാൻ കഴിയുന്ന മറ്റൊരന്തേവാസി ജനലരികിൽ വന്നിരിക്കും.   അയാൾ ജനൽതുറന്ന് പുറത്തേക്ക് നോക്കി പുറത്തെ കാഴ്ചകൾ ഒന്നൊന്നായി കിടക്കുന്നയാൾക്ക് വിവരിച്ചു കൊടുക്കും.
"തടാകം,  തടാകത്തിൽ നീന്തി നടക്കുന്ന അരയന്നങ്ങൾ,  പൂത്തു നിൽക്കുന്ന വാകമരം, ഓടിക്കളിക്കുന്ന കുട്ടികൾ...നിറയെ സുന്ദരമായ ദൃശ്യങ്ങൾ."  കിടപ്പായ അന്തേവാസി വിവരണത്തിന്റ മാധുര്യം ആവോളം നുണയും. 
തന്റെ കട്ടിൽ ജനലരികിലേക്ക് മാറ്റിയിട്ടുതരാൻ പരിചാരകരോടയാൾ ഒരുദിനം അഭ്യർത്ഥിക്കുന്നു ,   പുറംകാഴ്ചകൾ നേരിൽക്കണ്ട് ആനന്ദിക്കാമല്ലൊ!! ജനലരികിലെത്തി പുറത്തേക്കയാൾ എത്തിനോക്കി.  അയാൾ അന്തംവിട്ടു.   തടാകമില്ല, അരയന്നങ്ങളില്ല, കുട്ടികളില്ല..,.. ഉള്ളത് വെറും  മൊട്ടപ്പറമ്പ്,  വിജനത,  നിശ്ശബ്ദത,  നിശ്ചലത,  കട്ടി പിടിച്ച വിരസത!! ......

അയാൾ പരിചാരകരോടാരാഞ്ഞു : എന്തിനയാൾ ഇങ്ങിനെയൊക്കെ പറയുന്നു?  പരിചാരകർ പറഞ്ഞു  "അയാൾ ഒരന്ധനാണ്!! അയാളുടെ വിവരണം കേൾക്കുമ്പോൾ  താങ്കൾ സന്തോഷിക്കുകയായിരുന്നുവല്ലൊ! താങ്കളുടെ ആ സന്തോഷമാണ് അയാളുടെ സംതൃപ്തി!"

അന്യരെ സന്തോഷിപ്പിക്കാൻ ആകുന്നവനത്രെ ഏറ്റവും വലിയ സംതൃപ്തൻ!!!