Thursday, April 30, 2020

ഗുരകഥാവലി 8

മഴയുടെ ദേവൻ ദേവേന്ദ്രൻ പണ്ടൊരിക്കൽ കർഷകരുമായൊന്നിടഞ്ഞു.

" പന്ത്രണ്ട്കൊല്ലം  മഴയില്ലാതെ പോകട്ടെ!!"   ദേവേന്ദ്രൻ ശപിച്ചു. കർഷകർക്ക് വിഷമമായി. മഴയില്ലാതെ എങ്ങിനെ കൃഷിയിറക്കും?   അവർ ശാപമോക്ഷത്തിനായി അപേക്ഷിച്ചു.  
" ശരി. ഇളവു തരാം.  ശിവൻ എന്ന് ഡമരു മുഴക്കുന്നുവോ,  അന്ന് മഴ പെയ്യും"
എന്നാൽ ദേവേന്ദ്രൻ ശിവനെ നേരത്തെത്തന്നെ കണ്ട് ഒരു രഹസ്യധാരണ ഉണ്ടാക്കിയിരുന്നു :  പന്ത്രണ്ട് കൊല്ലം അദ്ദേഹം ഡമരു മുഴക്കില്ല!  

കൃഷിക്കാർ ശിവനെ കണ്ടു.  ഡമരുമുഴക്കാൻ ശിവനോടപേക്ഷിച്ചു.  ശിവന്റെ ഉത്തരം നിരാശാജനകം.  കർഷകർ ഹതാശരായി മടങ്ങി.
ഒന്നും ചെയ്യാനില്ലാതെ,  എന്ത് ചെയ്യണമെന്നറിയാതെ കൃഷിക്കാർ വീടുകളിൽ മടിപിടിച്ചിരുപ്പായി.  എന്നാൽ ഒരുകൃഷിക്കാരൻമാത്രം വെറുതെയിരുന്നില്ല.  അയാൾ വരണ്ട മണ്ണുഴുതുമറിച്ചൂ, വരമ്പ്ചെത്തിക്കോരി.... അയാൾ ദിവസവും 
കൃഷിപ്പണികൾ  തുടർന്നുകൊണ്ടേയിരുന്നു.  ഇത്കണ്ട മറ്റുകൃഷിക്കാർക്ക് തമാശയായി.  അവർ ചോദിച്ചു  "പന്ത്രണ്ടു കൊല്ലം കഴിഞ്ഞു കൃഷിയിറക്കാൻ ഇന്നേ നിലമൊരുക്കണോ?"
അയാൾ ഉത്തരം നൽകി
"പന്ത്രണ്ടു കൊല്ലം പണിയെടുക്കാതിരുന്നാൽ നമ്മൾ പണി മറന്നുപോകില്ലേ?  മഴവരുമ്പോഴേക്കും പണികൾ മറന്നാൽ പിന്നെ എങ്ങിനെ നാം കൃഷിയിറക്കും??

കൃഷിക്കാരന്റ ഈ മറുപടി ശ്രീപാർവ്വതി കേൾക്കാനിടയായി.  അവർക്ക് ഭയമായി,..പന്ത്രണ്ട് കൊല്ലം ഡമരു മുഴക്കാതിരുന്നാൽ തന്റെ ഭർത്താവ് ഡമരുമുഴക്കൽ മറന്നുപോകില്ലേ? 
ശ്രീപാർവ്വതി പ്രിയതമന്റെ  അടുത്തെത്തി വിഷയം അവതരിപ്പിച്ചു....... ശരിയാണല്ലൊ,  ശിവനും തോന്നി.  പരമശിവൻ ഡമരു കയ്യിലെടുത്തൊന്ന് ചലിപ്പിച്ചുനോക്കി,  താൻ മറന്നിട്ടില്ലല്ലൊ? 
ഡ്ം..ഡ്ം.. ദിക്ക്പൊട്ടുമ്മട്ട് പ്രപഞ്ചതാളത്തിൽ ഡമരുമുഴങ്ങാൻ തുടങ്ങി!!  മഴമേഘങ്ങൾ ജീവജലമായി, കുളിർനീരിയി മണ്ണിലേക്കിറങ്ങിവന്നൂ....

(നിലമൊരുക്കാൻ മറക്കേണ്ട!!  കോവിഡ്  പടിയിറങ്ങും......)